ജി.വി. രാജ സ്പോർട്സ് എക്സലന്റ് സെന്റർ: സ്റ്റോപ് മെമ്മോ പിൻവലിച്ച് റവന്യൂ വകുപ്പ്

കഴക്കൂട്ടം: ജി.വി. രാജ സ്പോർട്സ് എക്സലന്റ് സെന്റർ പദ്ധതിക്ക് റവന്യൂ വകുപ്പ് നൽകിയ സ്റ്റോപ് മെമ്മോ പിൻവലിച്ചു. സ്റ്റോപ് മെമ്മോ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം തഹസിൽദാർ മേനംകുളം വില്ലേജ് ഓഫിസർ ബീനക്ക് കത്ത് നൽകിയതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. കഴിഞ്ഞ തിങ്കളാഴ്ചയാണ് നിർമാണം നടത്താൻ ഉദ്ദേശിക്കുന്ന ഭൂമി കായിക വകുപ്പിന്റെതല്ലെന്ന് ചൂണ്ടിക്കാട്ടി മേനംകുളം വില്ലേജ് ഓഫിസർ സ്റ്റോപ് മെമ്മോ കൊടുത്തത്.

2021ൽ കായിക വകുപ്പിന് ഭൂമി കൈമാറണമെന്ന ഉത്തരവുള്ളതിനാൽ സ്റ്റോപ് മെമ്മോ പിൻവലിക്കണമെന്ന് തഹസിൽദാർ വില്ലേജ് ഓഫിസർക്ക് നിർദേശം നൽകി. അതിനിടെ നിലവിൽ ആസ്പിരിൻ പ്ലാന്റിന്റെ പേരിലാണ് ഭൂമി തുടർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ മാത്രമേ കായികവകുപ്പിന് നൽകാൻ പാടുള്ളൂവെന്നും രാഷ്ട്രീയ സമ്മർദം കാരണമാണ് സ്റ്റോപ് മെമ്മോ പിൻവലിച്ചതെന്നും ആക്ഷേപമുണ്ട്.

തഹസിൽദാറുടെ നിർദേശപ്രകാരമാണ് വില്ലേജ് ഓഫിസർ സ്റ്റോപ് മെമ്മോ നൽകിയത്. എന്നാൽ, സ്റ്റോപ് മെമ്മോ നൽകിയ വാർത്ത ‘മാധ്യമം’ റിപ്പോർട്ട് ചെയ്തതിന് പിന്നാലെ സ്ഥലം എം.എൽ.എ വി. ശശി വില്ലേജ് ഓഫിസർ ബീനയെ ഫോണിൽ വിളിച്ച് പ്രതിഷേധം അറിയിച്ചിരുന്നു. സ്റ്റോപ് മെമ്മോ പിൻവലിച്ചെങ്കിലും ഭൂമി കായിക വകുപ്പിന്റെ പേരിലല്ലാത്തതിനാൽ നിർമാണം തുടങ്ങുന്ന കാര്യത്തിൽ ആശങ്ക നിലനിൽക്കുന്നുണ്ട്.

ഗെയിംസ് വില്ലേജ് പ്രവർത്തിച്ചിരുന്ന 28 ഏക്കറിൽ 18 ഏക്കർ ഒന്നാം പിണറായി സർക്കാറിന്റെ കാലത്താണ് സ്പോർട്സ് സെന്ററിന് ഭൂമി അനുവദിച്ചുള്ള പ്രഖ്യാപനമുണ്ടായത്. 2019 മാർച്ച് 16ന് പദ്ധതിക്ക് 56.185 കോടി രൂപയുടെ ഭരണാനുമതി നൽകുകയും കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിനു മുമ്പ് കല്ലിടുകയും ചെയ്തു. 

Tags:    
News Summary - G.V. Raja Sports Excellence Centre: Revenue Department withdraws stop memo

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.