ഗവർണർ വിദ്യാഭ്യാസ മേഖലയിൽ സംഘ് പരിവാർ അജണ്ട നടപ്പിലാക്കാൻ ശ്രമിക്കുന്നു- എം.ഐ അബ്ദുൽ അസീസ്

തിരൂർ (മലപ്പുറം): കേരള ഗവർണർ ഉന്നത വിദ്യാഭ്യാസ മേഖലയിൽ സംഘ് പരിവാർ അജണ്ടകൾ നടപ്പിലാക്കാൻ ശ്രമിക്കുകയാണെന്ന് ജമാഅത്ത് ഇസ്‌ലാമി കേരള അമീർ എം.ഐ അബ്ദുൽ അസീസ്. ഇതിനെ ചെറുത്തു തോൽപ്പിക്കാൻ കേരളം ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

സംഘ്പരിവാറിന് വിധേയപ്പെടുന്ന നിലപാട് ആരുടെ ഭാഗത്ത് നിന്നുണ്ടായാലും എതിർക്കപ്പെടണം. കേരളത്തിലെ പൊലീസ് സംവിധാനത്തിലും സംഘ് പരിവാർ സ്വാധീനമുണ്ട്. അതിനെ അടിമുടി അഴിച്ചു പണിയാനുള്ള ആർജവം ഇടതുപക്ഷ സർക്കാർ പ്രകടിപ്പിക്കേണ്ടതുണ്ട്.

പൊതുവിദ്യാഭ്യാസ മേഖലയിൽ ലിബറൽ ആശയങ്ങൾ അടിച്ചേൽപ്പിക്കാനാണ് കേരള സർക്കാർ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ജെൻഡർ ന്യൂട്രൽ ആശയങ്ങൾ നടപ്പിലാക്കുന്നതിൽ നിന്ന് പൂർണ്ണമായും പിൻവാങ്ങണമെന്നും അമീർ അഭിപ്രായപ്പെട്ടു. ജമാഅത്ത് ഇസ്‌ലാമി കേരള സംഘടിപ്പിച്ച അധ്യാപക സംഗമം ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ജെൻഡർ ന്യൂട്രാലിറ്റി നമ്മുടെ സമീപനം' എന്ന വിഷയത്തിൽ ജമാഅത്ത് ഇസ്ലാമി സംസ്ഥാന സമിതിയംഗം ടി.മുഹമ്മദ് വേളവും 'പാഠ്യപദ്ധതിയും ജെൻഡർ ന്യൂട്രൽ ആശയങ്ങളും' എന്ന വിഷയത്തിൽ ജമാഅത്ത് ഇസ്ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂരും സംസാരിച്ചു. ബഷീർ ഹസൻ നദ്‌വി അദ്ധ്യക്ഷത വഹിച്ചു. മലിക് ഷഹബാസ് സ്വാഗതവും ഹബീബ് ജഹാൻ സമാപനവും നിർവ്വഹിച്ചു.

Tags:    
News Summary - Governor trying to implement Sangh Parivar agenda in education sector - MI Abdul Aziz

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.