സർക്കാർ കടുത്ത ധനപ്രതിസന്ധിയിൽ: എസ്.സി വിദ്യാർഥികൾക്ക് സ്കോളർഷിപ്പിന് പണമില്ല

തിരുവനന്തപുരം: സംസ്ഥാന സർക്കാർ കടുത്ത ധനപ്രതിസന്ധിയിൽ. പട്ടികജാതി വിദ്യാർഥികൾക്ക് പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് നൽകാൻ സംസ്ഥാനത്തിന്റെ കൈയിൽ പണമില്ല. അതിനാൽ പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് ബില്ലുകൾ മാറുന്നതിന് കേന്ദ്രവിഹിതം ചെലവഴിക്കുന്നതിന് അനുമതി നൽകി പട്ടികജാതി സ്പെഷ്യൽ സെക്രട്ടറി എൻ. പ്രശാന്തിന്റെ ഉത്തരവ്. പട്ടികജാതി ഡയറക്ടറുടെ കത്തിന്‍റെ അടിസ്ഥാനത്തിലാണ് ഉത്തരവ്.

2022 സെപ്തംബർ 26ന് പട്ടികജാതി ഡയറക്ടർ സർക്കാറിന് നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് അനുമതി നൽകിയത്. 2022-23 വർഷം പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് വിതരണത്തിനായി കേന്ദ്ര പ്ലാൻ വിഹിതം-162 കോടി, സംസ്ഥാന പ്ലാൻ വിഹിതം- 108 കോടി, അഡീഷനൽ പ്ലാൻ-60 കോടി എന്നിങ്ങനെ ആകെ 330 കോടിയാണ് വകയിരുത്തിയത്. അതിൽ അഡീഷനൽ പ്ലാനിൽ വകയിരുത്തിയ തുക പൂർണായും വിനിയോഗിച്ചു.

സംസ്ഥാന വിഹിതത്തിലാണ് നിലവിൽ പട്ടികജാതി വിദ്യാർഥികളുടെ പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് ബില്ലുകൾ സമർപ്പിക്കുന്നത്. എന്നാൽ, സംസ്ഥാന വിഹിതത്തിൽ അലോട്ട്മന്റെ് സീലിങ് ഉള്ളതിനാൽ യഥാസമയം ബില്ലുകൾ മാറി വിദ്യാർഥികൾക്ക് ആനുകൂല്യം അനുവദിക്കുന്നതിന് സാധിക്കുന്നില്ലെന്ന് പട്ടികജാതി ഡയറക്ടർ കത്തിൽ ചൂണ്ടിക്കാട്ടി.

2021-22 അധ്യയന വർഷത്തെ ഹോസ്റ്റൽ ഫീസ് ഉൾപ്പെടെ തുക വിതരണം ചെയ്യാൻ ബാക്കിനിൽക്കുന്നു. പല സ്ഥാപനങ്ങളിലും പഠനം തുടരുന്ന പട്ടികജാതി വിദ്യാർഥികളുടെ പഠനത്തെ ബാധിക്കുന്ന ഗുരുതരമായ പ്രശ്നമായി ഇത് മാറിയിട്ടുണ്ട്. പഠനം പൂർത്തീകരിച്ച വിദ്യാർഥികളുടെ ഫീസ് ലഭിക്കാത്തതിനാൽ തുടർപഠനത്തെ ബാധിക്കുന്നതുമായി നിരവധി പരാതികൾ ദിനംപ്രതി വകുപ്പിൽ ലഭിച്ചുവെന്നും കത്തിൽ പറയുന്നു.

പട്ടികജാതി വിഭാഗ വിദ്യാർഥികളുടെ വിദ്യാഭ്യാസ ആനുകൂല്യങ്ങൾ യഥാസമയം നൽകണം. അവരുടെ വിദ്യാഭ്യാസവും ഭാവിയും സുരക്ഷിതമാക്കേണ്ട ബാധ്യത പട്ടികജാതി വകുപ്പിനാണ്. ഈ സാഹചര്യത്തിന്റെ ഗൗരവം പരിഗണിച്ച് അനുമതി നൽകണമെന്നാണ് ഡയറക്ടർ കത്തിൽ രേഖപ്പെടുത്തിയത്. പട്ടികജാതി വിദ്യാർഥികളുടെ ചോദ്യത്തിന് മുന്നിൽ നിസഹായനായ ഡയറക്ടറെയാണ് കത്തിൽ കാണുന്നത്.

ഒടുവിൽ കുട്ടികളുടെ തുടർപഠനം മുടങ്ങാതിരിക്കാൻ പോസ്റ്റ് മെട്രിക് സ്കോളർഷിപ്പിനായി വകയിരുത്തിയിട്ടുള്ള കേന്ദ്ര പ്ലാൻ ഫണ്ട് ശീർഷകത്തിൽ ലഭിച്ച തുകയിൽ നിന്നും പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് ബില്ലുകൾ മാറുന്നതിനായി സർക്കാർ അനുമതി നൽകി. പട്ടികജാതി -വർഗ വിഭാഗത്തിന് നീക്കിവെച്ച പ്ലാൻ ഫണ്ടിന് സീലിങ് പാടില്ലാത്താണെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.

സർക്കാർ ബജറ്റിൽ വകയിരുത്തിയ തുകക്ക് അലോട്ട്മെന്റ് സീലിങ് നിലനിൽക്കുന്നതിനാലാണ് ഇത്തരമൊരു ഉത്തരവ് ഇറക്കേണ്ടിവന്നതെന്ന് പട്ടികജാതി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ 'മാധ്യമം' ഓൺലൈനോട് പറഞ്ഞു. ഇക്കാര്യങ്ങൾ ധനവകുപ്പ് തീരുമാനിക്കേണ്ട കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. സർക്കാറിന്റെ ധനസ്ഥിതി മോശമാണെന്നത് മാധ്യമങ്ങളുടെ വ്യാഖ്യാനമാണെന്ന് പറഞ്ഞ മന്ത്രി കെ.എൻ. ബാലഗോപാലിന് മറുപടിയാണ് പട്ടികജാതി ഡയറക്ടറുടെ കത്ത്.

Tags:    
News Summary - Govt in dire financial crunch: No money for scholarships for SC students

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.