‘കുട്ടികളിലെ പുകവലി നല്ല ശീലമല്ല’; സജി ചെറിയാൻ എന്താണ് പറഞ്ഞതെന്ന് അറിയില്ലെന്നും മന്ത്രി എം.ബി. രാജേഷ്

തിരുവനന്തപുരം: കുട്ടികളിലെ പുകവലി നല്ല ശീലമല്ലെന്ന് എക്‌സൈസ് മന്ത്രി എം.ബി. രാജേഷ്. കുട്ടികളിലെ ലഹരി ഉപയോഗം പരാമാവധി കുറക്കാനാണ് എക്‌സൈസ് വകുപ്പിന്റെ ശ്രമം. പുകവലിയെ കുറിച്ച് സജി ചെറിയാന്‍ എന്തുപറഞ്ഞെന്ന് തനിക്ക് അറിയില്ലെന്നും രാജേഷ് വ്യക്തമാക്കി.

കുട്ടികളായാല്‍ കമ്പനിയടിക്കുകയും പുകവലിക്കുകയും ചെയ്യുമെന്ന് സജി ചെറിയാന്‍ പറഞ്ഞിരുന്നു. യു. പ്രതിഭ എം.എല്‍.എയുടെ മകന്‍ ഉള്‍പ്പെട്ട ലഹരിക്കേസിലായിരുന്നു മന്ത്രിയുടെ പ്രതികരണം. എം.എൽ.എയുടെ മകനെതിരെ പുകവലിച്ചതിനാണ് കേസെടുത്തതെന്നും പുകവലിക്കുന്നത് മഹാ അപരാധമാണോ എന്നും സജി ചെറിയാൻ ചോദിച്ചിരുന്നു. കുട്ടികൾ പുകവലിച്ചതിന് ജാമ്യമില്ലാ വകുപ്പ് ചുമത്തിയത് എന്തിനാണെന്നും കായംകുളത്ത് നടന്ന സി.പി.എം രക്തസാക്ഷി പരിപാടിയിൽ മന്ത്രി പ്രസംഗിച്ചിരുന്നു. ഈസമയം പ്രതിഭയും വേദിയിലുണ്ടായിരുന്നു. താനും ജയിലിൽ കിടന്നപ്പോൾ പുകവലിക്കാറുണ്ടായിരുന്നുവെന്നും അന്തരിച്ച എഴുത്തുകാരൻ എം.ടി. വാസുദേവൻ നായരും പുക വലിക്കാറുണ്ടായിരുന്നുവെന്നും മന്ത്രി പറഞ്ഞു.

‘കുട്ടികൾ കൂട്ടം കൂടില്ലേ.. ആ കുട്ടി എന്തെങ്കിലും മോശം കാര്യം ചെയ്‌തെന്ന് എഫ്‌ഐആറിലില്ല. പുകവലിച്ചു എന്നാണ് അതിലുള്ളത്. ഞാനും വല്ലപ്പോഴുമൊക്കെ പുക വലിക്കുന്ന ആളാണ്. പണ്ട് ജയിലിൽ കിടന്നപ്പോൾ വലിച്ചിരുന്നു. എം.ടി വാസുദേവൻ നായർ കെട്ടുകണക്കിനു ബീഡി വലിക്കുമായിരുന്നു. അതു ചിലരുടെ ശീലമാണ്’ -സജി ചെറിയാൻ പറഞ്ഞു.

നേരത്തെ പുകവലി അപരാധമല്ലെന്ന് പ്രസംഗിച്ച മന്ത്രി സജി ചെറിയാനെതിരെ പരാതി ലഭിച്ചിരുന്നു. കെ.പി.സി.സി സെക്രട്ടറി ജോൺ ഡാനിയൽ ആണ് പരാതി നൽകിയത്. ഗവർണർക്കും ഹൈകോടതി ചീഫ് ജസ്റ്റിസിനുമാണ് പരാതി. മന്ത്രിയുടെ പ്രസ്താവന പുകവലിക്കാൻ പ്രേരിപ്പിക്കുന്നതാണ് എന്ന് കാട്ടിയാണ് ജോൺ ഡാനിയൽ പരാതി നൽകിയത്.

Tags:    
News Summary - 'Smoking in children is not a good habit' -Minister MB Rajesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.