തിരുവനന്തപുരം: ജീവനക്കാരന്‍ മരിക്കുന്ന സമയത്ത് വിവാഹിതരായ മകന്‍, മകള്‍ എന്നിവര്‍ വിവാഹശേഷവും അവര്‍ മരിച്ച ഉദ്യോഗസ്ഥന്റെ ആശ്രിതരായിരുന്നെന്ന തഹസില്‍ദാരുടെ സര്‍ട്ടിഫിക്കറ്റ് കൂടി ആശ്രിത നിയമന അപേക്ഷയോടൊപ്പം ഹാജരാക്കണം. ആശ്രിതര്‍ തമ്മില്‍ തര്‍ക്കമുണ്ടാകുന്ന പക്ഷം വിധവ-വിഭാര്യന്‍ നിര്‍ദേശിക്കുന്ന ആൾക്ക് ആശ്രിത നിയമനം നല്‍കും. വിധവ-വിഭാര്യന്‍ എന്നിവര്‍ക്ക് മറ്റ് ആശ്രിതരുടെ സമ്മതപത്രം ആവശ്യമില്ല. ഇതടക്കം ആശ്രിത നിയമനത്തിൽ കടുത്ത വ്യവസ്ഥകള്‍ ഉൾപ്പെടുത്തി പരിഷ്ക്കരിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. പുതുക്കിയ വ്യവസ്ഥകള്‍ തത്വത്തില്‍ അംഗീകരിച്ചു.
വിവാഹമോചിതരായ സര്‍ക്കാര്‍ ജീവനക്കാര്‍ സര്‍വിസിലിരിക്കെ, മരിക്കുന്ന സാഹചര്യത്തില്‍ മക്കളുണ്ടെങ്കില്‍ മകന്‍, മകള്‍, ദത്തുപുത്രന്‍, ദത്തു പുത്രി എന്ന മുന്‍ഗണന ക്രമത്തിലും അച്ഛന്‍, അമ്മ, അവിവാഹിതരായ സഹോദരി, സഹോദരന്‍ എന്നിവര്‍ക്കും മുന്‍ഗണന ക്രമത്തില്‍, ഇവര്‍ ജീവനക്കാരനെ ആശ്രയിച്ചായിരുന്നു കഴിഞ്ഞിരുന്നതെന്ന തഹസില്‍ദാരുടെ സാക്ഷ്യപത്രം ഹാജരാക്കുകയാണെങ്കില്‍ വ്യവസ്ഥകള്‍ക്ക് വിധേയമായി ആശ്രിത നിയമനത്തിന് അര്‍ഹതയുണ്ട്.
കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളിലോ, വകുപ്പുകള്‍ക്കു കീഴിലുള്ള സ്ഥാപനങ്ങളിലോ, പൊതുമേഖല സ്ഥാപനങ്ങള്‍, ബാങ്കുകള്‍ (സഹകരണ ബാങ്കുകള്‍ ഉള്‍പ്പെടെ) എന്നിവിടങ്ങളിലോ റെഗുലറായി ഉദ്യോഗത്തില്‍ പ്രവേശിച്ചുകഴിഞ്ഞവര്‍ക്ക് പദ്ധതി പ്രകാരം നിയമനത്തിന് അര്‍ഹതയില്ല. നിയമപരമായി ആദ്യ ഭാര്യ- ഭര്‍ത്താവിനെ വേര്‍പിരിഞ്ഞ് പുനര്‍ വിവാഹം ചെയ്യുന്ന കേസുകളില്‍ ആദ്യ ഭാര്യ അല്ലെങ്കില്‍ ആദ്യ ഭര്‍ത്താവിലുണ്ടായ കുഞ്ഞുങ്ങള്‍ക്കും അര്‍ഹതയുണ്ട്.
