തിരുവനന്തപുരം: സംസ്ഥാന സര്‍വിസിലിരിക്കെ, മരിക്കുന്ന ജീവനക്കാരുടെ ആശ്രിതർക്ക് നിയമനം നൽകുന്നതിന് ഏകീകൃതപട്ടിക പൊതുഭരണ വകുപ്പ് തയാറാക്കുന്ന രീതിയിൽ വ്യവസ്ഥകൾ പരിഷ്കരിക്കാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു.
പൊതുഭരണ (സര്‍വിസസ്-ഡി) വകുപ്പ് തയാറാക്കുന്ന ഏകീകൃത സീനിയോറിറ്റി പട്ടിക അടിസ്ഥാനമാക്കിയാകും ആശ്രിത നിയമനത്തിനുള്ള ഒഴിവുകള്‍ അനുവദിക്കുക. വിവിധ വകുപ്പുകളില്‍ നിന്ന് അപേക്ഷ ലഭിക്കുന്ന മുറക്ക് പൊതുഭരണ (സര്‍വിസസ്-ഡി) വകുപ്പില്‍ സീനിയോറിറ്റി പട്ടിക പുതുക്കും.
ഏകീകൃത സോഫ്റ്റ്വെയറില് അപേക്ഷിക്കാവുന്ന തസ്തികകളുടെ യോഗ്യത, ലഭ്യമായ ഒഴിവുകള്‍ എന്നിവ പ്രസിദ്ധീകരിക്കും. ഓരോ തസ്തികക്കും പ്രത്യേക സീനിയോറിറ്റി പട്ടിക തയാറാക്കും. ഒന്നില്‍ കൂടുതല്‍ തസ്തികകളിലേക്ക് ഓപ്ഷന് നല്കിയിട്ടുണ്ടെങ്കില് ഓപ്റ്റഡ് തസ്തികകളുടെ എല്ലാ സീനിയോറിറ്റി പട്ടികകളിലും അപേക്ഷകരെ ഉള്‍പ്പെടുത്തും. ഒരു സീനിയോറിറ്റി പട്ടികയിൽ നിന്ന് ജോലി ലഭിച്ചുകഴിഞ്ഞ അപേക്ഷകര്‍ മറ്റ് പട്ടികകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അതില്‍ നിന്ന് ഒഴിവാക്കാനും തീരുമാനിച്ചു.
നിലവില്‍, മരിച്ച ജീവനക്കാരന് ജോലി ചെയ്തിരുന്ന വകുപ്പിലായിരുന്നു ആശ്രിത നിയമനത്തിനുള്ള പട്ടിക തയാറാക്കിയിരുന്നത്. ചില വകുപ്പുകളില്‍ അപേക്ഷകരുടെ എണ്ണം കൂടുതലും ഒഴിവ് കുറവുമായ സാഹചര്യത്തില്‍ ജോലി ലഭിക്കാന്‍ ഏറെ പ്രയാസമായിരുന്നു. ഇത് ഒഴിവാക്കാനാണ് പുതിയ നടപടിക്രമം.
സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ (കോളജുകളിലെ പ്രിന്‍സിപ്പല്‍മാര്‍ ഉള്‍പ്പെടെ) അധ്യാപകരുടെ ആശ്രിതര്‍ക്കും നിയമനത്തിന് അര്‍ഹതയുണ്ട്. എയ്ഡഡ് സ്ഥാപനങ്ങളിലെ ജീവനക്കാര്‍ ആനുകൂല്യത്തിന് അര്‍ഹരല്ല. സ്വമേധയാ വിരമിച്ച ജീവനക്കാര്‍ മരിച്ചാല്‍ അവരുടെ ആശ്രിതരും അർഹരല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.