കൊച്ചി: സ്വർണക്കടത്ത് കേസിൽ കാരാട്ട് റസാഖ് എം.എൽ.എയെ കേന്ദ്രീകരിച്ച് കസ്റ്റംസ് രഹസ്യാന്വേഷണം. മുഖ്യപ്രതികളിലൊരാളായ സന്ദീപ് നായരുടെ ഭാര്യ സൗമ്യ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണിത്. പ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് നായർ എന്നിവർക്കെതിരെ കൊഫേപോസ ചുമത്തണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് കസ്റ്റംസ് നൽകിയ അപേക്ഷയിലാണ് സൗമ്യയുടെ മൊഴി പരാമർശിക്കുന്നത്. അതേസമയം സൗമ്യയുടെ മൊഴി ഉദ്ധരിച്ച് കാരാട്ട് എന്നല്ല, കാനാട്ട് റസാഖ് എന്നാണ് റിപ്പോർട്ടിലുള്ളത്. എം.എൽ.എ എന്ന് ചേർത്തിട്ടുമില്ല.
ജൂലൈ എട്ടിനാണ് കൊച്ചി കസ്റ്റംസ് ഓഫിസിൽ സൗമ്യയുടെ മൊഴിയെടുത്തത്. സ്വർണക്കടത്ത് നടത്തിയത് എങ്ങനെയെന്നും സന്ദീപ് നായരുടെ പങ്ക് ഏത് തരത്തിലായിരുന്നുവെന്നുമാണ് ചോദിച്ചറിഞ്ഞത്. നയതന്ത്ര ബാഗേജ് വഴി കടത്തുന്ന സ്വർണം സ്വീകരിച്ച് വേർതിരിക്കുന്നത് സന്ദീപാണെന്ന് സൗമ്യ മൊഴി നൽകിയിരുന്നു. സന്ദീപിന് സ്വപ്നയടക്കം പ്രതികളുമായി നേരിട്ട് ബന്ധമുണ്ടെന്നും വ്യക്തമാക്കിയിരുന്നു. സ്വർണക്കടത്ത് റമീസിന് വേണ്ടിയായിരുന്നെന്നും അയാളുമായി ബന്ധപ്പെട്ട് മറ്റ് രണ്ടുപേരുണ്ടെന്നും മൊഴിയിൽ പറഞ്ഞെന്നാണ് കസ്റ്റംസ് നൽകുന്ന വിവരം. ഇവർ കൊടുവള്ളി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കള്ളക്കടത്ത് സംഘാംഗങ്ങളാണെന്നും പറയുന്നു.
കാരാട്ട് ഫൈസലിനും റസാഖിനും വേണ്ടിയാണ് സന്ദീപ് നായരും സ്വപ്ന സുരേഷുമടങ്ങുന്ന സംഘം സ്വർണം കടത്തിയത് എന്ന് സൗമ്യ മൊഴി നൽകിയതായാണ് റിപ്പോർട്ടിലുള്ളത്. റസാഖിന് നേരിട്ട് പങ്കുണ്ടോ എന്ന് അറിയില്ലെന്നും പേര് പറഞ്ഞ് േകട്ടിരുന്നെന്നും സൗമ്യ മൊഴി നൽകിയിട്ടുണ്ടെന്നാണ് കസ്റ്റംസ് പറയുന്നത്. അന്വേഷണം പുരോഗമിക്കുകയാണ്. കാരാട്ട് റസാഖിനെക്കുറിച്ച് തെളിവുകളോ മറ്റ് മൊഴികളോ ലഭിക്കാത്തതിനാലാണ് കസ്റ്റംസ് ചോദ്യം ചെയ്യാൻ പോലും വിളിപ്പിക്കാത്തത്.
പ്രതികൾ തമ്മിൽ നടത്തിയ ഫോൺവിളി, വാട്ട്സ്ആപ്പ്, ടെലിഗ്രാം ചാറ്റുകളുടെ വിവരങ്ങൾ ലഭിച്ചാൽ കൂടുതൽ തെളിവുകൾ ലഭിച്ചേക്കാമെന്നാണ് കസ്റ്റംസ് വിലയിരുത്തൽ. എന്നാൽ, ഇവ റമീസിെൻറ ഫോണിലായിരുന്നു. സ്വർണക്കടത്ത് പിടിച്ച അടുത്ത ദിവസംതന്നെ ഇയാൾ ഫോൺ നശിപ്പിച്ചെന്നും കസ്റ്റംസ് പറയുന്നു. കൊടുവള്ളി കേന്ദ്രീകരിച്ചുള്ള ഏതാനും ആളുകൾ അറസ്റ്റിലായിരുന്നു. ഇവരുടെ മൊഴി വിശദമായി രേഖപ്പെടുത്തിയിരുന്നെങ്കിലും എം.എൽ.എക്കെതിരെ പരാമർശമില്ലെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.