തിരുവനന്തപുരം: കലാകായിക മേഖലകളിൽ മികവ് തെളിയിച്ച വിദ്യാർഥികൾക്ക് എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ പരീക്ഷകൾക്ക് നൽകിയിരുന്ന ഗ്രേസ് മാർക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് പുനഃസ്ഥാപിച്ചു.
കോവിഡിനെ തുടർന്ന് സ്കൂൾ കലോത്സവവും കായികമേളയും ഉൾപ്പെടെ അക്കാദമികേതര പ്രവർത്തനങ്ങൾ കഴിഞ്ഞ രണ്ടു വർഷം മുടങ്ങിയിരുന്നു. ഇതിനെ തുടർന്ന് ഗ്രേസ് മാർക്കും നൽകിയിരുന്നില്ല. ഇത്തവണ മേളകൾ പുനരാരംഭിച്ചിട്ടും പരീക്ഷ വിജ്ഞാപനത്തിൽ ഗ്രേസ് മാർക്ക് ഉൾപ്പെടുത്തിയിരുന്നില്ല. ഇത് ‘മാധ്യമം’ റിപ്പോർട്ട് ചെയ്തിരുന്നു.
ഗ്രേസ് മാർക്ക് സംബന്ധിച്ച് ഉടൻ തീരുമാനം എടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. പിന്നാലെയാണ് സർക്കാർ തീരുമാനം വന്നത്. കലാ-കായിക മേളകൾക്ക് പുറമെ, എൻ.സി.സി, എൻ.എസ്.എസ്, സ്കൗട്ട് ആൻഡ് ഗൈഡ്സ്, ലിറ്റിൽ കൈറ്റ്സ്, സ്റ്റുഡന്റ് പൊലീസ് കാഡറ്റ് തുടങ്ങിയവയിലെ മികവിനും ഗ്രേസ് മാർക്ക് നൽകാറുണ്ട്.
മുൻകാലങ്ങളിൽ പരീക്ഷ മാർക്കിന് ഒപ്പം ചേർത്ത് നൽകിയിരുന്ന ഗ്രേസ് സർട്ടിഫിക്കറ്റിൽ പ്രത്യേകം ചേർത്ത് നൽകാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.