കൊച്ചി: കർണാടകയിലെ പുതിയ സർക്കാർ അബ്ദുന്നാസിർ മഅ്ദനിയോട് കരുണ കാണിക്കുമെന്ന പ്രതീക്ഷയിൽ ഉറ്റവർ. ബംഗളൂരു സ്ഫോടനക്കേസിൽ പ്രതിചേർക്കപ്പെട്ടതിനെ തുടർന്ന് പതിറ്റാണ്ടിലേറെയായി കർണാടകയിൽ കഴിയുന്ന പി.ഡി.പി ചെയർമാൻ അബ്ദുന്നാസിർ മഅ്ദനിക്ക് ഏപ്രിൽ 17നാണ് സുപ്രീംകോടതി കേരളത്തിലെത്താൻ ജാമ്യവ്യവസ്ഥയിൽ ഇളവ് നൽകിയത്. എന്നാൽ, ഇതിന് മഅ്ദനിയിൽനിന്ന് സുരക്ഷ ചെലവിനത്തിൽ 60 ലക്ഷം രൂപയാണ് കർണാടകയിലെ മുൻ ബി.ജെ.പി സർക്കാർ ആവശ്യപ്പെട്ടത്. നികുതികളും അനുബന്ധ ചെലവുകളും കൂടിയാകുമ്പോൾ ഇത് ഒരുകോടിയോളം വരുമെന്നാണ് കണക്ക്. ഇതിനെതിരെ മഅ്ദനി സുപ്രീംകോടതിയെ സമീപിച്ചെങ്കിലും സർക്കാർ നിലപാടിൽ കോടതി ഇടപെട്ടില്ല. ഇതോടെയാണ് ഭാരിച്ച സുരക്ഷ ചെലവ് കണ്ടെത്തി കേരളത്തിലേക്കില്ലെന്ന നിലപാട് മഅ്ദനി സ്വീകരിച്ചത്.
ഇക്കാര്യത്തിലടക്കം കർണാടകയിലെ കോൺഗ്രസ് സർക്കാറിന്റെ ഭാഗത്തുനിന്ന് മനുഷ്യത്വപൂർണമായ ഇടപെടൽ ഉണ്ടാകുമെന്നാണ് മഅ്ദനിയുടെ കുടുംബത്തിന്റെയും പാർട്ടി പ്രവർത്തകരുടെയും പ്രതീക്ഷ. വിചാരണ നടപടികൾ വേഗത്തിലാക്കാനും സർക്കാർ ഇടപെടലുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇവർ.
കോടതി അനുവദിച്ച മൂന്നുമാസത്തെ ഇളവിൽ ഒരുമാസം പിന്നിട്ടു. ശയ്യാവലംബിയായ പിതാവിനെ കാണുന്നതടക്കം കാര്യങ്ങൾക്കാണ് ജാമ്യവ്യവസ്ഥയിൽ ഇളവ് നേടിയത്. ഇതോടൊപ്പം സ്ട്രോക് അടക്കം പ്രശ്നങ്ങൾമൂലം മഅ്ദനിയുടെ ആരോഗ്യനിലയും ആശങ്കാജനകമാണ്. ഡോക്ടർമാർ വിദഗ്ധ ചികിത്സ നിർദേശിച്ചെങ്കിലും നിലവിലെ ജാമ്യവ്യവസ്ഥകളും മുൻ സർക്കാറിന്റെ നിലപാടുകളും അതിന് തടസ്സമായി.
2010 ആഗസ്റ്റിലാണ് കർണാടക പൊലീസ് കൊല്ലം അൻവാർശ്ശേരിയിൽനിന്ന് മഅ്ദനിയെ അറസ്റ്റ് ചെയ്തത്. ഇതിന് ശേഷം 13 വർഷത്തിനിടെ നാലുതവണ മാത്രമാണ് കോടതി അനുമതിയോടെ മഅ്ദനി കേരളത്തിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.