അന്തിക്കാട്: കാണാതായശേഷം തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ വയോധികയുടെ വീട്ടിലെ അലമാരയിൽ സൂക്ഷിച്ച സ്വർണാഭരണം കവർന്ന പേരക്കുട്ടി അറസ്റ്റിൽ. പുത്തൻപീടിക സ്വദേശി യദുകൃഷ്ണനെയാണ് (24) അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.
മരിച്ച ഓമനയുടെ മകന്റെ മകനാണ് അറസ്റ്റിലായ യദുകൃഷ്ണൻ. ആഗസ്റ്റ് 20നാണ് പുത്തൻപീടിക ചുമ്മാർ റോഡ് സ്വദേശി പുളിപ്പറമ്പിൻ ഓമനയെ വീട്ടിൽനിന്ന് കാണാതാവുന്നത്. മൂന്നാംനാൾ വൈകീട്ടോടെ പെരിങ്ങോട്ടുകര സ്കൂളിന് പടിഞ്ഞാറ് ഭാഗത്ത് കലുങ്കിനടിയിലെ തോട്ടിൽനിന്നാണ് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹത്തിൽ സ്വർണാഭരണങ്ങൾ ഇല്ലാതിരുന്നത് സംശയത്തിന് ഇടയാക്കിയിരുന്നു. പോസ്റ്റ്മോർട്ടത്തിൽ മുങ്ങിമരണമെന്നാണ് രേഖപ്പെടുത്തിയത്. പരാതി ഉയർന്നതിനെത്തുടർന്ന് റൂറൽ എസ്.പി നവനീത് ശർമ അന്വേഷണം ഇരിങ്ങാലക്കുട ഡിവൈ.എസ്.പി കെ.ജി. സുരേഷിനെ ഏൽപിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ യദുകൃഷ്ണൻ ഓമനയുടെ നഷ്ടപ്പെട്ട വളകൾ തൃപ്രയാറിലെ ധനകാര്യ സ്ഥാപനത്തിൽ പണയം വെച്ചതായി കണ്ടെത്തി. ഇതോടെ ഇയാളുടെ പണമിടപാടുകൾ അന്വേഷണ സംഘം പരിശോധിച്ചു. കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത് നടത്തിയ ചോദ്യം ചെയ്യലിൽ അലമാരയിലെ പഴ്സിൽ കണ്ട രണ്ടു സ്വർണവളകൾ ഇയാൾ മോഷ്ടിക്കുകയായിരുന്നുവെന്നും സാമ്പത്തിക ബാധ്യതകൾ തീർക്കാൻ പണയം വെക്കുകയായിരുന്നെന്നും പ്രതി പറഞ്ഞു. മരണത്തെ തുടർന്നുള്ള ദിവസങ്ങളിൽ ബന്ധുക്കളോടൊപ്പം യദുകൃഷ്ണനും ഓമനയുടെ വീട്ടിൽ പരിശോധന നടത്തിയിരുന്നു.
അന്വേഷണത്തോട് പൂർണമായും സഹകരിക്കാത്ത ഇയാളെ കസ്റ്റഡിയിലെടുത്ത് തുടരന്വേഷണം നടത്തും. ഇരിങ്ങാലക്കുട ഡിവൈ.എസ്.പി കെ.ജി. സുരേഷ്, അന്തിക്കാട് പ്രിൻസിപ്പൽ എസ്.ഐ കെ. അജിത്ത്, ക്രൈം ഇൻവെസ്റ്റിഗേഷൻ ടീമംഗങ്ങളായ എസ്.ഐ കെ.കെ. പ്രസാദ്, എം. സുമൽ, എം. അരുൺകുമാർ, എസ്.സി.പി.ഒ ഇ.എസ്. ജീവൻ, സി.പി.ഒ കെ.എസ്. ഉമേഷ്, എം.എം. മഹേഷ് എന്നിവരാണ് പ്രതിയെ പിടികൂടിയ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.