അഴിമതി കേസുകളിൽ ഭരണ-പ്രതിപക്ഷ ധാരണയെന്ന് കെ. സുരേന്ദ്രൻ

അഴിമതി കേസുകളിൽ ഭരണ-പ്രതിപക്ഷ ധാരണയെന്ന് കെ. സുരേന്ദ്രൻ

കോട്ടയം: അഴിമതി കേസുകളിൽ കോൺഗ്രസുമായി സി.പി.എമ്മിന് ധാരണയാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. വി.ഡി സതീശൻ്റെ വിദേശ പണപ്പിരിവിൻ്റെ എല്ലാ തെളിവുകളും സർക്കാരിൻ്റെ പക്കലുണ്ടായിട്ടും ഒരു നടപടിയുമുണ്ടാകുന്നില്ല. കെ.സുധാകരൻ്റെ കേസിലും മെല്ലെപ്പോക്കാണ് നടക്കുന്നത്.

സർക്കാരും പ്രതിപക്ഷവുമായുള്ള അഡ്ജസ്റ്റ്മെൻ്റ് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. നിയമവാഴ്ചയെ തച്ച് തകർക്കുകയാണ് സർക്കാർ ചെയ്യുന്നത്. കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിനെതിരെയും രണ്ട് മുന്നണികളും ഒരുമിച്ചാണ് നിൽക്കുന്നത്. ഒത്തുതീർപ്പ് രാഷ്ട്രീയത്തിനെതിരെ ബി.ജെ.പി വിപുലമായ പ്രചരണം നടത്തും.

25 ന് ദേശീയ അധ്യക്ഷൻ ജഗത്പ്രകാശ് നദ്ദ തിരുവനന്തപുരത്ത് വരും. കേന്ദ്ര സർക്കാറിൻ്റെ ഒമ്പതാം വാർഷികത്തിൻ്റെ ഭാഗമായി നടക്കുന്ന പരിപാടികളിലും സംസ്ഥാന സർക്കാരിനെതിരെയുള്ള പ്രതിഷേധത്തിലും അദ്ദേഹം പങ്കെടുക്കും. എസ്.എഫ്.ഐ നേതാക്കൾ ഉൾപ്പെട്ട വ്യാജരേഖ കേസും പരീക്ഷ തട്ടിപ്പും സി.പി.എമ്മിൻ്റെ സമർദപ്രകാരം സർക്കാർ അട്ടിമറിക്കുകയാണ്. വിദ്യ ഒളിവിൽ പോയത് സി.പി.എം നേതൃത്വത്തിൻ്റെ അറിവോടെയാണ്.

ദിവ്യ എവിടെയാണെന്ന് പൊലീസിന് അറിയാം. ആഭ്യന്തര വകുപ്പിൻ്റെ അറിവോടെയാണ് എല്ലാം നടക്കുന്നത്. തട്ടിപ്പിനെതിരെ സമരം ചെയ്യുന്നവരെ അടിച്ചമർത്തുകയാണ് സർക്കാർ ചെയ്യുന്നത്. എബിവിപി സെക്രട്ടറിയേറ്റ് മാർച്ചിനെ പൊലീസ് ക്രൂരമായാണ് നേരിട്ടത്. എ.ഐ ക്യാമറ തട്ടിപ്പ് പോലെ പരീക്ഷ തട്ടിപ്പിലും മുഖ്യമന്ത്രി പ്രതികരിക്കുന്നില്ല.

റബർ വില ഇടിയുന്നതിന് ഉത്തരവാദി സംസ്ഥാന സർക്കാരാണ്. കേന്ദ്രം നൽകുന്ന നെല്ല് താങ്ങ് വില കൂടി സംസ്ഥാന സർക്കാർ വിഹിതം നൽകാത്തതിൻ്റെ പേരിൽ നെൽകർഷകർക്ക് നഷ്ടപ്പെടുകയാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. വാർത്താസമ്മേളനത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ്കുര്യൻ, സംസ്ഥാന വക്താവ് നാരായണൻ നമ്പൂതിരി, ജില്ലാ പ്രസിഡൻ്റ് ലിജിൻ ലാൽ എന്നിവരും പങ്കെടുത്തു.

Tags:    
News Summary - Government-opposition understanding in corruption cases-K. Surendran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.