ഗവർണറുടെ നീക്കം സർവകലാശാലകളിലെ പാർട്ടി നിയമനങ്ങളുടെ ചുരുളഴിക്കാൻ

കോഴിക്കോട്: സർവകലാശാലകളിലെ ബന്ധു നിയമനങ്ങളിൽ സമഗ്രാന്വേഷണം നടത്തണമെന്ന ഗവർണറുടെ നീക്കം ഫലം കണ്ടാൽ പാർട്ടി നടത്തിയ പിൻവാതിൽ നിയമങ്ങളുടെ ചുരുളഴിയും. ഉയർന്ന അക്കാദമിക് മികവ് ഉണ്ടായിട്ടും പാർട്ടി ബന്ധുവല്ലാത്തിനാൽ സർവകലാശാലക്ക് പുറത്ത് നിൽകേണ്ടി വരുന്നവരുടെ എണ്ണം ഏറെയാണ്. അന്വേഷണം നടന്നാൽ ഇന്‍റർവ്യൂവിലെ തട്ടിപ്പുകളുടെ ചിത്രം പുറത്തുവരും.

സർവകലാശാലയിലെ ഇന്‍റർവ്യൂവിനെക്കുറിച്ച് രാഷ്ട്രീയ വൃത്തങ്ങൾ പറയുന്നതു മുഴുവൻ നുണയാണ്. അക്കാദമിക് മെറിറ്റ് എന്തെന്ന് അറിയാത്ത രാഷ്ട്രീയ നേതാക്കളാണ് ഗവർണറെ വെല്ലുവിളിക്കുന്നത്. സർവകലാശാലകളിൽ ഇൻറർവ്യൂവിന് വിഷയ വിദഗ്ധരായി പാർട്ടിക്ക് വേണ്ടപ്പെട്ടവരെ എത്തിച്ചാണ് തിരിമറി നടത്തിയത്. അവർ പാർട്ടി താൽപര്യമറിഞ്ഞ് ഇന്‍റർവ്യൂവിൽ മാർക്കിടന്നു. യു.ജി.സി മാനദണ്ഡപ്രകാരം ഗവേഷണം, പബ്ലിഷിഡ് വർക്ക്, അധ്യാപനം, എക്സ്പീരിയൻസ്, അക്കാദമിക രംഗത്തെ സംഭാവന തുടങ്ങിയവയാണ് വിലയിരുത്തേണ്ടത്.

കണ്ണൂർ സർവകലാശാലയിലെ ഇന്‍റർവ്യൂവിൽ പങ്കെടുത്ത ആറു പേരിൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസ് മെറിറ്റിൽ അവസാനത്തെയാളാണ്. അവർക്ക് രാഷ്ട്രീയത്തിൽ അധിക യോഗ്യതയുണ്ടെന്ന് തിരിച്ചറിഞ്ഞാണ് ഒന്നാം റാങ്കിലേക്ക് ഉയർത്തിയത്. പാർട്ടിയെ സംബന്ധിച്ചിടത്തോളം നിയമനത്തിലെ ജനാധിപത്യ രീതിയാണത്. പബ്ലിഷ് വർക്ക് ഒരു ദിവസം ഇരുന്ന് മുട്ടയിടുന്നത് പോലെ ഉണ്ടാക്കാനാവില്ല. ഗവർണർ ആവശ്യപ്പെട്ടതു പോലെ അന്വേഷണം നടത്തിയാൽ ഇൻർവ്യൂവിലെ സ്വജനപക്ഷപാദം പുറത്തുവരും.

