തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ സ്വയംഭരണ േകാളജുകൾ വേണ്ടെന്ന നയം സർക്കാർ തിരുത്തി. ഗതികെട്ട് 24 എൻജിനീയറിങ് കോളജുകൾക്ക് യു.ജി.സിയുടെ സ്വയംഭരണപദവിക്ക് അേപക്ഷിക്കാൻ നിരാക്ഷേപ പത്രം (എൻ.ഒ.സി) അനുവദിച്ച് സർക്കാർ ഉത്തരവിട്ടു. ഇതിൽ 23 കോളജുകൾ സർക്കാർ, സർക്കാർ നിയന്ത്രിത സ്വാശ്രയ കോളജുകളും ഒരു കോളജ് സ്വകാര്യ എയ്ഡഡ് കോളജുമാണ്.
കൊല്ലം ടി.കെ.എം എൻജി. കോളജ് ആണ് എയ്ഡഡ് മേഖലയിൽനിന്ന് അനുമതി ലഭിച്ച ഏക കോളജ്. കേന്ദ്രസർക്കാർ നടപ്പാക്കുന്ന ടെക്നിക്കൽ എജുക്കേഷൻ ക്വാളിറ്റി ഇംപ്രൂവ്മെൻറ് പ്രോഗ്രാം (ടെകിപ്) പദ്ധതി പ്രകാരം ലഭിക്കേണ്ട കോടിക്കണക്കിന് രൂപ സംസ്ഥാനത്തെ കോളജുകൾക്ക് നഷ്ടപ്പെടുന്ന സാഹചര്യം വന്നതോടെയാണ് സ്വയംഭരണ പദവിക്ക് എൻ.ഒ.സി നൽകാൻ സർക്കാർ തീരുമാനിച്ചത്. ഇടതുസംഘടനകളായ എ.കെ.പി.സി.ടി.എ, കെ.ജി.ഒ.എ എന്നിവയുടെ എതിർപ്പ് അവഗണിച്ചാണിത്. ടെകിപ് പദ്ധതിയുടെ ആദ്യ ഘട്ടങ്ങളിൽ സംസ്ഥാനത്തെ ഒേട്ടറെ എൻജിനീയറിങ് കോളജുകൾക്ക് രണ്ട് കോടി രൂപ ധനസഹായമായി ലഭിച്ചിരുന്നു. മൂന്നാം ഘട്ടത്തിന് പരിഗണിക്കാൻ കോളജുകൾക്ക് യു.ജി.സിയുടെ സ്വയംഭരണ പദവി മാനവശേഷി മന്ത്രാലയം നിർബന്ധമാക്കി. ഇതോടെ സംസ്ഥാനത്തെ മുഴുവൻ എൻജിനീയറിങ് കോളജുകളും പദ്ധതിയിൽനിന്ന് പുറത്തായി. 100 കോടി രൂപ വരെ മൂന്നാം ഘട്ടത്തിൽ അനുവദിക്കും. ഇത് നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കാനാണ് സർക്കാർ മുൻനിലപാട് തിരുത്തിയത്.
സംസ്ഥാനത്ത് കഴിഞ്ഞ സർക്കാറിെൻറ കാലത്ത് എറണാകുളം മഹാരാജാസ് ഉൾപ്പെടെ 19 ആർട്സ് ആൻഡ് സയൻസ് കോളജുകൾക്ക് യു.ജി.സിയുടെ സ്വയംഭരണ പദവി ലഭിച്ചിരുന്നു. ഇതിൽ ഏതാനും കോളജുകൾ പദവി ദുരുപയോഗം ചെയ്തെന്ന പരാതി ഉയർന്നതോടെ ഇവയുടെ പ്രവർത്തനം പഠിക്കാൻ സർക്കാർ നിർദേശ പ്രകാരം ഉന്നത വിദ്യാഭ്യാസ കൗൺസിൽ വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ട്.
