തിരുവനന്തപുരം : ക്വാറികള്‍ക്ക് ദൂരപരിധി ഇളവുനല്‍കിയ കേരളത്തിന് തിരിച്ചടിയായി ഹരിത ട്രൈബ്യൂണല്‍ ഉത്തരവ്. സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് പാറ പൊട്ടിക്കുന്ന ക്വാറികളും പൊതു സ്ഥലങ്ങളുമായി ചുരുങ്ങിയത് 200 മീറ്റര്‍ അകലം വേണമെന്നാണ് ട്രൈബ്യൂണല്‍ ഉത്തരവ്. സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിക്കാതെ പാറ പൊട്ടിക്കുന്ന ക്വാറികള്‍ക്കും ചുരുങ്ങിയത് 100 മീറ്റര്‍ ദൂരപരിധി ഉണ്ടായിരിക്കണം എന്നും ഉത്തരവില്‍ പറയുന്നു. ദേശീയ മലീനികരണ നിയന്ത്രണ ബോര്‍ഡിന്‍റെ റിപ്പോര്‍ട്ട് കൂടി പരിശോധിച്ചാ ണ്കോടതിയുടെ തീരുമാനം. ജസ്റ്റിസ് ആദർശ് കുമാർ ഗോയൽ ചെയർമാനും എസ്. പി. വാങ്ഡി ജൂഡീഷ്യൽ അംഗവും ഡോ.നാഗിൻ നാഗിന്ദ, വിദഗ്ധ അംഗവുമായ കോടതിയുടേതാണ് ഉത്തരവ്.
റോഡ്, തോട്, നദികൾ വീടുകൾ തുടങ്ങിയ പൊതുസ്ഥലങ്ങളിൽ നിന്നും 50 മീറ്റര്‍ അകലത്തില്‍ ക്വാറികള്‍ അനുവദിക്കാമെന്നായിരുന്നു സംസ്ഥാനസര്‍ക്കാര്‍ തീരുമാനം. സംസ്ഥാന സര്‍ക്കാരിൻെറ നയം തെറ്റെന്നാണ് അത് റദ്ദാക്കി പുതിയ ദൂരപരിധി നിശ്ചയിച്ചതിലൂടെ ദേശീയ ഹരിത ടിബ്യൂണല്‍ വ്യക്തമാക്കിയത്. സംസ്ഥാന സർക്കാരിനും മന്ത്രി ഇ.പി ജയരാജനും വിധി തിരിച്ചടിയായി. കഴിഞ്ഞ രണ്ട് വര്‍ഷത്തില്‍ ഇത്തരത്തില്‍ നിരവധി ക്വാറികള്‍ക്ക് സംസ്ഥാനം ലൈസന്‍സ് നകിയിരുന്നു. ഹരിത ട്രൈബ്യൂണലിൻെറ ഉത്തരവോടെ ദൂരപരിധി പാലിക്കാത്ത ക്വാറികൾ അടച്ചുപൂട്ടേണ്ടി വരും. ദൂരപരിധി 50 മീറ്റര്‍ ആക്കിയ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് ചോദ്യം ചെയ്ത് മലയാളിയായ ഹരിദാസനാണ് ഹര്‍ജി നൽകിയത്. ഉത്തരവ് രാജ്യവ്യാപകമായി നടപ്പാക്കണമെന്നാണ് നിർദേശം.
പരിസ്ഥിതി സംരക്ഷണം സംബന്ധിച്ച കേരളത്തിന്റെ നയം അപര്യാപ്തമെന്ന വിലയിരുത്തലോടെയാണ് ദൂര പരിധിയുടെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനെ ദേശീയ ഹരിത ട്രിബ്യൂണല്‍ തിരുത്തിയത്. കേരളത്തിന് മാത്രമല്ല, ദേശീയ തലത്തില്‍ തന്നെ ഈ വ്യവസ്ഥകള്‍ നടപ്പാക്കണമെന്ന് ദേശീയ ഹരിത ട്രിബ്യൂണല്‍ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തില്‍ 100 മീറ്ററായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്ന ദുരപരിധി. ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ അത് 50 മീറ്ററാക്കി കുറച്ച് പുതിയ ഉത്തരവിറക്കിയത്.
ക്വാറികള്‍ വ്യവസായമാണെന്നാണ് സര്‍ക്കാരിൻെറ വിശദീകരണം. ക്വാറികളുടെ ദൂരപരിധി ചുരുക്കിയ സംസ്ഥാന സര്‍ക്കാര്‍, പ്രളയാനുഭവ പാഠങ്ങള്‍ ഉള്‍ക്കൊള്ളാതെ മുന്നോട്ടുപോവകും ചെയ്തു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ക്വാറികളുടെ പ്രവര്‍ത്തനം തടസമില്ലാതെ നടക്കണമെന്നായിരുന്നു സര്‍ക്കാരിൻെറ നിലപാട്. അതിനായി മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തിയതാണ് ഹരിത ട്രിബ്യൂണല്‍ തിരുത്തിയത്.
