ഗുജറാത്ത്, റോഹിങ്ക്യൻ മുസ്​ലിംകൾ ചുട്ടെരിക്കപ്പെട്ടത്​ നമസ്​കരിക്കാത്തതിനാൽ; വിചിത്ര വാദവുമായി കാന്തപുരം എ.പി. അബ്​ദുൽ ഹകീം അസ്​ഹരി

മലപ്പുറം: ഗുജറാത്ത്, റോഹിങ്ക്യൻ മുസ്​ലിംകൾ ചു​ട്ടെരിക്കപ്പെട്ടത്​ നമസ്​കരിക്കാത്തതിനുള്ള ശിക്ഷയെന്ന് സമസ്​ത കേരള ജംഇയ്യത്തുൽ ഉലമ (എ.പി വിഭാഗം) നേതാവ്​ കാന്തപുരം എ.പി. അബൂബക്കർ മുസ്​ലിയാരുടെ മകനും എസ്.വൈ.എസ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ എ.പി. അബ്ദുൽ ഹകീം അസ്ഹരി. മലപ്പുറം ജില്ലയിലെ പെരുവള്ളൂരിൽ നജാത്ത് ഹയർ സെക്കൻഡറി സ്കൂളിലെ മിഷൻ 21 പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിന്‍റെ ഭാഗമായി വിദ്യാർഥികളോട് സംവദിക്കവെയാണ് അബ്​ദുൽ ഹക്കീം അസ്​ഹരി വിചിത്രവാദം ഉന്നയിച്ചത്. ഇക്കഴിഞ്ഞ ഫെബ്രുവരി 19ന്​ വെള്ളിയാഴ്​ച നടത്തിയ പരാമർശം അടങ്ങുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. നിരുത്തരവാദപരമായ പ്രസ്​താവനക്കെതിരെ വ്യാപകമായ പ്രതിഷേധമാണ്​ സൈബറിടത്തിൽ ഉയരുന്നത്​.

'റോഹിങ്ക്യൻ മുസ്​ലിംകളെയും ഫലസ്​തീൻ മുസ്​ലിംകളെയും അതിക്രൂരമായി അടിച്ചമർത്തുകയും വധിക്കുകയും രാജ്യത്ത് നിന്ന് പുറത്താക്കുകയും ചെയ്യുന്ന ചിത്രങ്ങൾ നമ്മൾ കാണുന്നു. ഇതിന് പിന്നിൽ അവിടത്തെ ഭരണകൂടങ്ങളാണ്. അവരുടെ ഇൗ ചെയ്​തികൾക്കെതിരെ ഇസ്​ലാമിക ലോകത്തെ പണ്ഡിതന്മാരും മുസ്​ലിം രാജ്യങ്ങളും എന്തുകൊണ്ട് ഒരു സമിതി ഉണ്ടാക്കി പ്രവർത്തിക്കാൻ മുന്നോട്ടുവരുന്നില്ല' എന്ന ഒരു വിദ്യാർഥിയുെട ചോദ്യത്തിനാണ് അബ്​ദുൽ ഹകീം അസ്​ഹരി ഗുജറാത്ത്​ മുസ്​ലിംകളുടെ കാര്യം കൂടി ചേർത്ത്​ മറുപടി നൽകിയത്.

മറുപടിയുടെ പൂർണരൂപം:

''ഫോട്ടോയിൽ കാണുന്നതെല്ലാം ശരിയല്ല. ഫോട്ടോയും വിഡിയോവും ആർക്കും എങ്ങനെയും ഉണ്ടാക്കാം. അതുകൊണ്ട് കാണുന്നതൊന്നും ശരിയാണെന്ന്​ നമുക്ക് വിശ്വസിക്കാൻ കഴിയില്ല. രണ്ടാമത്തേത്​, അങ്ങനെ അടി കിട്ടുകയും തൊഴി കിട്ടുകയും വീട് കത്തിക്കുകയും ചെയ്യുന്നുണ്ടെങ്കിൽ ആ നാട്ടിലെ മുസ് ലിംകൾ നമസ്കരിക്കുന്നവരായിരിക്കില്ല. പ്രവാചകൻ റസൂലുല്ലാഹി ഒരിക്കൽ പറഞ്ഞു: ഞാൻ വേറെ ആരെയെങ്കിലും നമസ്കരിക്കാൻ ഏൽപിച്ചിട്ട്​ ഇതിലെയൊക്കെ ചുറ്റിനടന്ന്​ നമസ്​കരിക്കാൻ വരാത്തവരുടെ വീടൊക്കെ ചെന്നു കരിച്ചാലോ എന്ന് ആലോചിച്ചു എന്ന്.

നമസ്കരിക്കാതിരിക്കുന്നത് അത്രയും വലിയ കുറ്റമാണ്. പക്ഷേ, നമുക്ക്​ ഇവിടെ ഒരു രാജ്യത്ത് സ്വതന്ത്രമായി അത്തരം കാര്യങ്ങൾ നടപ്പാക്കാൻ പാടില്ല. ഭരണാധികാരികളാണ് അത് നടപ്പിലാക്കേണ്ടത്. അപ്പോൾ ഗുജറാത്തിലെ ജനങ്ങൾ നമസ്കരിച്ചിട്ടില്ലെങ്കിൽ അവരുടെ വീട് ചുടണം, അവരെ കൊല്ലണം. അത് ആരാ ചെയ്യേണ്ടത്? അതിന് പറ്റിയ ആളുകളെ അല്ലാഹു അവിടെ മുഖ്യമന്ത്രിയായും പ്രധാനമന്ത്രിയായും നിയമിക്കും.

വിശ്വാസവും ആരാധനയും ഇല്ലാത്തതിന്‍റെ കാരണം കൊണ്ടാണ് ഇത്തരം വിഷയങ്ങൾ സംഭവിക്കുന്നത്. അതിനുള്ള ഒരു സമിതിയാണ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ. സമസ്ത നമസ്കാരം പഠിപ്പിക്കുന്നുണ്ട്, വഅള് നടത്തുന്നുണ്ട്, പരിപാടികൾ നടത്തുന്നുണ്ട്. അങ്ങനെ എല്ലാ നാട്ടിലും അങ്ങനെയുള്ള സംഘടനകൾ പ്രവർത്തിക്കുന്നുണ്ട്​''-അബ്​ദുൽ ഹകീം അസ്​ഹരി മറുപടിയിൽ പറയുന്നു.


Tags:    
News Summary - Gujarat, Rohingya Muslims burned for not praying; Abdul Hakeem Azhari with a strange argument

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.