പ്രതീകാത്മക ചിത്രം

അപകടത്തിൽപെട്ടവരെ രക്ഷിച്ചാൽ 5000 രൂപ: അർഹരെ തെരഞ്ഞെടുക്കുന്നതിങ്ങനെ

തിരുവനന്തപുരം: ഗുരുതര അപകടങ്ങളില്‍പെട്ടവരെ രക്ഷിച്ച് ഉടൻ ആശുപത്രിയില്‍ എത്തിക്കുന്നവർക്ക് നൽകുന്ന ക്യാഷ് അവാര്‍ഡിന് അര്‍ഹരെ കണ്ടെത്താൻ സംസ്ഥാന പൊലീസ് മേധാവി മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു. അപകടത്തിനിരയായവരെ ഒരു മണിക്കൂറിനുള്ളില്‍ ആശുപത്രിയിലെത്തിച്ച് വൈദ്യസഹായം ലഭ്യമാക്കുന്നവരെയാണ് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡിന് പരിഗണിക്കുക.

വിശദവിവരങ്ങള്‍ പൊലീസ്
 ശേഖരിക്കും

ഇത്തരം സംഭവം ശ്രദ്ധയില്‍പ്പെട്ടാലുടന്‍ ആശുപത്രിയിലെ ഡോക്ടറെ ബന്ധപ്പെട്ട് പൊലീസ് വിശദവിവരങ്ങള്‍ ശേഖരിച്ച് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയത്തിന്‍റെ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം അവാര്‍ഡിനുള്ള അര്‍ഹത രക്ഷപ്പെടുത്തിയ ആള്‍ക്കുണ്ടോയെന്ന് പരിശോധിക്കും. ഉണ്ടെന്നു ബോധ്യപ്പെട്ടാല്‍ അക്കാര്യം നിശ്ചിത മാതൃകയില്‍ ജില്ലാതല അപ്രൈസല്‍ കമ്മിറ്റി അധ്യക്ഷന്‍ കൂടിയായ ജില്ലാ കളക്റ്ററെ അറിയിക്കും. ഇതിന്‍റെ ഒരു പകര്‍പ്പ് രക്ഷപ്പെടുത്തിയ ആള്‍ക്ക് നല്‍കുകയും ചെയ്യും.

ജില്ലാതല അപ്രൈസല്‍ കമ്മിറ്റി ഇത്തരം ശുപാര്‍ശകള്‍ എല്ലാമാസവും പരിശോധിച്ച് അര്‍ഹമായവ ഗതാഗത കമ്മീഷണര്‍ക്ക് അയച്ചുകൊടുക്കും. അര്‍ഹരായവര്‍ക്ക് ഗതാഗത കമ്മീഷണറാണ് ക്യാഷ് അവാര്‍ഡ് നല്‍കുന്നത്. തുക രക്ഷാപ്രവർത്തകന്‍റെ ബാങ്ക് അക്കൗണ്ടിലേക്ക് നൽകും.

പദ്ധതിയുടെ നടത്തിപ്പ് വിലയിരുത്താനായി സംസ്ഥാനതല നിരീക്ഷണസമിതിക്കും രൂപം നല്‍കിയിട്ടുണ്ട്. മൂന്നുമാസത്തിലൊരിക്കല്‍ യോഗം ചേരുന്ന സമിതി ഏറ്റവും സ്തുത്യര്‍ഹമായ രക്ഷാപ്രവര്‍ത്തനം കാഴ്ചവെച്ച മൂന്നുപേരെ ദേശീയ അവാര്‍ഡിന് പരിഗണിക്കുന്നതിനായി കേന്ദ്ര സര്‍ക്കാരിലേയ്ക്ക് നാമനിര്‍ദ്ദേശം ചെയ്യും. സംസ്ഥാനതല നിരീക്ഷണസമിതിയില്‍ ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി അധ്യക്ഷനും ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, ട്രാഫിക് ആന്‍റ് റോഡ് സേഫ്റ്റി വിഭാഗം ഐ.ജി എന്നിവര്‍ അംഗങ്ങളും ഗതാഗത കമ്മീഷണര്‍ മെമ്പര്‍ സെക്രട്ടറിയുമാണ്.

