കൊച്ചി: ഗുരുവായൂർ ക്ഷേത്രത്തിലെ 'കോടതി വിളക്ക്' നടത്തിപ്പിൽ ജഡ്ജിമാർ പങ്കെടുക്കുന്നത് വിലക്കി ഹൈകോടതി. കോടതികൾ ഏതെങ്കിലും പ്രത്യേക മതത്തിന്റെ പരിപാടിയിൽ ഭാഗമാകുന്നത് ശരിയല്ലെന്ന് വിലയിരുത്തി ജില്ലയുടെ ചുമതലയുള്ള ഹൈകോടതി ജഡ്ജി ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ രജിസ്ട്രാർ മുഖേന തൃശൂർ ജില്ല ജഡ്ജിക്ക് കത്തയച്ചു. ചടങ്ങിനെ 'കോടതി വിളക്ക്' എന്ന് വിളിക്കുന്നതിൽ അതൃപ്തി പ്രകടിപ്പിച്ച ഹൈകോടതി, ജില്ലയിലെ ജുഡീഷ്യൽ ഓഫിസർമാർ നേരിട്ടോ അല്ലാതെയോ നടത്തിപ്പിൽ പങ്കാളികളാകരുതെന്ന് നിർദേശിച്ചിട്ടുണ്ട്.
ഗുരുവായൂർ ഏകാദശിയുമായി ബന്ധപ്പെട്ട് ചാവക്കാട് മുൻസിഫ് കോടതി ബാർ അസോസിയേഷൻ അംഗങ്ങൾ ഉൾപ്പെടുന്ന സംഘാടകസമിതിയാണ് 'കോടതി വിളക്ക്' നടത്തുന്നത്. നൂറുവർഷം മുമ്പ് ചാവക്കാട് മുൻസിഫ് ജഡ്ജിയായിരുന്ന കേയി ആരംഭിച്ച കോടതി വിളക്ക് പിന്നീട് വന്ന മുൻസിഫുമാരും ജഡ്ജിമാരും അഭിഭാഷകരും തുടരുകയായിരുന്നു. എന്നാൽ, ചടങ്ങിന് 'കോടതി വിളക്ക്' എന്ന് പ്രയോഗിക്കുമ്പോൾ ഇതുമായി കോടതികൾക്ക് ബന്ധമുണ്ടെന്ന പ്രതീതിയുണ്ടാക്കും. അതിനാൽ, ജില്ലയിലെ ജുഡീഷ്യൽ ഓഫിസർമാർ ഇത്തരം ചടങ്ങുകളിൽ പങ്കെടുക്കുകയോ സംഘടിപ്പിക്കുകയോ ചെയ്യരുത്. അതേസമയം, ബാർ അസോസിയേഷൻ സംഘടിപ്പിച്ചാൽ എതിർപ്പില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.