തിരുവനന്തപുരം: നേരിട്ടുള്ള നിയമനം നിയമന രീതിയായിട്ടുള്ള സബോര്‍ഡിനേറ്റ് സര്‍വിസിലെ ക്ലാസ് മൂന്ന്, ക്ലാസ് നാല് തസ്തികകളിലേക്കും ലാസ്റ്റ് ഗ്രേഡ് സര്‍വിസ്, പാര്‍ട്ട് ടൈം കണ്ടിജന്റ് സര്‍വിസുകളിലെ തസ്തികകളിലേക്കുമാണ് ആശ്രിത നിയമനം നടത്തുന്നത്. ഒരു തസ്തികയില്‍ ഒന്നിലധികം നിയമന രീതികള്‍ വ്യവസ്ഥ ചെയ്തിട്ടുണ്ടെങ്കില്‍ നേരിട്ടുള്ള നിയമനത്തിനായി മാറ്റിവെച്ചിട്ടുളള ഒഴിവുകളില്‍ നിന്നുമാണ് ആശ്രിത നിയമനത്തിനായി ഒഴിവുകള്‍ കുറവ് ചെയ്യേണ്ടത്. ഹെഡ്ക്വാര്‍ട്ടറില്‍ കേരള പബ്ലിക് സര്‍വിസ് കമീഷന്‍ മുഖാന്തരം നേരിട്ട് നിയമനം നടത്തുന്ന ക്ലാസ് മൂന്ന്, ക്ലാസ് നാല് തസ്തികകളില്‍ ആശ്രിത നിയമനത്തിനായി കണ്ടെത്തിയ തസ്തികകളില്‍ ഓരോ 16 ാമത്തെ ഒഴിവും ആശ്രിത നിയമനത്തിനായി റിപ്പോര്‍ട്ട് ചെയ്യണം.
അപേക്ഷകന്‍ 18 വയസ്സോ അതിനു മുകളിലോ ഉള്ളയാളാണെങ്കില്‍ ജീവനക്കാരന്‍ മരിച്ച തീയതി മുതല്‍ മൂന്ന് വര്‍ഷത്തിനകവും, അപേക്ഷകന്‍ 18 വയസ്സിന് താഴെയുള്ള ആളാണെങ്കില്‍ 18 വയസ്സ് പൂര്‍ത്തിയായി മൂന്ന് വര്‍ഷത്തിനകവും അപേക്ഷ സമര്‍പ്പിക്കണം. വിധവ, വിഭാര്യന്‍ എന്നിവരുടെ നിയമന കാര്യത്തിലും മരണമടയുന്ന അവിവാഹിതനായ സര്‍ക്കാര്‍ ജീവനക്കാരന്റെ പിതാവ്, മാതാവ് എന്നിവരുടെ കാര്യത്തിലും പാര്‍ട്ട് ടൈം കണ്ടിജന്റ് തസ്തികകളിലേക്കുള്ള നിയമനത്തിലും മുനിസിപ്പല്‍ കണ്ടിജന്റ് സര്‍വിസിലെ ഫുള്‍ടൈം കണ്ടിജന്റ് തസ്തികയിലെ നിയമനത്തിലും ഉയര്‍ന്ന പ്രായപരിധി ബാധകമല്ല. ഇവർക്ക് വിരമിക്കല്‍ പ്രായം വരെ നിയമനം നല്‍കും.
പാലക്കാട്: ആശ്രിത നിയമനത്തിനുള്ള പുതുക്കിയ മാനദണ്ഡങ്ങൾ അംഗീകരിക്കില്ലെന്ന് കേരള ഗസറ്റഡ് ഓഫിസേഴ്സ് യൂനിയൻ. ജീവനക്കാരൻ മരിക്കുന്നതിനുപോലും സമയപരിധി നിശ്ചയിച്ചിരിക്കുകയാണ് പുതിയ മാനദണ്ഡത്തിൽ. കുടുംബ വാർഷിക വരുമാനം എട്ടു ലക്ഷമെന്നതിന് പകരം പരിധി ഒഴിവാക്കി ഭേദഗതി വരുത്തിയില്ലെങ്കിൽ സമരപരിപാടികൾ ആവിഷ്കരിക്കുമെന്നും സംസ്ഥാന പ്രസിഡന്റ് കെ.സി. സുബ്രഹ്മണ്യനും ജനറൽ സെക്രട്ടറി വി.എം. ഷൈനും പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.