പ്രിൻസിപ്പലിന്‍റെ സ്ഥലംമാറ്റം റദ്ദാക്കണം: ജി.വി രാജയിലെ വിദ്യാർഥികൾ കായിക മന്ത്രിയെ കണ്ടു 

തിരുവനന്തപുരം: ജി.വി രാജ സ്‌കൂളിലെ പ്രിൻസിപ്പൽ സി.എസ്​ പ്രദീപിനെ സ്ഥലം മാറ്റിയ നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട്  വിദ്യാർഥികൾ കായികമന്ത്രിയെ കണ്ടു. ഐ.ജി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനെ കൊണ്ട് കേസ് അന്വേഷിപ്പിക്കണം. ഇന്‍റലിജൻസ് റിപ്പോർട്ട് എന്ത് തെളിവിന്‍റെ അടിസ്ഥാനത്തിലാണ് വ്യക്തമാക്കണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് വിദ്യാർഥികൾ മന്ത്രിക്ക് നിവേദനം നൽകി. 

സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ ഉന്നതതല സംഘത്തെ നിയോഗിക്കുമെന്ന് ഉറപ്പ് ലഭിച്ചുവെന്ന് മന്ത്രിയെ കണ്ട ശേഷം വിദ്യാർഥികൾ മാധ്യമങ്ങളോട് പറഞ്ഞു. ഹോസ്​റ്റൽ ഭക്ഷണത്തിൽ നിന്നും കുട്ടികൾക്കുണ്ടായ വിഷബാധ പുറത്തറിയാതിരിക്കാന്‍ വിദ്യാർഥികളെ പൂട്ടിയിട്ടെന്ന തരത്തിലുള്ള വാർത്തകൾ തെറ്റാണ്. ചില മാധ്യമങ്ങൾ തെറ്റിദ്ധാരണ പരത്തുകയാണെന്നും വിദ്യാർഥികൾ കൂട്ടിച്ചേർത്തു. 

ഭക്ഷ്യവിഷബാധയിൽ പങ്കുണ്ടെന്ന ഇന്‍റലിജൻസ് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് പ്രിൻസിപ്പലിനെ കണ്ണൂർ സ്​പോർട്​സ്​ ഡിവിഷനിലേക്കാണ്​ സ്ഥലം മാറ്റിയത്​. പൊലീസ്​ സ്​പെഷ്യൽ ബ്രാഞ്ച്​  റി​പ്പോർട്ടിനെ തുടർന്നാണ്​ സ്ഥലം മാറ്റം.

സ്‌പോര്‍ട്‌സ് ഹോസ്റ്റലില്‍ നിന്നും  ഭക്ഷണം കഴിച്ച 60 കുട്ടികൾക്കാണ്​ ഭക്ഷ്യവിഷബാധയേറ്റത്​. കുട്ടികള്‍ അസ്വസ്ഥത പ്രകടിപ്പിച്ചിട്ടും മാതാപിതാക്കളെ വിവരമറിയിക്കുകയോ ആശുപത്രിയിലേക്കു മാറ്റുകയോ ചെയ്യാതെ ഡോക്ടറെ ഹോസ്റ്റലില്‍ കൊണ്ടുവന്നു പരിശോധിപ്പിക്കുകയായിരുന്നു. എന്നാൽ  രണ്ടു കുട്ടികള്‍ രക്തം ഛര്‍ദ്ദിച്ചതോടെ ഇവരെ പേരൂര്‍ക്കട ആശുപത്രിയിലേക്ക് മാറ്റി. പിന്നീട്​ അവശരായ 32 കുട്ടികളെയും ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍, കൃത്യസമയത്ത് വൈദ്യ സഹായമെത്തിച്ചിട്ടുണ്ടെന്നും, പറയത്തക്ക ആരോഗ്യ പ്രശ്‌നങ്ങളൊന്നും അവര്‍ക്കില്ലെന്നുമായിരുന്നു  സ്‌കൂളധികൃതരുടെ വിശദീകരണം.

വൃത്തിഹീനമായ സാഹചര്യത്തില്‍  പഴകിയ മാംസവും പച്ചക്കറികളുമാണ് പാചകം ചെയ്യുന്നതെന്ന് സ്പോര്‍ട്സ് കണ്‍‌സില്‍ കണ്ടെത്തിയിട്ടും കരാറുകാരനെ മാറ്റാന്‍ പ്രിന്‍സിപ്പല്‍ തയാറായില്ല. അനാരോഗ്യ ഭക്ഷണത്തെപ്പറ്റി സ്പോര്‍ട്സ് കൗണ്‍സില്‍ തയാറാക്കിയ റിപ്പോര്‍ട്ട് പൂ​ഴ്​ത്തിയെന്നും ആരോപണമുയർന്നിരുന്നു. 

Tags:    
News Summary - GV Raja Schoo,Principal-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.