തിരുവനന്തപുരം: ഗവർണറുടെ ഭരണഘടനാതീതമായ നീക്കത്തെ രാഷ്ട്രീയമായി നേരിടാൻ സർക്കാറും ഇടതുമുന്നണിയും. നിയമസഭ പാസാക്കിയ സർവകലാശാല, ലോകായുക്ത ഭേദഗതി ബില്ലുകളിൽ അടക്കം ഗവർണറുടെ നിലപാട് കാത്തിരുന്നുകാണുക എന്ന നയമാണ് സർക്കാറിന്. ആർ.എസ്.എസ് ബന്ധം പരസ്യമായി സമ്മതിച്ച ആരിഫ് മുഹമ്മദ്ഖാന്‍റെ രാഷ്ട്രീയം ആവർത്തിച്ച് ഓർമിപ്പിച്ചാവും സി.പി.എമ്മും എൽ.ഡി.എഫും സർക്കാറിനും മുഖ്യമന്ത്രിക്കും പ്രതിരോധം ഉയർത്തുക.
ബുധനാഴ്ച വൈകീട്ട് ഡൽഹിക്ക് പോകുന്ന ഗവർണർ ഇനി ഒക്ടോബർ ആദ്യവാരമേ സംസ്ഥാനത്ത് തിരികെയെത്തൂ. പ്രധാനമന്ത്രിക്കൊപ്പമുള്ള പരിപാടികളിൽ അദ്ദേഹം പങ്കെടുക്കുന്നുണ്ട്. ഗവർണർക്ക് ഭരണഘടനപരമായി പരിമിതമായ അധികാരമേയുള്ളൂവെന്ന വസ്തുതയിൽ ഊന്നിയാവും സർക്കാറിന്‍റെ മുന്നോട്ടുപോക്ക്. ഭരണഘടനയുടെ 163 ാം അനുച്ഛേദ പ്രകാരം മന്ത്രിസഭയുടെ ഉപദേശത്തിനെതിരായോ വിരുദ്ധമായോ പ്രവർത്തിക്കാനുള്ള അധികാരം ഗവർണർക്ക് നൽകുന്നില്ല. ഗവർണറുടെ പ്രവർത്തനങ്ങൾ ഏകപക്ഷീയവും ഭാവനപരവും ആവരുത്, യുക്തിപരവും സദുദ്ദേശപരവും ശ്രദ്ധയോടുകൂടിയതുമാവണമെന്ന സർക്കാരിയ കമീഷൻ റിപ്പോർട്ട് സംസ്ഥാന സർക്കാറിന്‍റെ നിലപാടാണ് ശരിയെന്ന് വ്യക്തമാക്കുന്നുവെന്നാണ് സി.പി.എം വിലയിരുത്തൽ.
വിവാദ ബില്ലുകൾ അംഗീകരിക്കാതെ 'പിടിച്ചുവെക്കു'മെന്ന ഭീഷണിയെ നേരിടാൻ ഉറച്ചുതന്നെയാണ് സർക്കാർ. നിയമസഭ പാസാക്കിയ ബില്ല് അനാദികാലം കൈവശംവെക്കുന്നത് സർക്കാറിന് പ്രായോഗികമായ പ്രശ്നം സൃഷ്ടിക്കാം. ഭരണപരമായ പ്രതിസന്ധി ഉണ്ടാക്കില്ല. ബില്ലുകൾ കാണാതെ തന്നെ മുൻകൂട്ടി ഒപ്പിടില്ലെന്ന് പ്രഖ്യാപിച്ച ഗവർണർ സർക്കാറിന് പ്രതിബന്ധം സൃഷ്ടിക്കാനാണ് പോകുന്നതെന്നും ഇടത് നേതൃത്വം മനസ്സിലാക്കുന്നു.
സംസ്ഥാന സെക്രട്ടറിയായശേഷം എം.എൻ സ്മാരകത്തിലെത്തി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ കണ്ട എം.വി. ഗോവിന്ദൻ ഗവർണറുടെ ഉടക്കുനയത്തെക്കുറിച്ചും സംസാരിച്ചു.
ബില്ലുകളുടെ കാര്യത്തിൽ കാത്തിരുന്നുകാണാമെന്ന ധാരണയാണ് ഇരു നേതൃത്വത്തിനും. ഗവർണറുടെ മുൻ ആരോപണത്തിന് സർക്കാറിന്‍റെ മറുപടി മുഖ്യമന്ത്രിയും രാഷ്ട്രീയ മറുപടി ഇരു ഇടത് പാർട്ടികളും നൽകി. ഗവർണറുടെ ആർ.എസ്.എസ് ബന്ധം, ന്യൂനപക്ഷ വിരുദ്ധത, ഭരണഘടന ലംഘനം എന്നിവ എടുത്തുകാട്ടി വരുംദിവസങ്ങളിലും ഇടത് മുന്നണിയിൽനിന്നും മന്ത്രിമാരിൽനിന്നും പ്രതികരണമുണ്ടാവും. കേന്ദ്ര സർക്കാറിനെതിരായ പ്രതിഷേധ പരിപാടി ഉൾപ്പെടെ വേദികൾ ബി.ജെ.പിക്കും ഗവർണർക്കും മറുപടി നൽകാനുള്ള അവസരമായി ഉപയോഗിക്കുകയാണ് സി.പി.എം.
