Mohanlal

ആനക്കൊമ്പ് കൈവശംവെക്കാൻ സര്‍ക്കാര്‍ നല്‍കിയ അനുമതി റദ്ദാക്കി; മോഹൻലാൽ വിചാരണ നേരിടണം

പെരുമ്പാവൂര്‍: നടന്‍ മോഹന്‍ലാലിന് ആനക്കൊമ്പുകള്‍ കൈവശം വെക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അനുമതി കോടതി റദ്ദാക്കി. അനധികൃതമായി ആനക്കൊമ്പുകള്‍ സൂക്ഷിച്ച കേസില്‍ മോഹന്‍ലാല്‍ വിചാരണ നേരിടണമെന്ന് കുറുപ്പംപടി മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു. ആനക്കൊമ്പ് കൈവശംവെച്ചത് വനം വന്യജീവി നിയമപ്രകാരം കുറ്റകരമാണെന്ന വാദം കണക്കിലെടുത്താണ് അനുമതി റദ്ദാക്കിയത്.

ലാലിന് ആനക്കൊമ്പ് കൈവശം വെക്കാന്‍ അനുമതി നല്‍കിയതിനെതിരെ ഏലൂര്‍ സ്വദേശി എ.എ. പൗലോസും റാന്നി സ്വദേശിയായ മുന്‍ വനം വകുപ്പ് ഉദ്യോഗസ്ഥന്‍ ജയിംസ് മാത്യുവും സമര്‍പ്പിച്ച ഹരജികളില്‍ വിശദവാദം കേട്ട ശേഷമാണ് ഉത്തരവ്.

മൂന്നാം കക്ഷിയുടെ വാദം കേള്‍ക്കേണ്ടെന്ന് ചൂണ്ടിക്കാട്ടി പരാതിക്കാരുടെ ഹരജി മജിസ്‌ട്രേറ്റ് കോടതി നേരത്തേ തള്ളിയിരുന്നു. പരാതിയില്‍ പൊതുതാല്‍പര്യമുണ്ടെന്നും കേസ് പിന്‍വലിക്കാന്‍ അനുമതി നല്‍കിയ സര്‍ക്കാര്‍ തീരുമാനത്തില്‍ പരാതിക്കാരുടെ ഭാഗം കേള്‍ക്കാനും ഹൈകോടതി ഉത്തരവിട്ടിരുന്നു. തുടര്‍ന്നാണ് വിശദവാദം കേട്ടത്. മോഹന്‍ലാലിനെതിരായ കേസ് പിന്‍വലിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ടെന്നു കാണിച്ച് ആഭ്യന്തര വകുപ്പ് കലക്ടര്‍ മുഖേന 2020ല്‍ മജിസ്‌ടേറ്റ് കോടതിയില്‍ അപേക്ഷ നല്‍കുകയായിരുന്നു. കക്ഷിയായ എ.എ. പൗലോസ് പിന്‍മാറുന്നില്ലെന്ന് അഭിഭാഷകന്‍ കോടതിയെ ധരിപ്പിച്ചു.

ഹൈകോടതിയില്‍ കേസ് നിലനില്‍ക്കെ കീഴ് കോടതി സര്‍ക്കാറിന്റെ അപേക്ഷ പരിഗണിക്കരുതെന്നും ആവശ്യപ്പെട്ടിരുന്നു. 2012ല്‍ മോഹന്‍ലാലിന്റെ തേവരയിലെ വീട്ടില്‍നിന്നാണ് ആദായനികുതി വകുപ്പ് ആനക്കൊമ്പ് കണ്ടെത്തിയത്. സംഭവത്തില്‍ 2019 ഒക്ടോബര്‍ 11ന് മോഹന്‍ലാലിനെ പ്രതിയാക്കി കോടനാട് റേഞ്ച് ഓഫിസര്‍ കുറ്റംപത്രം സമര്‍പ്പിച്ചു. നിയമവിരുദ്ധമായി ആനക്കൊമ്പ് കൈവശം വെച്ചതിനാണ് വന്യജീവി സംരക്ഷണ നിയമപ്രകാരം മേക്കപ്പാല ഫോറസ്റ്റ് സ്‌റ്റേഷനില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. 2015ല്‍ ആനക്കൊമ്പ് സൂക്ഷിക്കാന്‍ മോഹന്‍ലാലിനെ ചുമതലപ്പെടുത്തി അന്നത്തെ സര്‍ക്കാര്‍ ഉത്തരവ് ഇറക്കി. 

Tags:    
News Summary - Government's permission to possess ivory revoked; Mohanlal should face trial

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.