തിരുവനന്തപുരം: ഹാദിയ കേസിൽ സുപ്രീംകോടതി ആവശ്യപ്പെട്ടാൽ ഇതുസംബന്ധിച്ച വസ്തുതാന്വേഷണ റിപ്പോർട്ട് സമർപ്പിക്കുമെന്ന് കേരള വനിത കമീഷൻ അധ്യക്ഷ എം.സി. ജോസഫൈൻ അറിയിച്ചു.
പെൺകുട്ടി സ്വന്തം വീട്ടിൽ മനുഷ്യാവകാശലംഘനം അനുഭവിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കമീഷന് പരാതികൾ ലഭിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ടവരുടേതിന് പുറമെ വിവിധ മഹിള സംഘടനകളുടെ ഹരജികളും ഉണ്ട്. മാധ്യമ റിപ്പോർട്ടുകളും സോഷ്യൽ മീഡിയ ചർച്ചകളും കമീഷെൻറ ശ്രദ്ധയിലുണ്ട്. കഴിഞ്ഞദിവസം ഗേൾസ് ഇസ്ലാമിക് ഓർഗനൈസേഷെൻറ നേതൃത്വത്തിൽ ആയിരക്കണക്കിന് പേർ ഒപ്പിട്ട ഹരജിയും ലഭിച്ചു.
വനിത കമീഷൻ വീട്ടുതടങ്കലിൽ കഴിയുന്ന ഹാദിയക്കുവേണ്ടി അനുയോജ്യമായ ഇടപെടലുകൾ നടത്തണമെന്നാണ് ഹരജികളിലെ ആവശ്യം. കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തിൽ തീർപ്പുകൽപിക്കാൻ വനിത കമീഷന് പരിമിതികളുണ്ട്. അതേസമയം, നടപടിക്രമങ്ങൾ പാലിച്ചുകൊണ്ട് ഇക്കാര്യത്തിൽ വനിത കമീഷൻ വസ്തുതാന്വേഷണം നടത്തുന്നുണ്ട്.
സുപ്രീംകോടതി ആവശ്യപ്പെടുന്നപക്ഷം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനാകുമെന്നും ചെയർപേഴ്സൺ എം.സി. ജോസഫൈൻ പറഞ്ഞു. എന്നാൽ, നിയമസംവിധാനങ്ങളുടെ ഇടപെടലുകൾ ദുഷ്കരമാക്കുന്നതരത്തിൽ സാമൂഹികസംഘടനകൾ മുന്നോട്ടുപോകുന്നത് ശരിയായ നീതി വൈകി ലഭിക്കുന്നതിലാകും കലാശിക്കുക. ഇതിനാവശ്യമായ ജാഗ്രത പുലർത്താൻ എല്ലാ വിഭാഗം സംഘടനകൾക്കും ഉത്തരവാദിത്തമുണ്ടെന്നും ജോസഫൈൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.