തിരുവനന്തപുരം: രാജ്ഭവനില്‍ 20 ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യമന്ത്രിക്കയച്ച കത്ത് പുറത്ത്. സർവകലാശാല നിയമന വിവാദങ്ങളിൽ ഉൾപ്പെടെ സർക്കാറിനെ പ്രതിക്കൂട്ടിൽ നിർത്തിയുള്ള ഗവർണറുടെ നീക്കങ്ങൾക്കിടെയാണ് രാജ്ഭവനിലെ നിയമനങ്ങൾ സംബന്ധിച്ച ഗവർണറുടെ കത്തിടപാടുകൾ പുറത്തുവരുന്നത്.
കുടുംബശ്രീ മുഖേന രാജ്ഭവനിൽ ദിവസവേതനത്തിന് നിയമിച്ച 20 പേരെ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട് 2020 ഡിസംബർ 29നാണ് ഗവർണർ കത്ത് നൽകിയത്. ഇതു പ്രകാരം രാജ്ഭവനിലെ ഫോട്ടോഗ്രാഫറെ സർക്കാർ സ്ഥിരപ്പെടുത്തി ഉത്തരവിറക്കുകയും ചെയ്തു. രാജ്ഭവനിൽ 45 ദിവസവേതനക്കാരുണ്ടെന്നും ഇവരിൽ നാലുമുതൽ ഒമ്പത് വർഷം വരെയായി തുടരുന്ന 20 പേരെ സ്ഥിരപ്പെടുത്തണമെന്നുമായിരുന്നു കത്തിലെ ആവശ്യം.
ഗവർണറുടെ കത്തിൽ സൈഫർ അസിസ്റ്റന്‍റ് തസ്തിക ഫോട്ടോഗ്രാഫറുടേതാക്കി സ്ഥിരപ്പെടുത്തണമെന്നും ആവശ്യപ്പെട്ടിരുന്നു. ദിവസവേതനക്കാരുടെയും ഫോട്ടോഗ്രാഫറുടെയും സേവനത്തിൽ താൻ പൂർണ സന്തുഷ്ഠനാണെന്നും പ്രത്യേക കേസായി പരിഗണിച്ച് ഇവരെ സ്ഥിരപ്പെടുത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ഗവർണർ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, സൈഫർ അസിസ്റ്റന്‍റ് തസ്തിക രാജ്ഭവനിൽ നിലവിലില്ലെന്ന് വ്യക്തമാക്കിയ സർക്കാർ 27,800-59,400 രൂപ ശമ്പള സ്കെയിലിൽ ഫോട്ടോഗ്രാഫറുടെ സൂപ്പർ ന്യൂമററി തസ്തിക സൃഷ്ടിക്കുകയും രാജ്ഭവനിൽ ജോലി ചെയ്തുവരികയായിരുന്ന പി. ദിലീപ്കുമാറിനെ സ്ഥിരപ്പെടുത്തി കഴിഞ്ഞ ഫെബ്രുവരി 17ന് ഉത്തരവിറക്കുകയുമായിരുന്നു. മന്ത്രിമാരുടെ പേഴ്സനൽ സ്റ്റാഫിന്‍റെ നിയമനത്തിനും അവർക്ക് പെൻഷൻ അനുവദിക്കുന്നതിനും എതിരെ ഗവർണർ കഴിഞ്ഞദിവസം ശക്തമായ പ്രതികരണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് രാജ്ഭവനിൽ ഗവർണറുടെ താൽപര്യത്തിൽ നടത്തിയ നിയമനങ്ങളുടെ രേഖകൾ പുറത്തുവന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.