ഒന്നിലധികം പേരെ രക്ഷപ്പെടുത്തിയാൽ ഓരോ രക്ഷാപ്രവർത്തകനും 5000 രൂപ വീതം

റോഡപകടങ്ങളിൽപെടുന്നവർക്ക് അടിയന്തര സഹായമെത്തിക്കാൻ ജനങ്ങളെ പ്രേരിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് പദ്ധതി. നട്ടെല്ലിന് ക്ഷതം, തലച്ചോറിന് പരിക്ക്, വലിയ സർജറി വേണ്ടിവരുന്ന പരിക്ക്, മൂന്ന് ദിവസമെങ്കിലും ആശുപത്രിവാസം തുടങ്ങിയവക്ക് കാരണമാകുന്ന അപകടങ്ങളിൽപെടുന്നവരെ ഒരു മണിക്കൂറിനകം തൊട്ടടുത്ത ആശുപത്രിയിൽ എത്തിക്കുന്നവർക്ക് 5000 രൂപ പാരിതോഷികവും പ്രശസ്തിപത്രവുമാണ് നൽകുക. ഒരു അപകടത്തിൽപെട്ട ഒന്നിലധികം പേരെ ഒന്നിലധികം പേർ ചേർന്ന് രക്ഷപ്പെടുത്തിയാൽ രക്ഷപ്പെട്ടവരുടെ എണ്ണത്തിനനുസരിച്ച് ഓരോ രക്ഷാപ്രവർത്തകനും 5000 രൂപ വീതം നൽകും.

10 പേർക്ക് ഒരു ലക്ഷം രൂപ വീതം ദേശീയ പുരസ്കാരം

ഒരാൾക്ക് ഒരു വർഷം പരമാവധി അഞ്ച് തവണയാണ് പാരിതോഷികത്തിന് അർഹത. വിവിധ സംസ്ഥാനങ്ങളിൽ ഇങ്ങനെ പാരിതോഷികം നേടുന്നവരിൽനിന്ന് ഓരോ വർഷവും 10 പേരെ തെരഞ്ഞെടുത്ത് ഒരു ലക്ഷം രൂപ വീതം ദേശീയ പുരസ്കാരം നൽകാനും പദ്ധതിയുണ്ട്. ആദ്യം പൊലീസിനെയാണ് വിവരം അറിയിക്കുന്നതെങ്കിൽ ബന്ധപ്പെട്ട സ്റ്റേഷനിൽനിന്ന് വിശദ വിവരങ്ങളടങ്ങിയ രസീത് രക്ഷാപ്രവർത്തകനും അതിന്‍റെ പകർപ്പ് ജില്ലതല സമിതിക്കും അയക്കണം.

രക്ഷാപ്രവർത്തകൻ നേരിട്ട് ആശുപത്രിയിൽ എത്തിച്ചാൽ ആശുപത്രി അധികൃതർ വിവരങ്ങൾ പൊലീസിനെ അറിയിക്കുകയും സ്റ്റേഷനിൽനിന്ന് മേൽപറഞ്ഞ തുടർനടപടി സ്വീകരിക്കുകയും വേണം. കഴിഞ്ഞ ഒക്ടോബറിൽ രൂപം നൽകിയ പദ്ധതിയുടെ ഭാഗമായി മാർച്ചിൽ അഡീഷനൽ ചീഫ് സെക്രട്ടറി (ആഭ്യന്തരം) ചെയർമാനായി സംസ്ഥാനതല മോണിറ്ററിങ് സമിതി രൂപവത്കരിച്ചിരുന്നു.

Tags:    
News Summary - Govt. offers reward for 'Good Samaritans' rescuing road crash victims

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.