കൊടുവള്ളി: ടേപ് റെക്കോഡറുകൾ ഇല്ലാതിരുന്ന കാലത്ത് ആസ്വാദകൾക്ക് പെട്ടിപ്പാട്ടിലൂടെ കല്യാണവീടുകളിൽ പാട്ട് കേൾപ്പിച്ച രാരോത്ത് ചാലിൽ അഹമ്മദ്കോയ ഒാർമയായി.ഗ്രാമഫോൺ റെേക്കാഡുകളുടെ സൂക്ഷിപ്പുകാരനും അത് പ്രവർത്തിപ്പിക്കുന്നതിൽ വിദഗ്ധനുമായിരുന്നു.
പരേതരായ വക്കത്ത് അസ്സയിൻ, കാവിൽ ഹുസൈൻ ഹാജി, മകൻ മുത്തമ്പലം കുഞ്ഞായിൻകുട്ടി ഹാജി എന്നിവരുടെ കൈവശമായിരുന്നു പഴയകാലത്ത് ഗ്രാമഫോണുകൾ ഉണ്ടായിരുന്നത്. ഇവരുടെ സന്തതസഹചാരിയായിരുന്ന അഹമ്മദ് കോയയാണ് കല്യാണ വീടുകളിലടക്കം പാട്ടുപെട്ടി എത്തിച്ച് പാടിപ്പിച്ചിരുന്നത്. പെട്ടിപ്പാട്ടിലൂടെ പുറത്തുവരുന്ന സാറ ബായി, ഗുൽ മുഹമ്മദ്, എസ്.എം. കോയ, എം.എസ്. ബാബുരാജ്, കെ.ജി. സത്താർ, എ.വി. മുഹമ്മദ് തുടങ്ങിയവരുടെ പാട്ടുകൾ കേൾക്കാൻ കല്യാണവീടുകളിൽ നിരവധി പേർ ഒത്തുകൂടുമായിരുന്നു.
പുതുതലമുറക്ക് പരിചിതമല്ലാത്ത പെട്ടിപ്പാട്ടുകൾ കേൾക്കാനും പ്രവർത്തനം കാണാനുമെല്ലാം നിരവധി പേർ അടുത്ത കാലംവരെയും അഹമ്മദ് കോയയെ തേടി അദ്ദേഹത്തിെൻറ വീട്ടിലെത്തിയിരുന്നു.
പഴയ പാട്ടുകളോട് ഇഷ്ടമുള്ളവർ പുതിയ കാലത്തും കല്യാണവീടുകളിൽ പെട്ടിപ്പാട്ട് വെക്കാൻ അഹമ്മദ് കോയയെ തേടി വരാറുണ്ടായിരുന്നു. വിവിധ പരിപാടികളിൽ പ്രദർശന സ്റ്റാളുകൾ ഒരുക്കിയും അടുത്തകാലം വരെയും അഹമ്മദ്കോയ സജീവമായിരുന്നു. വാർധക്യസഹജമായ രോഗംമൂലം വീട്ടിൽ വിശ്രമത്തിലായിരിക്കെ ശനിയാഴ്ച രാവിലെയായിരുന്നു മരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.