തിരുവനന്തപുരം: സംസ്ഥാന ഭരണത്തിൽ ഗവർണറും സർക്കാറും തമ്മിൽ രണ്ട് വർഷത്തിലേറെയായി നിലനിൽക്കുന്ന ശീതസമരം നിയമയുദ്ധമായി ഇനി പരമോന്നത കോടതിയിൽ. എട്ട് ബില്ലുകളിൽ ഗവർണർ തീരുമാനമെടുക്കാതെ അനന്തമായി നീട്ടിക്കൊണ്ടുപോകുന്ന നടപടിയെ ചോദ്യം ചെയ്താണ് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ എത്തിയത്.
ഇതിൽ മൂന്ന് ബില്ലുകൾ നിയമസഭ പാസാക്കി ഗവർണറുടെ അംഗീകാരത്തിന് അയച്ചിട്ട് ഈ മാസം 12ന് രണ്ടുവർഷം പൂർത്തിയാകും. മൂന്ന് ബില്ലുകൾ ഒരു വർഷത്തിലേറെ മുമ്പും ഗവർണർക്കയച്ചതാണ്. സുപ്രീംകോടതിയെ സമീപിക്കും മുമ്പ് മുതിർന്ന അഭിഭാഷകൻ ഫാലി എസ്. നരിമാന്റെ അഭിപ്രായം തേടിയിരുന്നു. കെ.കെ. വേണുഗോപാലിന്റെ സേവനവും ഉപയോഗിച്ചു.
ബില്ലുകൾ ബന്ധപ്പെട്ട മന്ത്രിമാർ എത്തി വിശദീകരിക്കണമെന്ന് ഗവർണർ നിലപാട് സ്വീകരിച്ചിരുന്നു. ഇതിനുശേഷം മന്ത്രിമാരും വകുപ്പ് സെക്രട്ടറിമാരും രാജ്ഭവനിലെത്തി വിശദീകരിച്ചു.
എന്നാൽ, മുഖ്യമന്ത്രി രാജ്ഭവനിലെത്തി ബില്ലുകൾ വിശദീകരിക്കുന്നില്ലെന്ന നിലപാടിലേക്ക് ഗവർണർ മാറി. ഇതിന് പിന്നാലെയാണ് സർക്കാർ പശ്ചിമ ബംഗാൾ, തെലങ്കാന, തമിഴ്നാട് സർക്കാറുകളുടെ രീതി പിന്തുടർന്ന് സുപ്രീംകോടതിയെ സമീപിക്കാൻ കേരളം തീരുമാനിച്ചത്. ഗവർണറുടെ അംഗീകാരം ലഭിക്കാത്ത എട്ട് ബില്ലുകളിൽ അഞ്ചെണ്ണവും സർവകലാശാല നിയമങ്ങളിലുള്ള ഭേദഗതിക്കായുള്ളതാണ്. സ്വയംഭരണ കോളജുകളുമായി ബന്ധപ്പെട്ട സർവകലാശാല നിയമത്തിലെ വ്യവസ്ഥകളിൽ ഭേദഗതി ലക്ഷ്യമിട്ടുള്ള ബിൽ, സർവകലാശാല അപ്പലേറ്റ് ട്രൈബ്യൂണൽ നിയമനം സംബന്ധിച്ച നിയമവ്യവസ്ഥയിൽ ഭേദഗതി വരുത്താനുള്ള ബിൽ, എ.പി.ജെ. അബ്ദുൽ കലാം സാങ്കേതിക സർവകലാശാല ഭരണസമിതികളുടെ ഘടനയിൽ മാറ്റം വരുത്താനുള്ള ബിൽ എന്നിവ നിയമസഭ പാസാക്കിയശേഷം 2021 നവംബർ 12നാണ് ഗവർണറുടെ അംഗീകാരത്തിനായി അയച്ചത്.
മിൽമ ഭരണസമിതിയിലേക്ക് നാമനിർദേശം ചെയ്ത അംഗങ്ങൾക്കും വോട്ടവകാശം അനുവദിക്കുന്നത് വ്യവസ്ഥ ചെയ്യുന്ന സഹകരണ സംഘം ഭേദഗതി ബിൽ 2022 ജൂലൈ 25നും സർവകലാശാല വൈസ് ചാൻസലർ നിയമനത്തിനുള്ള സെർച് കമ്മിറ്റിയുടെ ഘടനയിൽ മാറ്റം വരുത്താനുള്ള ബിൽ 2022 സെപ്റ്റംബർ മൂന്നിനും കേരള ലോകായുക്ത നിയമഭേദഗതി ബിൽ 2022 സെപ്റ്റംബർ ഒമ്പതിനുമാണ് അയച്ചത്.
സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ മാറ്റാനും പകരം വിദ്യാഭ്യാസ വിദഗ്ധരെ ചാൻസലറാക്കാനും വ്യവസ്ഥ ചെയ്യുന്ന ബിൽ 2022 ഡിസംബർ 22നും കേരള പൊതുജനാരോഗ്യ ബിൽ 2023 ഏപ്രിൽ ആറിനും അയച്ചു.
സെർച് കമ്മിറ്റി ഘടന മാറ്റാനുള്ള ബിൽ, ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ മാറ്റാനുള്ള ബിൽ എന്നിവക്ക് അംഗീകാരം ലഭിക്കാത്തത് സർവകലാശാലകളുടെ ഭരണത്തെതന്നെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഏഴ് സർവകലാശാലകളിൽ സ്ഥിരം വൈസ്ചാൻസലർമാരില്ലാത്ത സാഹചര്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.