തേനീച്ച, കടന്നല്‍ കുത്തേറ്റ് മരിക്കുന്നവര്‍ക്ക് സർക്കാർ നഷ്ടപരിഹാരം

തിരുവനന്തപുരം: തേനീച്ച, കടന്നല്‍ എന്നിവയുടെ ആക്രമണത്തിൽ ജീവഹാനി സംഭവിക്കുന്നവര്‍ക്ക് നഷ്ടപരിഹാരം അനുവദിക്കാന്‍ സർക്കാർ തീരുമാനം. കടന്നലിന്‍റെയോ തേനീച്ചയുടെയോ കടിയോ, കുത്തോ കാരണം ജീവനഹാനി സംഭവിച്ചാലാണ് നഷ്ടപരിഹാരം ലഭിക്കുക. ഇന്ന് ചേർന്ന മന്ത്രിസഭായോഗത്തിന്‍റേതാണ് തീരുമാനം.

1980ലെ കേരള റൂള്‍സ് ഫോര്‍ പെയ്‌മെന്റ് ഓഫ് കോമ്പന്‍സേഷന്‍ ടു വിക്ടിംസ് ഓഫ് അറ്റാക്ക് ബൈ വൈല്‍ഡ് ആനിമല്‍സ് എന്ന ചട്ടങ്ങളിലെ ചട്ടം 2(എ) ല്‍ വന്യമൃഗം എന്ന നിര്‍വചന പ്രകാരമുള്ള ജീവികളുടെ ആക്രമണം മൂലം ജീവഹാനി സംഭവിക്കുന്നവര്‍ക്ക് (വനത്തിനകത്തോ, പുറത്തോ) നല്‍കി വരുന്ന നഷ്ടപരിഹാര തുകയാണ് കടന്നലിന്റെയോ തേനീച്ചയുടെയോ കടിയോ, കുത്തോ കാരണം ജീവനഹാനി സംഭവിച്ചാലും നല്‍കുക.

ഇതിനുള്ള തുക വന്യജീവി ആക്രമണത്തില്‍ ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിന് ഉപയോഗിക്കുന്ന ഹെഡ് ഓഫ് അക്കൗണ്ടില്‍ നിന്നും വഹിക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.

മറ്റ് മന്ത്രിസഭായോഗ തീരുമാനങ്ങള്‍

ശമ്പളപരിഷ്‌ക്കരണം

കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിലെ സര്‍ക്കാര്‍ അംഗീകൃത തസ്തികകളിലെ ജീവനക്കാര്‍ക്ക് 11-ാം ശമ്പളപരിഷ്‌കരണം നടപ്പിലാക്കാന്‍ തീരുമാനിച്ചു.

കരട്ബില്‍ അംഗീകരിച്ചു

2022ലെ കേരള മുനിസിപ്പാലിറ്റി (ഭേദഗതി) ബില്ലിന്റെ കരട് അംഗീകരിക്കാന്‍ തീരുമാനിച്ചു

പാട്ടത്തിനു നല്‍കും

കാസര്‍കോട് കൊളത്തൂര്‍ വില്ലേജിലെ 7 ഏക്കര്‍ ഭൂമി വ്യവസ്ഥകള്‍ക്ക് വിധേയമായി കമ്പോളവിലയുടെ മൂന്ന് ശതമാനം വാര്‍ഷിക പാട്ടനിരക്കില്‍ സെന്‍ട്രല്‍ വെയര്‍ഹൗസിങ് കോര്‍പറേഷൻ ഗോഡൗണ്‍ നിര്‍മ്മിക്കുന്നതിന് 30 വര്‍ഷത്തേക്ക് അനുവദിക്കാന്‍ തീരുമാനിച്ചു.

Tags:    
News Summary - Government compensation for those who die due to bee and wasp stings

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.