പൂഞ്ഞാർ വിഷയത്തിൽ ഭരണകൂടവും പൊലീസും സത്യസന്ധമായ നിലപാട് സ്വീകരിക്കണം -ജമാഅത്ത് കൗൺസിൽ

കോട്ടയം: പൂഞ്ഞാറിൽ സ്കൂൾ സെന്റോഫിനിടെ കുട്ടികൾ ഓടിച്ച വാഹനം തട്ടി വൈദികന് പരിക്കേറ്റ വിഷയത്തിൽ സത്യസന്ധവും വസ്തുതാപരവും മാന്യവുമായ നിലപാട് സ്വീകരിക്കാൻ ഭരണകൂടവും നിയമപാലകരും തയ്യാറാകണമെന്ന് കേരള മുസ്‍ലിം ജമാഅത്ത് കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി എം.എച്ച് ഷാജി, ജില്ലാ പ്രസിഡന്റ് എം.ബി. അമീൻഷാ എന്നിവർ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു. പ്രശ്നത്തിൽ നിഷ്പക്ഷമായി ഇടപെടേണ്ട ജനപ്രതിനിധികൾ ഒരു സമുദായത്തിന്റെ വ്യക്താക്കളായി മാറുന്നത് അപലപനീയമാണെന്നും ഇവർ പറഞ്ഞു.

പ്രായപൂർത്തിയാകാത്ത കുട്ടികളാണ് റിമാൻഡിൽ ഉള്ളത്. അവരുടെ ഭാഗത്തുനിന്നുണ്ടായ തെറ്റുകൾക്ക് മാന്യമായ നിയമനടപടി എന്നത് അംഗീകരിക്കാം. എന്നാൽ, കലാപശ്രമം, ആസൂത്രിതമായ കൊലപാതക ശ്രമം, 307ാം വകുപ്പ് ഇവയെല്ലാം ചുമത്തി വലിയ ശിക്ഷകൾക്ക് കാരണമാകുന്ന വിധമുള്ള ഏകപക്ഷീയമായ ഇടപെടലുകൾ കൂടുതൽ വിഭാഗീയതകളിലേക്ക് സമൂഹത്തെ തള്ളി വിടും -ഇവർ ചൂണ്ടിക്കാട്ടി.

പള്ളിയിലെ കാമറ ദൃശ്യങ്ങൾ അടക്കം പരിശോധിക്കണമെന്നും ചില താൽപര്യങ്ങളെ മുൻ നിർത്തി ഒരു സമുദായത്തെ മാത്രം ഒറ്റപ്പെടുത്താനുള്ള നീക്കം പ്രതിഷേധാർഹമാണെന്നും ഭാരവാഹികൾ പറഞ്ഞു. വർഗീയ വിദ്വേഷ പ്രചാരണങ്ങൾക്കെതിരെ ജാഗ്രത പുലർത്തണമെന്നും സമുദായിക വേർതിരിവിലൂടെ ഒരു വിഭാഗം കുട്ടികളെ മാത്രം ശിക്ഷിക്കാനുള്ള നീക്കത്തെ ചെറുക്കുമെന്നും ഇവർ മുന്നറിയിപ്പ് നൽകി.

Tags:    
News Summary - government and police should take an honest stand on the Poonjar issue - Jamaat Council

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.