1. ഗുരുവായൂർ ക്ഷേത്രത്തിന്‍റെ കിഴക്കേ നടയിൽ തൊഴുത് പ്രാർഥിക്കുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ 2. ഗവർണർ ഗുരുവായൂരിൽ തുലാഭാരം നടത്തുന്നു

ഗുരുവായൂരപ്പനെ തൊഴുതും തുലാഭാരം നടത്തിയും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ

ഗുരുവായൂർ: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഗുരുവായൂരപ്പന് മുന്നിൽ തുലാഭാരം വഴിപാട്. വൈകീട്ട് ക്ഷേത്രം കിഴക്കേ നട പന്തലിൽ വെച്ചായിരുന്നു ഗവർണർക്ക് 83 കിലോ കദളിപ്പഴംകൊണ്ട് തുലാഭാരം നടത്തിയത്. ഇതിനായി 4250 രൂപ ക്ഷേത്രത്തിൽ അടച്ചു. മാടമ്പ് കുഞ്ഞുകുട്ടന്‍ സുഹൃദ് സമിതി സംഘടിപ്പിച്ച മാടമ്പ് അനുസ്മരണം ഉദ്ഘാടനം ചെയ്യാനാണ് ഗവര്‍ണര്‍ ഗുരുവായൂരിലെത്തിയത്.

തനിക്ക് ക്ഷേത്രത്തിൽ വഴിപാട് നടത്താൻ താൽപര്യമുണ്ടെന്ന് ഗവർണർ സംഘാടകരെ അറിയിക്കുകയായിരുന്നു. ക്ഷേത്രത്തിന് പുറത്ത് നടത്താവുന്ന വഴിപാട് തുലാഭാരമാണെന്ന് അറിയിച്ചതിനെ തുടർന്നാണ് തുലാഭാരം നിശ്ചയിച്ചത്. അഹിന്ദുക്കൾക്ക് ക്ഷേത്രത്തിന് പുറത്ത് നടപ്പന്തലിലാണ് തുലാഭാരം നടത്തുക. ശ്രീവത്സം ഗെസ്റ്റ് ഹൗസിൽനിന്ന് കാൽനടയായാണ് ഗവർണർ ക്ഷേത്ര പരിസരത്ത് എത്തിയത്. കിഴക്കേ ഗോപുര കവാടത്തിൽനിന്ന് തൊഴുത് പ്രാർഥിച്ചു.

ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ ഗവർണർക്ക് ഗുരുവായൂരപ്പന്റെ പ്രസാദം നൽകി. തുടർന്നായിരുന്നു തുലാഭാരം. കിഴക്കേ നട പന്തലിൽ തുലാഭാരത്തട്ടും 100 കിലോയോളം കദളിപ്പഴവും നേരത്തേ ഒരുക്കിവെച്ചിരുന്നു. മഞ്ഞപ്പട്ട് വിരിച്ച തുലാഭാരത്തട്ടിൽ ഇരുന്ന് ഗവർണർ കൈകൂപ്പി പ്രാർഥിച്ചു. ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ, ഭരണസമിതി അംഗങ്ങളായ വി.ജി. രവീന്ദ്രൻ, സി. മനോജ്, അഡ്മിനിസ്ട്രേറ്റർ കെ.പി. വിനയൻ എന്നിവർ ഗവർണറെ അനുഗമിച്ചു. തുലാഭാരത്തിനു ശേഷം 4.40ഓടെ ഗവർണർ ശ്രീവത്സം ഗെസ്റ്റ് ഹൗസിലേക്ക് മടങ്ങി.

Tags:    
News Summary - Governor Arif Mohammed Khan visit guruvayur temple

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.