എന്നോട് പറയാനുള്ളത് മാധ്യമങ്ങളിലൂടെ പറയരുത്, നേരിട്ട് പറയാൻ രാജ്ഭവനിലേക്ക് വരൂ -പിണറായിയോട് ഗവർണർ

തിരുവനന്തപുരം: തന്നോട് പറയാനുള്ള കാര്യങ്ങൾ മാധ്യമങ്ങളിലൂടെയല്ലാതെ നേരിട്ട് പറയാൻ രാജ്ഭവനി​ലേക്ക് ക്ഷണിക്കുന്നുവെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തടഞ്ഞുവെച്ച ബില്ലുകളുടെ അടിയന്തര സാഹചര്യം നേരിട്ട് ബോധ്യപ്പെടുത്തണമെന്നും ഗവർണർ പറഞ്ഞു. മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘എനിക്ക് ആരോടും മുൻവിധിയി​​ല്ല. പറയാനുള്ള കാര്യങ്ങൾ നേരിട്ടുപറയൂ. അതിന് രാജ്ഭവനിലേക്ക് വരൂ. എന്നോട് മാധ്യമങ്ങൾ മുഖേന സംസാരിക്കേണ്ടതില്ല. മുഖ്യമന്ത്രിയുടെ അനുയായികളോടും പാർട്ടിമെമ്പർമാരോടും ഭരണഘടനയെ നിന്ദിക്കരുതെന്ന് പറയണം, പാക് അധീന കശ്മീരിനെ സ്വതന്ത്ര കശ്മീർ എന്നു വിളിക്കുന്നത് നിർത്താൻ പറയണം, വിഘടനവാദത്തിനും പ്രാദേശികവാദത്തിനും അഗ്നിപകരുന്നത് നിർത്താൻ പറയണം. ഇവയൊക്കെയാണ് ഭരണഘടനാവിരുദ്ധമായ കാര്യങ്ങൾ. ഇന്ത്യയുടെ ഐക്യത്തിന് വിഘാതമാകു​ന്ന കാര്യങ്ങളാണിവ’ -ആരിഫ് മുഹമ്മദ് ഖാൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

എന്തുകാര്യവും വിളിച്ചുപറയാവുന്ന സ്ഥാനമാണ് ഗവര്‍ണര്‍പദവിയെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ കരുതരുതെന്ന് കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ പാലക്കാട് പറഞ്ഞിരുന്നു. ‘കേരളത്തില്‍ ഭരണം നടത്തുന്നത് മന്ത്രിമാരല്ല പ്രൈവറ്റ് സെക്രട്ടറിമാരാണെന്നാണ് ഗവര്‍ണര്‍ പറയുന്നത്. ഇതേവരെ കേന്ദ്രമന്ത്രിമാരോ കേന്ദ്രസര്‍ക്കാരോ ഇങ്ങനെയൊരുകാര്യം പറഞ്ഞിട്ടില്ല. അതിനര്‍ഹിക്കുന്നരീതിയില്‍ മറുപടിപറയുന്നില്ല. പ്രൈവറ്റ് സെക്രട്ടറിമാരാണ് ഭരണം നടത്തുന്നതെന്നുപറയാന്‍ എന്തനുഭവമാണ് ഈ മനുഷ്യനുള്ളത്.

കേരളത്തിനെതിരായ ഒരു മനുഷ്യന്‍ കേരളത്തിന്റെ ഗവര്‍ണറായിരുന്നാല്‍ എങ്ങനെയിരിക്കും? അവസരവാദപരമായി ഗവര്‍ണര്‍ സ്വീകരിക്കുന്ന നിലപാടുകള്‍ സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസരംഗത്ത് നിലനില്‍ക്കുന്ന സമാധാനാന്തരീക്ഷത്തെ കലുഷിതമാക്കുകയാണ്. കേരള, കാലിക്കറ്റ് സര്‍വകലാശാല സെനറ്റുകളിലേക്ക് ആര്‍.എസ്.എസിന് വേണ്ടപ്പെട്ടവരെ നിയമിക്കാനല്ല ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നിയമസഭ, ചാന്‍സലര്‍പദവി നല്‍കിയത്.

ഈ സര്‍വകലാശാലകള്‍ തയ്യാറാക്കിനല്‍കിയ അര്‍ഹരായവരുടെ പട്ടികയ്ക്കുപകരം പുതിയ പട്ടിക ഗവര്‍ണര്‍ കൊണ്ടുവന്നത് ആരുടെ നിര്‍ദേശപ്രകാരമാണ്? കേന്ദ്രസര്‍ക്കാരിന്റെ അറിവും സമ്മതവും അംഗീകാരവും ഈ നീക്കത്തിനുപിന്നിലുണ്ട്’ -മുഖ്യമന്ത്രി പറഞ്ഞു.

Tags:    
News Summary - Governor arif mohammed khan against pinarayi vijayan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.