തിരുവനന്തപുരം: പ്ലസ് വൺ ഏകജാലക പ്രവേശനത്തിന് ഒാൺലൈൻ അപേക്ഷ ജൂലൈ 13 മുതൽ 22 വരെ സ്വീകരിക്കും. െപാതുവിദ്യാഭ്യാസ സെക്രട്ടറിയുടെ അധ്യക്ഷതയിൽ നടന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. ഇതിനായി ജൂലൈ പത്തിനകം വിജ്ഞാപനം പുറപ്പെടുവിക്കും.
സർക്കാർ ഹയർസെക്കൻഡറികളിലെ മുഴുവൻ സീറ്റിലേക്കും എയ്ഡഡ് സ്കൂളുകളിലെ കമ്യൂണിറ്റി, മാനേജ്മെൻറ് ക്വോട്ട ഒഴികെയുള്ള സീറ്റുകളിലേക്കുമാണ് ഏകജാലക രീതിയിലുള്ള പ്രവേശനം. പ്രവേശനനടപടികളുടെ മുേന്നാടിയായി കഴിഞ്ഞ അഞ്ചുവർഷത്തെ പ്ലസ് വൺ പ്രവേശനത്തിെൻറ സ്കൂൾതല വിവരങ്ങൾ ശേഖരിച്ച് അവലോകനം നടത്താനും തീരുമാനിച്ചു. ഒാരോ സ്കൂളിലും പ്രവേശനത്തിന് ഒാപ്ഷൻ സമർപ്പിക്കുന്ന കുട്ടികൾ, പ്രവേശനം നേടുന്നവർ, ഒഴിവുള്ള സീറ്റുകൾ തുടങ്ങിയ വിവരങ്ങളായിരിക്കും അവലോകനം നടത്തുക. ചില ജില്ലകളിൽ സീറ്റ് ഒഴിഞ്ഞുകിടക്കുകയും മറ്റ് ചില ജില്ലകളിൽ ആവശ്യത്തിന് സീറ്റില്ലാത്തതുമായ സാഹചര്യത്തിലാണ് അഞ്ചുവർഷത്തെ വിദ്യാർഥി പ്രവേശനത്തിെൻറ കണക്കുകൾ പരിശോധിക്കുന്നത്. കോവിഡിെൻറ സാഹചര്യത്തിൽ ഇത്തവണ പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷകർ വർധിക്കുമെന്നാണ് വിലയിരുത്തൽ.
നിലവിലെ ബാച്ചുകളിൽ 20 ശതമാനം വരെ ആനുപാതിക സീറ്റ് വർധന അനുവദിച്ചേക്കും. ഇതുസംബന്ധിച്ച് വൈകാതെ ഉത്തരവിറങ്ങുമെന്നാണ് സൂചന. സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ പുതിയ സ്കൂളുകളോ ബാച്ചുകളോ അനുവദിക്കില്ല. നിലവിൽ സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ് സ്കൂളുകളിലായി 3,61,746 സീറ്റുകളാണുള്ളത്. സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ 20 ശതമാനം സീറ്റ് വർധന അനുവദിച്ചാൽ 4,23,000ത്തോളമായി ഉയരും. ഇത്തവണ 4,17,101 പേരാണ് എസ്.എസ്.എൽ.സിയിൽ ഉപരിപഠനയോഗ്യത നേടിയത്. ഇതിനുപുറമെ സി.ബി.എസ്.ഇ, െഎ.സി.എസ്.ഇ, മറ്റ് സ്റ്റേറ്റ് ബോർഡുകൾക്ക് കീഴിൽ പഠിച്ചവർ ഉൾപ്പെടെ ഒരു ലക്ഷത്തോളം വിദ്യാർഥികളും പ്ലസ് വണിന് അപേക്ഷകരായെത്തും. കോവിഡ് സാഹചര്യത്തിൽ അപേക്ഷകർ വർധിക്കുമെന്നാണ് വിലയിരുത്തൽ.
പ്ലസ് വൺ പ്രവേശനത്തിനുള്ള കരട് പ്രോസ്പെക്ടസ് ഹയർസെക്കൻഡറി വിഭാഗം തയാറാക്കിയിട്ടുണ്ട്. ഇത് പൊതുവിദ്യാഭ്യാസവകുപ്പിെൻറ അംഗീകാരത്തിന് സമർപ്പിച്ചിട്ടുണ്ട്. സർക്കാർ അനുമതി ലഭിക്കുന്ന മുറയ്ക്ക് പ്രവേശന വിജ്ഞാപനമിറക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.