കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതിയും നടനുമായ ദിലീപിന്‍റെ ഫോണിലെ നിർണായക വിവരങ്ങൾ നശിപ്പിച്ചയാളെന്ന് കരുതുന്ന ഐ.ടി വിദഗ്ധൻ സായ്ശങ്കറിന് ജാമ്യം. ആലുവ ഫസ്റ്റ്ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഫോണിലെ വിവരങ്ങൾ നശിപ്പിച്ചത് ഹാക്കറായ ഇയാളാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. വെള്ളിയാഴ്ച ക്രൈംബ്രാഞ്ചിന്‍റെ തൃപ്പൂണിത്തുറ ഓഫിസിലെത്തിയാ് സായ്ശങ്കർ കീഴടങ്ങിയത്.
അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിലെ ഏഴാം പ്രതിയാണ് സായ് ശങ്കർ. ആന്ധ്രയിലെ പുട്ടപർത്തിയിൽ ഒളിവിൽ കഴിയുകയായിരുന്ന ഇയാൾ വ്യാഴാഴ്ച രാത്രി വിമാനമാർഗം കൊച്ചിയിലെത്തുകയായിരുന്നു. കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫിസിലേക്ക് മാറ്റിയ ഇയാളെ വെള്ളിയാഴ്ച രാവിലെ ആലുവ ജില്ല ആശുപത്രിയിൽ കൊണ്ടുപോയി വൈദ്യപരിശോധന പൂർത്തിയാക്കുകയും കോടതിയിൽ ഹാജരാക്കുകയും ചെയ്തു.
കേസുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങൾ സായ്ശങ്കറിൽനിന്ന് ലഭ്യമാകുമെന്നാണ് ഉദ്യോഗസ്ഥർ പ്രതീക്ഷിക്കുന്നത്. രഹസ്യമൊഴി രേഖപ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്ന് എസ്.പി മോഹനചന്ദ്രൻ പറഞ്ഞു.
ദിലീപിന്‍റെ ഫോണിലെ വിവരങ്ങൾ കഴിഞ്ഞ ജനുവരി 31ന് കൊച്ചിയിലെത്തി നശിപ്പിച്ചത് സായ്ശങ്കറാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയെങ്കിലും ഹാജരായിരുന്നില്ല. ഇയാളുടെ വീട്ടിൽ റെയ്ഡ് നടത്തിയപ്പോൾ ദിലീപിന്‍റെ മൊബൈലിലെ വിവരങ്ങൾ മായ്ക്കാൻ ഉപയോഗിച്ച കമ്പ്യൂട്ടർ കണ്ടെത്തിയിരുന്നു. ഇതിൽനിന്ന് ചില വിവരങ്ങൾ ലഭിക്കുകയും ചെയ്തു.
ഇയാൾക്കായുള്ള തിരച്ചിൽ ഊർജിതമാക്കിയതിനിടെ മുൻകൂർ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചു. കോവിഡ് ലക്ഷണങ്ങളുള്ളതുകൊണ്ട് സാവകാശം വേണമെന്നും സായ്ശങ്കർ ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.