സ്പീക്കർ എം.ബി. രാജേഷിന്റെ ഭാര്യ ശ്രീ ശങ്കരാചാര്യ സർവകലാശാലയിൽ കയറിക്കൂടിയതും മെറിറ്റ് അട്ടിമറിച്ച് പിൻവാതിലൂടെ തന്നെയാണ്. മെറിറ്റിന്റെ പിൻബലത്തിലല്ല പാർട്ടി ബന്ധുത്വം നൽകുന്ന പിൻബലത്തിലാണ് ഒന്നാം റാങ്ക് ഉറപ്പിച്ചത്. അന്ന് ഗവർണർക്ക് പരാതി നൽകാൻ രണ്ടാം റാങ്കുകാരി തയാറായില്ല. എസ്.എഫ്.ഐ പ്രവർത്തകയായതിനാലാണ് അവർ രാജേഷിന്റെ ഭാര്യക്കെതിരെ രംഗത്ത് വരാതിരുന്നത്. ആ രണ്ടാം റാങ്കുകാരിയുടെ ഔദാര്യത്തിലാണ് രാജേഷിന്റെ ഭാര്യ സർവകലാശാലയിൽ തുടരുന്നത്. രണ്ടാം റാങ്കുകാരി പരാതി ഗവർണർക്ക് നൽകിയിരുന്നുവെങ്കിൽ ഒരു പക്ഷേ ഇപ്പോഴുണ്ടായ പ്രതിസന്ധി സ്പീക്കറുടെ ഭാര്യക്കും ഉണ്ടായേനെ. എന്നിട്ടും ആരെ ബോധ്യപ്പെടുത്താനാണ് സ്പീക്കർ ഉൾപ്പെടെയുള്ളവർ നുണകളുടെ കോട്ടകൾ കെട്ടുന്നത്.

പിൻവാതിൽ നിയമനം ജനാധിപത്യവിരുധമായ രീതിയാണെന്ന് അംഗീകരിക്കാൻ പാർട്ടി നേതൃത്വമോ സ്പീക്കറോ തയാറല്ല. ഗവർണറുടെ ഇടപെടലിൽ പാർട്ടി നേതൃത്വത്തിന് നെഞ്ചിടുപ്പുണ്ട്. പാർട്ടിയുടെ സ്വയംഭരണ പ്രദേശമാണോ സർവകലാശാലയെന്ന് ചോദ്യമാണ് ഗവർണർ ഉയർത്തുന്നത്. സ്വകാര്യ കോളജുകളിലെ മാനേജ്മെന്റിനെ പോലെയാണ് സർവകലാശാലകളുടെയും സിൻഡിക്കേറ്റും വി.സിയും പ്രവർത്തിക്കുന്നത്. അക്കദമിക് മികവുള്ളവരെ മാറ്റി നിർത്തി മിനിമം യോഗ്യത മാത്രമുള്ളവരെ തിരുകി കയറ്റുന്നു. അതാണ് അക്കാദമിക് ജനാധിപത്യം എന്ന് പാർട്ടി വിശ്വസിക്കുന്നു.

ഗവർണർ ആവശ്യപ്പെട്ട രീതിയിൽ അന്വേഷണം നടന്നാൽ സത്യം പുറത്തുവരും. പല നിയമങ്ങളും ചിലപ്പോൾ റദ്ദ് ചെയ്യേണ്ടിവരും. പാർട്ടി ബന്ധുക്കൾ ആരൊക്കെ പിൻവാതിലൂടെ പ്രവേശിച്ചിട്ടുണ്ടെന്ന് കേരളം അറിയും. അറിയാനുള്ള അവകാശം മലയാളിക്കുണ്ട്. ആ അവകാശത്തെ കുറിച്ചാണ് ഗവർണർ സംസാരിക്കുന്നത്. ഈ വിഷയത്തിൽ ഗവർണർ ജനാധിപത്യവാദിയാണ്. നമ്മുടെ ഉന്നത വിദ്യാഭ്യാസ മന്ത്രി പറയുന്നതനുസരിച്ച് സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയിൽ നടക്കുന്നത് ഗുണമേന്മ വികസനമാണ്. പിൻവാതിൽ നിയമനവും അതിൽ ഉൾപ്പെടുമോയെന്നാണ് കേരളം ചോദിക്കേണ്ടത്. 

Tags:    
News Summary - Governor's move to curb party appointments in universities

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.