സർക്കാർ-ഗവർണർ കൊമ്പുകോർക്കൽ അവസാനിപ്പിക്കുന്നു; ഇനി സമവായത്തി​െൻറ നാളുകളെന്ന് സൂചന

ഏറെക്കാലമായി സംസ്ഥാന രാഷ്ട്രീയത്തിൽ നിറഞ്ഞുനിന്ന സർക്കാർ - ഗവർണർ കൊമ്പുകോർക്കൽ അവസാനിപ്പിക്കുന്നു. ഇനി സമവായത്തി​െൻറ നാളുകളാണെന്നാണ് സൂചന. ഇതിന്റെ ഭാഗമായി നിയമസഭാ സമ്മേളനം പിരിയുന്നതായി ഗവർണറെ അറിയിക്കാനും ബജറ്റ് സമ്മേളനത്തിന് ആരംഭം കുറിച്ചുള്ള നയപ്രഖ്യാപന പ്രസംഗത്തിന് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ക്ഷണിക്കാനും സർക്കാർ തീരുമാനിച്ചിരിക്കയാണ്. സജി ചെറിയാ​െൻറ സത്യപ്രതിജ്ഞയ്ക്ക് വിയോജിപ്പോടെ ഗവർണർ അനുമതി നൽകിയതിന് പിന്നാലെയാണ് നയപ്രഖ്യാപന പ്രസംഗത്തിനായി ക്ഷണിക്കാൻ തീരുമാനിച്ചത്. ഇന്ന് രാവിലെ ചേർന്ന മന്ത്രിസഭായോഗം സഭാ സമ്മേളനം പിരിയുന്ന കാര്യം ഗവർണറെ അറിയിക്കാൻ തീരുമാനിച്ചു. ക്യാബിനറ്റിൽ മുഖ്യമന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

ഡിസംബർ 13-ന് നിയമസഭാ സമ്മേളനം അവസാനിച്ചെങ്കിലും ഇക്കാര്യം ഇതുവരെ രാജ്ഭവനെ ഔദ്യോഗികമായി അറിയിച്ചിരുന്നില്ല. സമ്മേളനം നീട്ടിക്കൊണ്ടു പോയി നേരെ ബജറ്റ് സമ്മേളനത്തിലേക്ക് കടക്കാനും ശേഷം നയപ്രഖ്യാപനം മെയ് മാസത്തിലേക്ക് നീട്ടാനുമായിരുന്നു നേരത്തെയുള്ള തീരുമാനം. സമ്മേളനം തീർന്നതായി രാജ്ഭവനെ അറിയിക്കുന്നതോടെ എട്ടാം സമ്മേളനത്തിലാവും ബജറ്റ് അവതരിപ്പിക്കുക.

സിപിഎമ്മും ഇടതുമുന്നണിയും ഗവർണർക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരുന്നു. ഇതിന്റെ തുടർച്ചയായി രാജ്ഭവൻ മാർച്ച് ഉൾപ്പെടെ നടന്നു. കഴിഞ്ഞ ദിവസം വരെ ​ഗവ‍‍ർണറും ഇടതുനേതാക്കളും ആരോപണപ്രത്യാരോപണങ്ങളുമായി വാ‍ർത്തകളിൽ നിറ‍ഞ്ഞു. എന്നാൽ, പുതിയ സാഹചര്യത്തിൽ ഏറ്റുമുട്ടൽ വേണ്ടെന്ന തീരുമാനത്തിലാണ് സർക്കാർ. 

Tags:    
News Summary - Government-Governor Closing the dispute

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.