തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായുള്ള ഏറ്റുമുട്ടലിന് അപ്രതീക്ഷിത തിരിച്ചടിയായി ആരോഗ്യ സർവകലാശാല വി.സിയുടെ പുനർനിയമനം. ബി.ജെ.പിയുടെയും കേന്ദ്രസർക്കാറിന്റെയും അടുപ്പക്കാരനായ ഡോ. മോഹനൻ കുന്നുമ്മലിന് പുനർനിയമനം നൽകിയതിലൂടെ സർവകലാശാലകളുടെ ഭരണത്തിൽ ഗവർണറുടെ ലക്ഷ്യവും വ്യക്തമായി. 2019ൽ ആരിഫ് മുഹമ്മദ് ഖാൻ ഗവർണറായി വന്ന ശേഷം ആദ്യം നടത്തിയ വി.സി നിയമനം മോഹനൻ കുന്നുമ്മലിന്റേതായിരുന്നു. അന്ന് സെർച് കമ്മിറ്റി നൽകിയ പാനലിലെ ഒന്നാം പേരുകാരനായ ഡോ. പ്രവീൺലാൽ കുറ്റിച്ചിറ, രണ്ടാമനായിരുന്ന ഡോ.വി. രാമൻ കുട്ടി എന്നിവരെ വെട്ടിയാണ് മൂന്നാമനായിരുന്ന മോഹനനെ നിയമിച്ചത്. സെർച് കമ്മിറ്റിയിലെ യു.ജി.സി പ്രതിനിധിയുടെ ബലത്തിലാണ് മോഹനൻ പാനലിൽ ഇടം പിടിച്ചത്. അന്നത്തെ കേന്ദ്രമന്ത്രിയായിരുന്ന ബി.ജെ.പി നേതാവിന്റെ ഇടപെടലിലൂടെയാണ് മോഹനന് വഴിയൊരുങ്ങിയത്.
2022 ഒക്ടോബറിൽ കേരള സർവകലാശാലയിൽ വി.സി പദവി ഒഴിവുവന്നപ്പോൾ സർക്കാർ താൽപര്യം പരിഗണിക്കാതെ മോഹനന് ഗവർണർ അധിക ചുമതല നൽകി. സർവകലാശാലയിൽ രാജ്ഭവൻ താൽപര്യങ്ങൾക്ക് അനുസൃതമായാണ് വി.സി പ്രവർത്തിച്ചത്. ഇത്തവണ ആരോഗ്യ സർവകലാശാലയിൽ പുനർനിയമനം നൽകിയതിനൊപ്പം കേരള സർവകലാശാല വി.സിയുടെ അധിക ചുമതല നൽകി. ഇതോടെ രണ്ടു സർവകലാശാലകളുടെ നിയന്ത്രണം ഉറപ്പിക്കാൻ രാജ്ഭവനായി. കേരളയിലെ വി.സി പദവി ലക്ഷ്യമിട്ട് രാജ്ഭവൻ വഴി സംഘ്പരിവാർ തന്ത്രങ്ങൾ മെനഞ്ഞു തുടങ്ങിയതോടെയാണ് സർക്കാറും ഗവർണറും പരസ്യഏറ്റുമുട്ടലിലെത്തിയത്. ഇതോടെ സംസ്ഥാനത്തെ 13 സർവകലാശാലകൾക്കും സ്ഥിരം വി.സിയില്ലാത്ത സാഹചര്യമായി.
ആദ്യം സെർച് കമ്മിറ്റിയിൽ ഗവർണർക്കുള്ള മേൽക്കൈ ഇല്ലാതാക്കിയും പിന്നീട് ചാൻസലർ പദവിയിൽനിന്ന് ഗവർണറെ മാറ്റിയും സർക്കാർ നിയമസഭയിൽ ബിൽ പാസാക്കിയെങ്കിലും ഒപ്പിടാതെ തടഞ്ഞുവെക്കുകയും സർക്കാർ സുപ്രീംകോടതിയിലെത്തിയതോടെ രാഷ്ട്രപതിക്ക് റഫർ ചെയ്തുമായിരുന്നു ഗവർണറുടെ പ്രതിരോധം. ബില്ലുകൾ രാഷ്ട്രപതി തിരിച്ചയച്ചതോടെ സർക്കാർ നീക്കം ലക്ഷ്യം കണ്ടില്ല. ഒഴിവുവരുന്ന വി.സി പദവികളിലെല്ലാം സർക്കാർ ശിപാർശ തള്ളി ഗവർണർ സ്വന്തം നിലക്ക് താൽക്കാലിക വി.സിമാരെ നിയമിച്ചുവരുകയായിരുന്നു. ഇതിനിടെയാണ് ആരോഗ്യ സർവകലാശാല വി.സി പദവിയിൽ താൽക്കാലിക വി.സിക്ക് പകരം ബി.ജെ.പി താൽപര്യത്തിൽ മോഹനന് പുനർനിയമനം നൽകിയത്. പുതിയ വി.സി നിയമനത്തിനായി സെർച് കമ്മിറ്റി രൂപവത്കരിച്ചുള്ള വിജ്ഞാപനം റദ്ദ് ചെയ്താണ് പുനർനിയമനം. ഗവർണറുടെ ഈ നീക്കം സർക്കാർ പ്രതീക്ഷിച്ചതുമില്ല. കേരള സർവകലാശാല ചരിത്രത്തിൽ ആദ്യമായി രണ്ട് ബി.ജെ.പി അംഗങ്ങൾ സിൻഡിക്കേറ്റിലേക്ക് തെരഞ്ഞെടുക്കപ്പെടാൻ അവസരമൊരുക്കിയതും മോഹനൻ വി.സിയായിരിക്കെയാണെന്നതും പുനർനിയമനത്തിനുള്ള വഴി എളുപ്പമാക്കി. അതേസമയം, കണ്ണൂർ സർവകലാശാല വി.സിയായിരുന്ന ഡോ. ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകാനായി സർക്കാർ നിർദേശ പ്രകാരം അഡ്വക്കറ്റ് ജനറൽ നൽകിയ നിയമോപദേശവും മോഹനന്റെ പുനർനിയമനത്തിന് ആയുധമായി. വി.സിയുടെ പുനർനിയമനത്തിന് സെർച് കമ്മിറ്റിയോ പ്രായപരിധി പരിഗണിക്കുകയോ വേണ്ടെന്നായിരുന്നു നിയമോപദേശം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.