തിരുവനന്തപുരം: വിദ്യാഭ്യാസ ഒാഫിസുകളിലെ ജീവനക്കാർ ജോലി കഴിഞ്ഞിറങ്ങുേമ്പാൾ ഒപ്പിടണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്. വിദ്യാഭ്യാസ ഓഫിസുകളുടെ പ്രവർത്തനം ചട്ടപ്രകാരമല്ലെന്നും പൊതുജനങ്ങൾക്ക് ലഭിക്കേണ്ട സേവനങ്ങൾ കാര്യക്ഷമമല്ലെന്നുമുള്ള പരാതികളെതുടർന്നാണ് ഇത് സംബന്ധിച്ച നിർദേശങ്ങൾ പുറത്തിറക്കിയത്.
ജീവനക്കാരുടെ ഹാജർ, സമയനിഷ്ഠ, ഉത്തരവാദിത്തം എന്നിവ തൃപ്തികരമല്ലെന്ന് സർക്കാറിന് പരാതി ലഭിച്ചിരുന്നു. ഹാജർ പുസ്തകത്തിൽ എല്ലാ ജീവനക്കാരുടെയും പേരിന് താഴെ ‘പെൻ’ നമ്പർ കൂടി എഴുതണം. അക്കങ്ങൾ ഒഴികെയുള്ള രേഖപ്പെടുത്തലുകൾ മലയാളത്തിൽ ആയിരിക്കണം, ഉച്ചക്കുശേഷം ഹാജർ രേഖപ്പെടുത്തുന്ന രീതി ഒഴിവാക്കണം. പുസ്തകത്തിലെ ആഫ്റ്റർ നൂൺ (എ.എൻ) കോളത്തിൽ ഒപ്പിടുന്നത് ജോലി കഴിഞ്ഞ് പോകുന്ന സമയത്ത് മാത്രമായിരിക്കണം.
മറ്റ് ഡ്യൂട്ടികൾക്ക് നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥർക്ക് ആ ജോലിയുടെ സ്വഭാവം, സ്ഥലം, തീയതി എന്നിവ സംബന്ധിച്ച് വ്യക്തമായ അറിയിപ്പ് ഉത്തരവായി നൽകിയിരിക്കണം. അക്കാര്യം ഹാജർ പുസ്തകത്തിൽ രേഖപ്പെടുത്തണം. മുൻകൂട്ടി അറിയിക്കാതെ ഓഫിസിൽ എത്താതിരിക്കുന്നവർ വിവരം ഫോൺ വഴി സെക്ഷൻ സൂപ്രണ്ടിനെ അറിയിച്ചിരിക്കണം. പേഴ്സനൽ രജിസ്റ്റർ പൂർണതോതിൽ രേഖപ്പെടുത്തലുകൾ വരുത്തി സൂക്ഷിക്കണമെന്നും സമയാസമയമുള്ള പരിശോധനക്ക് ഇവ നൽകേണ്ടത് സെക്ഷൻ ക്ലാർക്കുമാരുടെ കൂടി ഉത്തരവാദിത്തമാണെന്നും നിർദേശമുണ്ട്. കത്തുകളിലും ഉത്തരവുകളിലും ഒപ്പുവെക്കുന്ന ഉദ്യോഗസ്ഥരുടെ പേര് , ‘പെൻ’ നമ്പർ എന്നിവ നിർബന്ധമായും ഉൾപ്പെടുത്തിയിരിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.