വി.സി നിയമനം: സെർച് കമ്മിറ്റി ഘടന മാറ്റില്ലെന്ന് ഗവർണർക്ക് ഉറപ്പ്; ഇടഞ്ഞപ്പോൾ ഘടന മാറ്റാൻ ബിൽ
തിരുവനന്തപുരം: സർവകലാശാലകളിലെ വി.സി നിയമനത്തിനുള്ള സെർച് കമ്മിറ്റിയുടെ ഘടന മാറ്റാൻ നീക്കമില്ലെന്ന് മുഖ്യമന്ത്രി ഗവർണർക്ക് ഉറപ്പുനൽകിയതായി രേഖ. ഗവർണർ കഴിഞ്ഞ ദിവസം പുറത്തുവിട്ട കത്തുകളിലാണ് സെർച് കമ്മിറ്റി ഘടന മാറ്റാൻ ആലോചിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയതായി കാണുന്നത്. സെർച് കമ്മിറ്റിയിൽ മാറ്റം വരുത്താനുള്ള നീക്കം കഴിഞ്ഞ ഡിസംബറിൽതന്നെ ഗവർണർ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിയെന്നും കത്തിൽ വ്യക്തമാണ്. ഗവർണറുടെ കത്തിൽ ചൂണ്ടിക്കാട്ടിയ ഉന്നത വിദ്യാഭ്യാസ കൗൺസിൽ ശിപാർശയാണ് പിന്നീട് നിയമസഭയിൽ ബില്ലായി കൊണ്ടുവന്ന് പാസാക്കുകയും ഇപ്പോൾ ഗവർണറുടെ അംഗീകാരം കാത്തുകിടക്കുന്നതും.
കഴിഞ്ഞ ഡിസംബർ 18ന് പ്രസിദ്ധീകരിച്ച മാധ്യമ വാർത്തകൾ ചൂണ്ടിക്കാട്ടിയായിരുന്നു ഗവർണറുടെ കത്തിലെ പരാമർശം. സെർച് കമ്മിറ്റി ചെയർമാനെ നിയമിക്കാനുള്ള ചാൻസലറുടെ അധികാരം എടുത്തുകളയാനും അത് സർക്കാറിൽ നിക്ഷിപ്തമാക്കാനുള്ള ഉന്നത വിദ്യാഭ്യാസ കൗൺസിൽ ശിപാർശ സമർപ്പിച്ചതുമായി ബന്ധപ്പെട്ട മാധ്യമ വാർത്തയാണ് ഗവർണർ കഴിഞ്ഞ ഡിസംബർ 24ന് മുഖ്യമന്ത്രിക്കയച്ച കത്തിൽ ചൂണ്ടിക്കാട്ടിയത്. ഈ കത്തിനുള്ള മറുപടിയിൽ സെർച് കമ്മിറ്റി ഘടനയിൽ മാറ്റത്തിനുള്ള നീക്കമോ നിർദേശമോ സർക്കാറിന്‍റെ മുന്നിലില്ലെന്ന് മുഖ്യമന്ത്രിയും വ്യക്തമാക്കി. എന്നാൽ, കഴിഞ്ഞ നിയമസഭ സമ്മേളനത്തിൽ അവതരിപ്പിച്ച് പാസാക്കിയ സെർച് കമ്മിറ്റി ഘടന മാറ്റുന്ന ബില്ലിനുള്ള കാരണമായി രേഖപ്പെടുത്തിയത് ഉന്നത വിദ്യാഭ്യാസ കൗൺസിൽ നൽകിയ ശിപാർശതന്നെയാണ്.
കണ്ണൂർ വി.സിയുടെ പുനർനിയമനം, കാലടി വി.സി നിയമനം എന്നിവയിൽ ഗവർണറും സർക്കാറും ഇടഞ്ഞുനിൽക്കുന്നതിനിടെയാണ് സെർച് കമ്മിറ്റി ഘടനയിൽ മാറ്റം വരുത്താനുള്ള ഉന്നത വിദ്യാഭ്യാസ കൗൺസിൽ യോഗ ശിപാർശ പുറത്തുവന്നത്. മുഖ്യമന്ത്രിയുടെ ഉറപ്പിൽ തുടർന്നും ചാൻസലറുടെ ചുമതല നിർവഹിച്ച ഗവർണർ സർക്കാറുമായുള്ള ഏറ്റുമുട്ടലിൽനിന്ന് തൽക്കാലം പിൻവാങ്ങിയിരുന്നു. എന്നാൽ, കേരള സർവകലാശാല വി.സി നിയമനത്തിനുള്ള സെർച് കമ്മിറ്റി രൂപവത്കരിക്കുന്നതിന്‍റെ മുന്നോടിയായി സർക്കാർ ഉന്നത വിദ്യാഭ്യാസ കൗൺസിൽ ശിപാർശ വീണ്ടുമെടുത്ത് ഓർഡിനൻസ് കൊണ്ടുവരാൻ ശ്രമം തുടങ്ങി. ഇതിനിടെ 11 ഓർഡിനൻസുകളിൽ ഗവർണർ ഒപ്പിടാതെ വന്നതോടെ അടിയന്തര നിയമസഭ വിളിക്കുകയും പാഴായ ഓർഡിനൻസുകൾക്ക് പകരം ബിൽ കൊണ്ടുവരുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.