കോഴിക്കോട് : നിലവിലെ സാമ്പത്തിക പ്രതിസന്ധിയിൽ സർക്കാരിന് ആശങ്കയുണ്ടെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ. ക്രമാതീതമായി ഉയർന്ന് വരുന്ന പണപ്പെരുപ്പവും 15 ാം ധനകാര്യ കമ്മീഷൻ ശുപാർശപ്രകാരമുള്ള റവന്യൂകമ്മി ഗ്രാന്റ് വാർഷാവർഷം ഗണ്യമായ തോതിൽ കുറഞ്ഞ് 2013-24 ഓടുകൂടി ഇല്ലാതാകുന്നതും ചരക്ക് സേവന നികുതി (ജി.എസ്.ടി) നടപ്പാക്കിയപ്പോൾ ഉടലെടുത്ത വരുമാന നഷ്ടത്തിനുള്ള നഷ്ടപരിഹാരം തുടരുന്നതിലുള്ള അനിശ്ചിതാവസ്ഥയും സർക്കാരിന്റെ ധനദൃഢീകരണ പ്രവർത്തനങ്ങളെ ദുർബലപ്പെടുത്തമെന്ന് ആശങ്ക സർക്കാരിനുണ്ടെന്ന് മന്ത്രി രേഖാമൂലം മറുപടി നൽകി.
മാധ്യമം ആഴിച്പ്പതിപ്പിൽ പ്രസിദ്ധീകരിച്ച സാമ്പത്തിക വിദഗ്ധൻ ഡോ. ജോസ് സെബാസ്റ്റ്യന്റെ അഭിമുഖം ശരിവെക്കുകയാണ് നിയമസഭയിലെ മന്ത്രിയുടെ വാക്കുകൾ. അതേസമയം, സാമ്പത്തിക സ്ഥിതി സംബന്ധിച്ച് ധവള പത്രം പുറത്തിറക്കേണ്ട സാഹചര്യം നിലവില്ലെന്നാണ് മന്ത്രിയുടെ നിലപാട്. വരും വർഷം സംസ്ഥാനത്തിന്റെ തനത് നികുതി, നികുതി ഇതര വരുമാനങ്ങളും നല്ല വളർച്ച കൈവരിക്കുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ. ഇതോടൊപ്പം നികുതി പിരിവ് ഊർജിതമാക്കുക, ചെലവുകളിൽ മിതത്വം പാലിക്കുക, ധൂർത്തുകൾ അവസാനിപ്പിക്കുക അടക്കമുള്ളവ സർക്കാർ പിന്തുടരുമെന്നാണ് മന്ത്രി പറയുന്നത്. നജീബ് കാന്തപുരം, എൻ.ഷംസുദീൻ, പ്രഫ. ആബിദ് ഹുസൈൻ തങ്ങൾ, ടി.വി ഇബ്രഹീം തുടങ്ങിയവരുടെ ചോദ്യത്തിനാണ് മറുപടി നൽകിയത്.
അതേസമയം നികുതി പരിവിൽ സർക്കാർ സംവിധാനം കാര്യക്ഷമായി പ്രവർത്തിച്ചില്ലെങ്കിൽ, തനത് വരുമാനം വർധിപ്പിച്ചില്ലെങ്കിൽ കേരളത്തിലെ സാമ്പത്തിക ഗുരുതരമാവുമെന്ന് ഡോ. ജോസ് സെബാസ്റ്റ്യൻ മാധ്യമം ഓൺലൈനോട് പറഞ്ഞു. ജി.എസ്.ടി നഷ്ടപരിഹാരം കേന്ദ്ര സർക്കാരിൽനിന്ന് മിക്കവാറും കിട്ടാൻ സാധ്യതയില്ല.മറ്റ് പല സംസ്ഥാനങ്ങൾക്കും14 ശതമാനത്തിന് മേൽ വളർച്ചയുണ്ടായി. അവർക്ക് ഇനി ജി.എസ്.ടി നഷ്ടപരിഹാരം ആവശ്യമില്ല.
ഇക്കാര്യത്തിൽ കേരളത്തിന് ഇളവ് നൽകുന്നതിനെ മറ്റു സംസ്ഥാനങ്ങൾ എതിർക്കാനും സാധ്യതയുണ്ട്. അവർ അധ്വാനിച്ചാണ് സാമ്പത്തികവളർച്ച നേടിയത്. ജി.എസ്.ടി നഷ്ടപരിഹാര തുക കാത്തിരിക്കുന്ന കേരളത്തിന് അത് കിട്ടിയില്ലെങ്കിൽ ധനകാര്യത്തിൽ വലിയ പ്രതിസന്ധിയുണ്ടാവും. അത് സർക്കാർ ഉദ്യോഗസ്ഥരുടെ ശമ്പളവും പെൻഷനും നൽകുന്നതിനെപ്പോലും ബാധിക്കാനിടയുണ്ട്. അതിനാലാണ് ധനമന്ത്രി മുൻകൂർ ജാമ്യമെടുക്കുന്നത്. സംസ്ഥാന പിടിപ്പുകേട് മറച്ച് വെച്ച് കേന്ദ്ര സർക്കാരിന്റെ കുഴപ്പംകൊണ്ടാണ് സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കുന്നതെന്ന് വരുത്താനുള്ള ശ്രമമാണ് ധനമന്ത്രി നടത്തുന്നതെന്നും ജോസ് സെബാസ്റ്റ്യൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.