തിരുവനന്തപുരം: സംസ്ഥാന സർക്കാറിന് ഭരണപ്രതിസന്ധി സൃഷ്ടിച്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പദവിയിൽ വ്യാഴാഴ്ച അഞ്ചുവർഷം പൂർത്തിയാക്കുന്നു. പുതിയ ഗവർണറെ നിയമിച്ചുകൊണ്ടുള്ള വിജ്ഞാപനം രാഷ്ട്രപതി പുറപ്പെടുവിക്കുംവരെ പദവിയിൽ തുടരാം. ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ, തമിഴ്നാട് ഗവർണർ ആർ.എൻ. രവി എന്നിവർ വിവിധ സംസ്ഥാനങ്ങളിൽ അഞ്ചു വർഷത്തിലധികമായി പദവിയിലുണ്ട്. നേരത്തേ ഉപരാഷ്ട്രപതി പദവി ലക്ഷ്യമിട്ട് ആരിഫ് മുഹമ്മദ് ഖാൻ നീക്കം നടത്തിയെങ്കിലും നറുക്ക് വീണത് ജഗ്ദീപ് ധൻകറിനായിരുന്നു. രണ്ടാഴ്ച മുമ്പ് ഗവർണർ രാഷ്ട്രപതിയെയും പ്രധാനമന്ത്രിയെയും സന്ദർശിച്ചെങ്കിലും പദവിയിൽ തുടരുന്നത് സംബന്ധിച്ച് വ്യക്തമായ സൂചനകളൊന്നും ലഭിച്ചില്ലെന്നാണ് വിവരം.
പിണറായി സർക്കാറുമായി ഏറ്റുമുട്ടിയാണ് ആരിഫ് മുഹമ്മദ് ഖാൻ വാർത്തകളിൽ ഇടംപിടിച്ചത്. പൗരത്വനിയമ ഭേദഗതിക്കെതിരെ നിയമസഭ പാസാക്കിയ പ്രമേയത്തിനെതിരെയായിരുന്നു ഗവർണർ ആദ്യവെടിപൊട്ടിച്ചത്. പിന്നീട് കണ്ണൂർ വി.സിയായി ഡോ. ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകാനുള്ള സർക്കാർ സമ്മർദത്തിൽ ഗവർണർ ഇടഞ്ഞതും വാർത്തയായി. നയപ്രഖ്യാപന പ്രസംഗത്തിൽ ഒപ്പിടാൻ വിസമ്മതിച്ച് സർക്കാറിനെ പ്രതിസന്ധിയിലാക്കി. നയപ്രഖ്യാപനത്തിന്റെ തുടക്കവും ഒടുക്കവും മാത്രം വായിച്ച് നിയമസഭയിൽനിന്ന് മടങ്ങി.
രാഷ്ട്രപതിയായിരുന്ന രാംനാഥ് കോവിന്ദിന് ഡി.ലിറ്റ് നൽകാനുള്ള ഗവർണറുടെ താൽപര്യം സർക്കാർ നിർദേശത്തെ തുടർന്ന് കേരള സർവകലാശാല നിരസിച്ചതോടെ ഏറ്റുമുട്ടലിന് പരസ്യസ്വഭാവം വന്നു. സർക്കാറിനെതിരെ രാജ്ഭവനിൽ ഗവർണർ വാർത്തസമ്മേളനം വിളിക്കുന്ന സാഹചര്യവുമുണ്ടായി. നടപടിക്രമങ്ങൾ പാലിച്ചില്ലെന്ന് കണ്ട് സാങ്കേതിക സർവകലാശാല വി.സി നിയമനം സുപ്രീംകോടതി റദ്ദാക്കിയത് ആയുധമാക്കി ഒമ്പത് വി.സിമാർക്ക് ഗവർണർ കാരണം കാണിക്കൽ നോട്ടീസ് നൽകി. ഇതിൽ കാലടി, കണ്ണൂർ, ഫിഷറീസ് സർവകലാശാല വി.സിമാർക്ക് പദവി നഷ്ടമായി. വി.സി നിയമനത്തിൽ ഗവർണറുടെ അധികാരം കവരുന്ന രീതിയിൽ സെർച് കമ്മിറ്റി ഘടനമാറ്റിയുള്ള ബിൽ നിയമസഭ പാസാക്കിയെങ്കിലും ഗവർണർ ദീർഘനാൾ തടഞ്ഞുവെച്ചു. ഇതിനു പിന്നാലെ ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ മാറ്റാനുള്ള ബില്ലും നിയമസഭ പാസാക്കി. അതിലും ഗവർണർ ഒപ്പിട്ടില്ല. ബില്ലുകൾ കൂട്ടത്തോടെ തടഞ്ഞുവെച്ചതിനെതിരെ സർക്കാർ സുപ്രീംകോടതിയിൽ എത്തിയതോടെ ഇവ രാഷ്ട്രപതിക്ക് റഫർ ചെയ്യുകയായിരുന്നു. ഗവർണർ-സർക്കാർ പോരിൽ 11 സർവകലാശാലകളിൽ വി.സി നിയമനം മുടങ്ങി. കേരള, കാലിക്കറ്റ് സെനറ്റുകളിൽ സംഘ്പരിവാർ നോമിനികളെ ഗവർണർ തിരുകിക്കയറ്റിയതിനെതിരെ എസ്.എഫ്.ഐ ഗവർണറെ തെരുവിൽ തടയാനിറങ്ങിത് സംഘർഷമുണ്ടാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.