കൊച്ചി: പല സംസ്ഥാനങ്ങളിൽനിന്ന് വന്ന് കേരളത്തിൽ പണിയെടുക്കുന്ന അന്തർ സംസ്ഥാന തൊഴിലാളികളുടെ കണക്കില്ലാതെ സർക്കാർ. പെരുമ്പാവൂരിലെ നിയമ വിദ്യാർഥിനിയുടെ ക്രൂരകൊലപാതകത്തിന്റെ പശ്ചാത്തലത്തിലാണ് അന്തർ സംസ്ഥാന തൊഴിലാളികളുടെ വിവരശേഖരണത്തിന് സർക്കാർ ‘ആവാസ്’ എന്ന പേരിൽ പദ്ധതി ആരംഭിച്ചിരുന്നു. എന്നാൽ, ആറു വർഷം പിന്നിടുമ്പോൾ പദ്ധതി നിലച്ചമട്ടാണ്.
30 ലക്ഷത്തോളം അന്തർ സംസ്ഥാനക്കാർ സംസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ടെന്നാണ് കണക്ക്. എന്നാൽ, കഴിഞ്ഞ ജനുവരി 31വരെയുള്ള കണക്ക് പ്രകാരം ഇവരിൽ 5.16 ലക്ഷം തൊഴിലാളികളാണ് ആവാസിൽ രജിസ്റ്റർ ചെയ്തത്. ഇതിൽ 1.15 ലക്ഷം പേർ രജിസ്റ്റർ ചെയ്തത് എറണാകുളം ജില്ലയാണ്. തിരുവനന്തപുരം -63,788, കോഴിക്കോട് -44,628, തൃശൂർ -41,900 എന്നിങ്ങനെയാണ് രജിസ്ട്രേഷന്റെ കണക്ക്. ഇവർക്കെല്ലാം തിരിച്ചറിയൽ കാർഡും നൽകി.
വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന 18നും 60നും ഇടയിൽ പ്രായമുള്ള തൊഴിലാളികളാണ് പദ്ധതിയുടെ കീഴിൽ വരുന്നത്. പദ്ധതിവഴി കഴിഞ്ഞ ജനുവരി 31വരെ 374 തൊഴിലാളികൾക്ക് 50.48 ലക്ഷം രൂപ മെഡിക്കൽ ഇൻഷുറൻസ് ആനുകൂല്യവും നൽകി. കൂടാതെ 36 തൊഴിലാളികളുടെ ആശ്രിതർക്ക് അപകട മരണ പരിരക്ഷയായി രണ്ട് ലക്ഷം രൂപ വീതവും നൽകിയതായാണ് സർക്കാർ രേഖകൾ.
നടത്തിപ്പ് ചുമതലയുണ്ടായിരുന്ന സ്വകാര്യ കമ്പനിക്ക് സർക്കാർ കരാർ പുതുക്കി നൽകാത്തതിനെ തുടർന്ന് മാസങ്ങളായി പദ്ധതി പ്രവർത്തനം നിലച്ച മട്ടാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.