2019ല്‍ ഉരുള്‍പൊട്ടലുണ്ടായ കവളപ്പാറ ഉള്‍പ്പെടുന്ന പോത്തുകല്ല്, മേപ്പാടി പ്രദേശങ്ങള്‍ പരിസ്ഥിതിലോല പ്രദേശങ്ങളില്‍ സോണ്‍ ഒന്നിലാണ് ഗാഡ്ഗില്‍ കമ്മിറ്റി ഉള്‍പ്പെടുത്തിയിരുന്നത്.ഈ പ്രദേശങ്ങളില്‍ ഖനനം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പുതുതായി ലൈന്‍സ് നല്‍കരുതെന്ന് സമിതി നിര്‍ദ്ദേശിച്ചിരുന്നു. നിലവിൽ പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ക്ക് 2016-ന് ശേഷം അനുമതി പുതുക്കി നല്‍കരുതെന്നും പറഞ്ഞിരുന്നു. റിപ്പോര്‍ട്ട് സര്‍ക്കാര്‍ തള്ളിയതോടെ ഈ മേഖലയില്‍ അനധികൃത ഖനന പ്രവര്‍ത്തനങ്ങള്‍ മാറ്റമില്ലാതെ തുടര്‍ന്നു.
കോട്ടയം ജില്ലയിലെ തലനാട്ടില്‍ ഏഴു കിലോമീറ്റര്‍ ചുറ്റളവില്‍ മുപ്പതോളം ക്വാറികളുണ്ട്. പത്തനംതിട്ടയിലെ കലഞ്ഞൂരില്‍ അഞ്ചു കിലോമീറ്ററിനുള്ളില്‍ 82 പാറമടകളും. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ ഖനനം നടത്തുന്നു. പശ്ചിമഘട്ടത്തിൻെറ ചെങ്കുത്തായി ചരിവുകളിൽ മേല്‍മണ്ണിന് കനം കുറവാണെന്ന് ഭൗമശാസ്ത്ര ഗവേഷകര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. പാറയുടെമേലുള്ള ചെറിയ ആവരണം പോലെയാണ് ഇവിടുത്തെ മണ്ണ്. വനനശീകരണം നടക്കുമ്പോള്‍ മണ്ണ് കുത്തിയൊലിച്ചിറങ്ങും. ഇതാണ് പുത്തുമലയില്‍ കണ്ടത്. അതുകൊണ്ടാണ് ലോലമായ ഒരു പരിസ്ഥിതി വ്യവസ്ഥ നിലനില്‍ക്കുന്ന സ്ഥലങ്ങളില്‍ മണ്ണിളക്കിയുള്ള കൃഷിരീതികള്‍ക്കും ഖനനപ്രവര്‍ത്തനങ്ങള്‍ക്കും നിയന്ത്രണം വേണമെന്ന് പരിസ്ഥിതി വിദഗ്ദ്ധര്‍ പറയുന്നത്.
സര്‍ക്കാര്‍ നയത്തില്‍ തിരുത്തില്‍ വരുത്തിയ ട്രിബ്യൂല്‍ വിധി കേരളം നടപ്പാക്കുമോ എന്നത് ഇനിയുള്ള ചോദ്യമാണ്. മന്ത്രി ഇ.പി ജയരാജൻ ഖനനത്തിനൊപ്പമാണ്. വികസനം, പരിസ്ഥിതി എന്നിവയോടുള്ള അദ്ദേഹത്തിൻെറ നിലപാട് പ്രകൃതിക്ക് എതിരാണ്. ആ നയത്തിൻെറ പ്രതിഫലനം ഈ വിധി നടപ്പാക്കുന്നതിലുമുണ്ടാവും. വിഴിഞ്ഞം അടക്കമുള്ള പദ്ധതികൾ ചൂണ്ടിക്കാണിച്ചാവും വിധി നടപ്പാക്കാതിരിക്കുക. നടപ്പാക്കേണ്ടവർ നടപടികള്‍ സ്വീകരിച്ചില്ലെങ്കിൽ അതിന് വീണ്ടും നിയമ യുദ്ധം നടത്തേണ്ടിവരും. ക്വാറികളുടെ ദൂരപരിധി നിയമം 50 മീറ്ററാക്കി കുറച്ചതോടെ സംസ്ഥാനത്ത് അടഞ്ഞുകിടന്ന 2500 ലേറെ ക്വാറികൾ തുറന്നുവെന്നാണ് കണക്ക്. ഉത്തരവ് സംസ്ഥാന നടപ്പാക്കിയാൽ അങ്ങനെ ദൂരപരിധിയിൽ ഇളവ് നൽകിയ ക്വാറികളെല്ലാം പൂട്ടേണ്ടിവരും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.