തിരുവനന്തപുരം: നഷ്ടപരിഹാരത്തുകയുടെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്ന് തിങ്കളാഴ്ച ചേരുന്ന ജി.എസ്.ടി കൗൺസിലിൽ സംസ്ഥാനം നിലപാടെടുക്കും. നഷ്ടപരിഹാരം പൂർണമായി നൽകിയേ മതിയാകൂ. അത് സംസ്ഥാനങ്ങളുടെ ഭരണഘടനാപരമായ അവകാശമാണെന്നും വ്യക്തമാക്കും. വിവിധ സംസ്ഥാനങ്ങളുമായി യോജിച്ച നിലപാടിന് നേരത്തേ കേരളം ശ്രമം നടത്തിയിരുന്നു.
പകർച്ചവ്യാധി അടക്കം വിഷയങ്ങളുടെ പേരിൽ വ്യത്യസ്തമായ കണക്ക് ഉണ്ടാക്കാനുള്ള കേന്ദ്ര തീരുമാനത്തോടും സംസ്ഥാനം യോജിക്കില്ല. മന്ത്രി ഡോ. തോമസ് െഎസക്കാകും കേരളത്തിെൻറ നിലപാട് അറിയിക്കുക. അംഗീകരിക്കാതെവന്നാൽ ട്രൈബ്യൂണലിനെ സമീപിക്കാനും കേരളം തയാറാകും.
യോഗം ബഹളമയമാവും
ന്യൂഡൽഹി: കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി മൂലം സംസ്ഥാനങ്ങൾ പാപ്പരായി നിൽക്കുന്നതിനിടയിൽ തിങ്കളാഴ്ച നടക്കുന്ന ജി.എസ്.ടി കൗൺസിൽ യോഗം ബഹളമയമാവും. പ്രതിസന്ധിക്കാലത്തും ജി.എസ്.ടി നഷ്ടപരിഹാരത്തുക സംസ്ഥാനങ്ങൾക്ക് നൽകാതിരിക്കുന്ന കേന്ദ്രത്തിനെതിരെ യുദ്ധപ്രഖ്യാപനവുമായി പ്രതിപക്ഷ സംസ്ഥാനങ്ങൾ രംഗത്തുണ്ട്.
സംസ്ഥാനങ്ങൾക്ക് 2.35 ലക്ഷം കോടിയുടെ ജി.എസ്.ടി വരുമാനനഷ്ടമാണ് നടപ്പു വർഷം ഉണ്ടായിരിക്കുന്നത്. എന്നാൽ, അതു മുഴുവൻ ജി.എസ്.ടി നഷ്ടപരിഹാരമായി കേന്ദ്രത്തിൽനിന്ന് ഇൗടാക്കാമെന്നു കരുതേണ്ട എന്നാണ് കേന്ദ്ര നിലപാട്. ജി.എസ്.ടി നടപ്പാക്കിയതു വഴി ഉണ്ടായ വരുമാനനഷ്ടം ഇതിൽ 97,000 കോടിയേ വരൂ. കോവിഡ് പ്രതിസന്ധിമൂലമുള്ള വരുമാനനഷ്ടമാണ് ബാക്കി. അതുകൊണ്ട് രണ്ടു വിധത്തിൽ സംസ്ഥാനങ്ങളെ സഹായിക്കാം. ഒന്നുകിൽ റിസർവ് ബാങ്ക് മുഖേന 97,000 കോടി കടമെടുക്കാം. അതല്ലെങ്കിൽ 2.35 ലക്ഷം കോടിയും വിപണിയിൽനിന്ന് കടമെടുക്കണം.
എന്നാൽ, കേന്ദ്രം നൽകേണ്ട തുകക്ക് വായ്പാഭാരം സംസ്ഥാനങ്ങളുടെ തലയിൽ കെട്ടിവെക്കാൻ പറ്റില്ലെന്നാണ് കേരളം അടക്കമുള്ള പ്രതിപക്ഷ സംസ്ഥാനങ്ങളുടെ വാദം. കേന്ദ്ര-സംസ്ഥാന ധനമന്ത്രിമാർ ഉൾപ്പെട്ടതാണ് ജി.എസ്.ടി കൗൺസിൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.