തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ രഹസ്യമൊഴിയുടെയും വെളിപ്പെടുത്തലുകളുടെയും അടിസ്ഥാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെയും കുടുംബാംഗങ്ങളെയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്യുമോയെന്ന് ഉറ്റുനോക്കി രാഷ്ട്രീയ കേരളം.
സ്വർണക്കടത്തിൽ ഇ.ഡിയുടെ അന്വേഷണം മാത്രമാണ് ഇതുവരെ അവസാനിക്കാത്തത്. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയെക്കൂടി പ്രതിക്കൂട്ടിലാക്കുന്നനിലയിൽ പ്രതിപക്ഷം ഒത്തുകളി ആരോപണം ഉന്നയിച്ച സാഹചര്യത്തിൽ കേന്ദ്ര ഏജൻസി മുഖ്യമന്ത്രിയെ ചോദ്യം ചെയ്യാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നാണ് നിയമവൃത്തങ്ങൾ നൽകുന്ന സൂചന.
സ്വപ്നയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇ.ഡിക്ക് മുഖ്യമന്ത്രിയെയും കുടുംബാംഗങ്ങളെയും ചോദ്യം ചെയ്യാന്‍ നിയമപരമായി സാധിക്കുമെന്നും നിയമജ്ഞർ പറയുന്നു. ക്രിമിനല്‍ നടപടിച്ചട്ടത്തിലെ 164ാം വകുപ്പനുസരിച്ച് സാക്ഷികളില്‍നിന്നും പ്രതികളില്‍നിന്നും മജിസ്ട്രേറ്റ് കോടതി മൊഴി രേഖപ്പെടുത്തും. സാക്ഷിയാണെങ്കില്‍ മൊഴിയും പ്രതിയാണെങ്കില്‍ കുറ്റസമ്മതമൊഴിയുമാണ്. രഹസ്യമൊഴി മജിസ്ട്രേറ്റിന്റെ ഉത്തരവാദിത്തത്തില്‍ സൂക്ഷിക്കും. രേഖാമൂലം അപേക്ഷ നല്കി അന്വേഷണ ഏജൻസിക്ക് പകർപ്പ് നേടാനും സാധിക്കും.
അത്തരത്തിൽ ഇ.ഡിക്ക് സ്വപ്നയുടെ കുറ്റസമ്മത മൊഴിയുടെ പകര്‍പ്പെടുക്കാം. ക്രിമിനല്‍ നടപടിച്ചട്ടത്തിലെ 173(8) വകുപ്പനുസരിച്ച് തുടരന്വേഷണം നടത്താനും സാധിക്കും. കോടതിയുടെ അനുമതി ആവശ്യമില്ലെന്നും ഇക്കാര്യം അറിയിച്ചാല്‍ മതിയാകുമെന്നും ചൂണ്ടിക്കാട്ടുന്നു. രഹസ്യമൊഴിയില്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനും ഉദ്യോഗസ്ഥര്‍ക്കുമെതിരെ സ്വപ്ന പറഞ്ഞ കാര്യങ്ങളില്‍ തെളിവ് കണ്ടെത്താൻ അന്വേഷണ ഏജന്‍സിക്ക് അവരെ ചോദ്യം ചെയ്യാം. നുണപരിശോധനക്ക് തയാറാണെന്ന് സ്വപ്ന പറഞ്ഞാൽ ആ മാര്‍ഗവും സ്വീകരിക്കാം.
കേസുമായി ബന്ധപ്പെട്ട് തെളിവ് ലഭിച്ചാല്‍ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുക്കാനും ആവശ്യമെങ്കിൽ അറസ്റ്റ് ചെയ്യാനും സാധിക്കും. തെളിവില്ലെങ്കിൽ ക്രിമിനല്‍ നടപടിച്ചട്ടത്തിലെ 169ാം വകുപ്പനുസരിച്ച് കോടതിയെ അക്കാര്യം അറിയിക്കാം. ക്രിമിനല്‍ കേസായതിനാല്‍ മുഖ്യമന്ത്രിയെ വിചാരണ ചെയ്യാന്‍ ക്രിമിനല്‍ നടപടിച്ചട്ടത്തിലെ 197ാം വകുപ്പനുസരിച്ചുള്ള സര്‍ക്കാര്‍ അനുമതി ആവശ്യമില്ല. ഔദ്യോഗിക കൃത്യനിര്‍വഹണവുമായി ബന്ധപ്പെട്ട കേസാണെങ്കില്‍ അന്വേഷണ ഏജന്‍സികള്‍ സര്‍ക്കാര്‍ അനുമതി തേടാറുണ്ട്. എന്നാൽ, ക്രിമിനല്‍ കേസില്‍ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യാനും വിചാരണ നടത്താനും കോടതിയുടെ അനുമതിയും ആവശ്യമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.