കോഴിക്കോട്: സംസ്ഥാനത്തെ മെഡിക്കൽ കോളജുകളിലെ പി.ജി റസിഡന്റുമാരുടെ അമിത ജോലിഭാരം കുറക്കാനാവശ്യമായ നടപടികൾ സർക്കാർതലത്തിൽ സ്വീകരിക്കുന്നതിന് മുന്നോടിയായി അഡീഷനൽ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ബന്ധപ്പെട്ടവരുടെ യോഗം വിളിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ.
മൂന്നു മാസത്തിനകം കൂടിയാലോചനകൾ പൂർത്തിയാക്കി തീരുമാനമെടുക്കണമെന്ന് കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. സ്വീകരിക്കുന്ന നടപടികൾ അഡീഷനൽ ചീഫ് സെക്രട്ടറിയും ആരോഗ്യവകുപ്പ് ഡയറക്ടറും മൂന്നുമാസത്തിനകം കമീഷനെ അറിയിക്കണം. കോഴിക്കോട് മെഡിക്കൽ കോളജിലെ പി.ജി റസിഡന്റിന്റെ ഭർത്താവായ തൃശൂർ സ്വദേശി സമർപ്പിച്ച പരാതിയിലാണ് നടപടി.
ദിവസം 12 മണിക്കൂറിലധികം ജോലിചെയ്യാൻ തന്റെ ഭാര്യ നിർബന്ധിതയാവുകയാണെന്നാണ് പരാതി. എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ പാലൂട്ടാൻപോലും കഴിയാത്ത സാഹചര്യമാണുള്ളതെന്നും പരാതിയിൽ പറയുന്നു. പരാതിക്കാരന്റെ ആരോപണം കോഴിക്കോട് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ നിഷേധിച്ചു.
എന്നാൽ, കോഴിക്കോട് മെഡിക്കൽ കോളജിൽ മാത്രം ഒതുങ്ങുന്നതല്ല പി.ജി റസിഡന്റുമാരുടെ അമിത ജോലിഭാരമെന്ന് കമീഷൻ ഉത്തരവിൽ നിരീക്ഷിച്ചു. അതിനാൽ പ്രത്യേക കേസായി മാത്രം ഇതിനെ പരിഗണിക്കേണ്ടതില്ല. ഒരു മെഡിക്കൽ കോളജിന് മാത്രം പരിഹരിക്കാൻ കഴിയുന്ന വിഷയമല്ല ഇതെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാർതലത്തിൽ കൂടിയാലോചനക്ക് നിർദേശം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.