കൊച്ചി: കേരളത്തെ 2025ഓടെ സമ്പൂർണ വൃത്തിയുള്ള സംസ്ഥാനമാക്കി മാറ്റുക ലക്ഷ്യമിട്ട് കാമ്പയിനുമായി സർക്കാർ. മാലിന്യ ശേഖരണം, സംസ്‌കരണം, അതിനുള്ള സംവിധാനങ്ങള്‍ വര്‍ധിപ്പിക്കുക തുടങ്ങിയവ ഇതിന്‍റെ ഭാഗമായി നടക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ എറണാകുളം മറൈൻഡ്രൈവിൽ ആരംഭിച്ച ഗ്ലോബല്‍ എക്സ്പോ ഓണ്‍ വേസ്റ്റ് മാനേജ്മെന്റ് ടെക്നോളജിയിൽ പറഞ്ഞു.
മാലിന്യസംസ്കരണത്തെക്കുറിച്ചുള്ള ജനങ്ങളുടെ മനോഭാവത്തില്‍ മാറ്റം വരുത്താനുതകുന്ന പ്രവര്‍ത്തനങ്ങളും ഉണ്ടാകും. കുട്ടികളെ ഈ കാമ്പയിന്‍റെ ചാലകശക്തിയായി മാറ്റും. ചെറിയ തോതിലാണെങ്കിലും ഓരോ വാര്‍ഡിലും കഴിയുന്നത്ര ഇടങ്ങള്‍ മാലിന്യരഹിതമാക്കണം. മുഴുവന്‍ പൊതുസ്ഥാപനങ്ങളെയും മാലിന്യരഹിതമാക്കുക, പഞ്ചായത്തിലും നഗര പ്രദേശങ്ങളിലുമുള്ള ചെറിയ ടൗണുകള്‍ മാലിന്യരഹിതമാക്കുക എന്നിവയാണ് ഒന്നാംഘട്ടം.
തുടര്‍ന്ന് വാര്‍ഡുകള്‍, പഞ്ചായത്ത്, നഗരസഭകള്‍, ബ്ലോക്ക്, നിയമസഭാ മണ്ഡലം, ജില്ല എന്നീ ക്രമത്തില്‍ സമഗ്ര മാലിന്യസംസ്‌കരണം ഉറപ്പാക്കും. ഓരോ തലത്തിലും മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹനങ്ങളും അവാര്‍ഡുകളും നല്‍കും. ഇതിലൂടെ കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കുന്ന ജില്ലകള്‍ക്ക് പ്രത്യേക പുരസ്‌കാരം നല്‍കുന്ന കാര്യവും പരിഗണിക്കും. ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്‍റെയും മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി പ്രത്യേക ഗ്രേഡ് നല്‍കും. തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ സാങ്കേതിക പിന്തുണ ഉറപ്പാക്കുന്നതിനു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ സ്ഥിരം ഗ്രീന്‍ ഓഡിറ്റിങ് സമിതികള്‍ രൂപവത്കരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.