എൻ.ഒ.സി ലഭിക്കുന്ന മുറക്ക് കോളജുകൾ ഇതുസംബന്ധിച്ച അപേക്ഷ യു.ജി.സിക്ക് സമർപ്പിക്കും. യു.ജി.സി വിദഗ്ധ സംഘം സന്ദർശനം നടത്തി സമർപ്പിക്കുന്ന റിപ്പോർട്ടിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും സ്വയംഭരണ പദവി ലഭിക്കുക. പുതിയ സാഹചര്യത്തിൽ സ്വാശ്രയ എൻജിനീയറിങ് കോളജുകളും പദവിക്കായി രംഗത്തുവരും. നേരത്തേ കളമശ്ശേരി രാജഗിരി, ശ്രീബുദ്ധ പത്തനംതിട്ട, സെയിൻറ് ഗിറ്റ്സ് കോട്ടയം, സഹൃദയ തൃശൂർ, ജ്യോതി തൃശൂർ, ഫിസാറ്റ് അങ്കമാലി, വിദ്യ തൃശൂർ, അമൽജ്യോതി കോട്ടയം, മാർ ബസേലിയോസ് തിരുവനന്തപുരം തുടങ്ങിയ കോളജുകൾ സ്ഥിരം അഫിലിയേഷൻ തേടി സാേങ്കതിക സർവകലാശാലയെ സമീപിച്ചിരുന്നു. രാജിവെച്ച വി.സി. കുഞ്ചെറിയ പി. െഎസക്കിെൻറ കാലത്ത് ഗവേണിങ് ബോഡി യോഗം സ്ഥിരം അഫിലിയേഷൻ നൽകാനും തീരുമാനിച്ചു. എന്നാൽ, ഇത് പിന്നീട് സർക്കാർ ഇടപെട്ട് തടഞ്ഞു. തുടർന്ന്, കോളജുകൾ ഹൈകോടതിയെ സമീപിക്കുകയും രാജഗിരി, ശ്രീബുദ്ധ, സെയിൻറ് ഗിറ്റ്സ് കോളജുകൾക്ക് സ്ഥിരം അഫിലിയേഷൻ നൽകാൻ വിധി വരുകയും ചെയ്തു. സ്ഥിരം അഫിലിയേഷൻ ലഭിച്ചാൽ മാത്രമേ ഇൗ കോളജുകൾക്ക് സ്വയംഭരണ പദവിക്ക് അപേക്ഷിക്കാനാകൂ. സ്വാശ്രയ കോളജുകൾ ഇൗ ആവശ്യം ഉയർത്തി കോടതിയെ സമീപിക്കുമെന്നാണ് സൂചന.
എൻ.ഒ.സി ലഭിച്ച കോളജുകൾ
തിരുവനന്തപുരം കോളജ് ഒാഫ് എൻജിനീയറിങ് (സി.ഇ.ടി), തിരുവനന്തപുരം ശ്രീചിത്ര തിരുനാൾ കോളജ് ഒാഫ് എൻജിനീയറിങ് (എസ്.സി.ടി), കാസർകോട് എൽ.ബി.എസ് കോളജ് ഒാഫ് എൻജിനീയറിങ്, ചെങ്ങന്നൂർ കോളജ് ഒാഫ് എൻജിനീയറിങ്, തൃക്കാക്കര ഗവ. മോഡൽ എൻജിനീയറിങ് കോളജ്, തൃശൂർ ഗവ. എൻജിനീയറിങ് കോളജ്, കോഴിക്കോട് ഗവ. എൻജിനീയറിങ് കോളജ്, ഇടുക്കി പൈനാവ് ഗവ. എൻജിനീയറിങ് കോളജ്, കോട്ടയം രാജീവ്ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്നോളജി, വയനാട് ഗവ. എൻജിനീയറിങ് കോളജ്, പാലക്കാട് ശ്രീകൃഷ്ണപുരം ഗവ. എൻജിനീയറിങ് കോളജ്, കണ്ണൂർ ഗവ. എൻജിനീയറിങ് കോളജ്, തിരുവനന്തപുരം ബാർട്ടൺഹിൽ ഗവ. എൻജിനീയറിങ് കോളജ്, കൊച്ചി കുസാറ്റ് സ്കൂൾ ഒാഫ് എൻജിനീയറിങ്, തിരുവനന്തപുരം പൂജപ്പുര എൽ.ബി.എസ് ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്നോളജി ഫോർ വിമൻ, െകാല്ലം പെരുമൺ കോളജ് ഒാഫ് എൻജിനീയറിങ്, കിടങ്ങൂർ കോളജ്് ഒാഫ് എൻജിനീയറിങ്, തൃക്കരിപ്പൂർ കോളജ് ഒാഫ് എൻജിനീയറിങ്, തലശ്ശേരി കോളജ് ഒാഫ് എൻജിനീയറിങ്, അടൂർ കോളജ് ഒാഫ് എൻജിനീയറിങ്, വടകര കോളജ് ഒാഫ് എൻജിനീയറിങ്, ചേർത്തല കോളജ് ഒാഫ് എൻജിനീയറിങ്, കരുനാഗപ്പള്ളി കോളജ് ഒാഫ് എൻജിനീയറിങ്, കൊല്ലം ടി.കെ.എം കോളജ് ഒാഫ് എൻജിനീയറിങ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.