തിരുവനന്തപുരം: മുന്നാക്കസംവരണത്തിനായി സംസ്ഥാനത്തെ സർക്കാർ, സർക്കാർ നിയന്ത്രിത, എയ്ഡഡ് എൻജിനീയറിങ് കോളജുകളിൽ വർധിപ്പിക്കുന്നത് 1094 സീറ്റുകൾ. മൂന്ന് സർക്കാർ കോളജുകളിൽ ആർകിടെക്ചർ കോഴ്സിൽ 12 സീറ്റും മുന്നാക്കസംവരണത്തിനായി വർധിക്കും. കഴിഞ്ഞദിവസമാണ് എൻജിനീയറിങ്, ആർകിടെക്ചർ പ്രവേശനത്തിന് കൂടി മുന്നാക്കസംവരണത്തിന് പത്ത് ശതമാനം സീറ്റ് വർധനക്ക് ഉത്തരവിറങ്ങിയത്. ഇതുപ്രകാരം സംസ്ഥാനത്തെ ഒമ്പത് സർക്കാർ എൻജിനീയറിങ് കോളജുകളിൽ ബി.ടെക്കിന് ആകെ 331 സീറ്റുകൾ വർധിക്കും.
ഇതിൽ സീറ്റ് ഡിമാൻഡ് കൂടുതലുള്ള തിരുവനന്തപുരം സി.ഇ.ടിയിൽ മാത്രം 60ഉം തൃശൂർ ഗവ. എൻജിനീയറിങ് കോളജിൽ 58ഉം കോട്ടയം രാജീവ്ഗാന്ധി, തിരുവന്തപുരം ബാർട്ടൺഹിൽ കോളജുകളിൽ 30 ഉം വീതം സീറ്റുകൾ വർധിക്കും. കോഴിക്കോട് 30, കണ്ണൂർ 33, ഇടുക്കി 30, പാലക്കാട് 30, വയനാട് 30 എന്നിങ്ങനെയാണ് മറ്റ് ഗവൺമെൻറ് കോളജുകളിൽ മുന്നാക്കസംവരണത്തിനായി വർധിപ്പിക്കുന്ന സീറ്റുകൾ.
സർക്കാർ എൻജിനീയറിങ് കോളജുകളിൽ പിന്നാക്ക വിഭാഗങ്ങൾക്ക് ലഭിക്കുന്ന സംവരണത്തെ മറികടക്കുന്ന രീതിയിലുള്ള എണ്ണം സീറ്റുകളാണ് സാമ്പത്തിക പിന്നാക്കാവസ്ഥയുടെ പിൻബലത്തിലുള്ള മുന്നാക്ക സംവരണത്തിനായി നീക്കിവെക്കുന്നത്. മൂന്ന് എയ്ഡഡ് കോളജുകളിൽ രണ്ടെണ്ണത്തിന് ന്യൂനപക്ഷപദവിയുള്ളതിനാൽ ഒരിടത്ത് മാത്രമേ മുന്നാക്കസംവരണം നടപ്പാക്കാനാവൂ. പാലക്കാട് എൻ.എസ്.എസ് എൻജിനീയറിങ് കോളജിൽ 57 സീറ്റായിരിക്കും ഇതിനായി വർധിപ്പിക്കുക.
ഇതിന് പുറമെ കാർഷിക സർവകലാശാലക്ക് കീഴിലെ ബി.ടെക് കോഴ്സുകളിൽ എട്ടും വെറ്റിറിനറി യൂനിവേഴ്സിറ്റിയിൽ 12ഉം ഫിഷറീസ് യൂനിവേഴ്സിറ്റിയിൽ നാലും വീതം സീറ്റുകൾ വർധിപ്പിക്കേണ്ടി വരും. സർക്കാർ നിയന്ത്രിത കോളജുകളിൽ ആകെ വർധിപ്പിക്കേണ്ടിവരുന്നത് 682 ബി.ടെക് സീറ്റുകളാണ്. ഇതിൽ സീറ്റ് ഡിമാൻഡ് കൂടുതലുള്ള തൃക്കാക്കര മോഡൽ എൻജിനീയറിങ് കോളജിൽ 36ഉം തിരുവനന്തപുരം എസ്.സി.ടിയിൽ 42ഉം സീറ്റുകളുമായിരിക്കും വർധിപ്പിക്കുക.
െഎ.എച്ച്.ആർ.ഡിക്ക് കീഴിലെ ഒമ്പത് കോളജുകളിൽ 204ഉം കേപ്പിന് കീഴിലുള്ള ഒമ്പത് കോളജുകളിൽ 258ഉം എൽ.ബി.എസിന് കീഴിലുള്ള രണ്ട് കോളജുകളിൽ 90 സീറ്റും കേരള, കാലിക്കറ്റ്, എം.ജി സർവകലാശാലകളുടെ മൂന്ന് കോളജുകളിൽ 70 സീറ്റുകളും സി.സി.ഇ.കെയുടെ കോളജിൽ 18 സീറ്റും വർധിപ്പിക്കേണ്ടിവരും. സർക്കാർ, സർക്കാർ നിയന്ത്രിത, എയ്ഡഡ് കോളജുകൾക്ക് പുറമെ ന്യൂനപക്ഷ പദവിയില്ലാത്ത സ്വകാര്യ സ്വാശ്രയ എൻജിനീയറിങ്, ആർകിടെക്ചർ കോളജുകളിലും മുന്നാക്കസംവരണത്തിന് സീറ്റ് അനുവദിക്കും.
ഇതുകൂടെ ചേരുേമ്പാൾ മുന്നാക്ക സംവരണത്തിനുള്ള ആകെ സീറ്റുകൾ 3500ന് മുകളിൽ വരുമെന്നാണ് കണക്കുകൾ. സർക്കാർ മെഡിക്കൽ കോളജുകളിൽ 130 എം.ബി.ബി.എസ് സീറ്റുകൾ കഴിഞ്ഞ വർഷം മുന്നാക്കസംവരണത്തിന് അനുവദിച്ചപ്പോൾ മെഡിക്കൽ പി.ജിയിൽ ഇൗ വർഷം 30 സീറ്റുകളും ഇതിനായി നീക്കിവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.