ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നവീൻ ബാബുവിന്‍റെ വീട്ടിലെത്തി കുടുംബാഗങ്ങളുമായി സംസാരിക്കുന്നു

'അന്വേഷണത്തിൽ വിശ്വാസമുണ്ട്, ഇടപെടേണ്ട സാഹചര്യം വന്നാൽ ഉറപ്പായും ഇടപെടും'; നവീൻ ബാബുവിന്‍റെ വീട്ടിലെത്തി ഗവർണർ

പത്തനംതിട്ട: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അന്തരിച്ച എ.ഡി.എം നവീൻ ബാബുവിന്‍റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ടു. ഉച്ചക്ക് ഒന്നരയോടെയാണ് ഗവർണർ നവീൻ ബാബുവിന്‍റെ പത്തനംതിട്ടയിലെ വീട്ടിലെത്തിയത്. നവീൻ ബാബുവിന്‍റെ ഭാര്യയും മക്കളും അടങ്ങുന്ന കുടുംബാംഗങ്ങളെ അദ്ദേഹം ആശ്വസിപ്പിച്ചു. ഗവർണരുടെ സന്ദർശനം ഉണ്ടാവുമെന്ന് കഴിഞ്ഞ ദിവസം രാജ്ഭവൻ അറിയിച്ചിരുന്നു. 

'അന്വേഷണത്തിൽ വിശ്വാസമുണ്ട്. ഇടപെടേണ്ട സാഹചര്യം വന്നാൽ ഉറപ്പായും ഇടപെടും. പ്രധാനമായും ഞാനിവിടെ വന്നിരിക്കുന്നത് അവരെ ആശ്വസിപ്പിക്കാനും അനുശോചനം അറിയിക്കാനുമാണ്. അവരുടെ ദു:ഖത്തിൽ ഞാനും പങ്കുചേരുന്നു. അവർക്ക് നഷ്ടപ്പെട്ടത് അവരുടെ കുടുംബനാഥനെയാണ്. അവർക്കൊപ്പമുണ്ടെന്ന് പറയാൻ, അവരെ ആശ്വസിപ്പിക്കാനാണ് ഞാനിവിടെ വന്നത്' -ഗവർണർ പറഞ്ഞു.

കണ്ണൂര്‍ അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് നവീന്‍ ബാബുവിനെ കഴിഞ്ഞ ചൊവ്വാഴ്ചയാണ് കണ്ണൂര്‍ പള്ളിക്കുന്നിലെ ക്വാര്‍ട്ടേഴ്സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ അഴിമതി ആരോപണം ഉന്നയിച്ചതിന് പിന്നാലെയായിരുന്നു മരണം. സംഭവത്തിൽ ദിവ്യക്കെതിരെ ജാമ്യമില്ല വകുപ്പ് ചുമത്തിയാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്തത്. എന്നാൽ, പൊലീസ് ദിവ്യയെ ചോദ്യം ചെയ്തിട്ടില്ല.

എ.ഡി.എമ്മിന്റെ മരണം വിവാദമായതിന് പിന്നാലെ ദിവ്യയെ ജില്ല പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തു നിന്ന് സി.പി.എം മാറ്റിയിരുന്നു. ദിവ്യയുടെ മുൻകൂർ ജാമ്യഹരജി വ്യാഴാഴ്ച പരിഗണിക്കാനായി മാറ്റിയിരിക്കുകയാണ്. 

Tags:    
News Summary - Governor Arif Mohammad Khan visited Naveen Babu's house and spoke to his family members

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.