കോട്ടയം: വൈക്കം സ്വദേശിനി ഹാദിയയെ മാതാപിതാക്കൾ വീട്ടുതടങ്കലിൽ പാർപ്പിച്ചിരിക്കുകയാണെന്ന പരാതിയിൽ അന്വേഷണത്തിന് മനുഷ്യാവകാശ കമീഷൻ ഉത്തരവ്. അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ കോട്ടയം ജില്ല പൊലീസ് മേധാവിക്ക് സംസ്ഥാന മനുഷ്യാവകാശ കമീഷൻ ആക്ടിങ് അധ്യക്ഷൻ പി. മോഹനദാസ് നിർദേശം നൽകി. യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻറ് മുനവ്വറലി ശിഹാബ് തങ്ങൾ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.
ഹൈകോടതി ഉത്തരവിെൻറ പേരിൽ ഹാദിയയുടെ മനുഷ്യാവകാശങ്ങൾ മനഃപൂർവം ധ്വംസിക്കുകയാണെന്ന പരാതി ശരിയാണെങ്കിൽ ഗൗരവതരമാണെന്ന് കമീഷൻ നിരീക്ഷിച്ചു. ഇക്കാര്യത്തിൽ വിശദ അന്വേഷണം അനിവാര്യമാണെന്നും ഉത്തരവിൽ പറഞ്ഞു. വിഷയം പരമോന്നത നീതിപീഠത്തിെൻറ പരിഗണനയിലാണെന്നും മനുഷ്യാവകാശ ലംഘനങ്ങൾ ഉണ്ടാകരുതെന്നും ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു.
ഹൈകോടതി ഉത്തരവിെൻറ പേരിൽ ഹാദിയയെ വീട്ടുതടങ്കലിലാക്കിയിരിക്കുകയാണെന്ന് പരാതിയിൽ പറയുന്നു. സുഹൃത്തുക്കളെ കാണാനോ ഇഷ്ടപ്പെട്ട മതത്തിൽ വിശ്വസിക്കാനോ മാതാപിതാക്കൾ സമ്മതിക്കുന്നില്ല. കഴിഞ്ഞ ദിവസം വൈക്കത്തെ വീട്ടിൽ ഓണസമ്മാനവുമായെത്തിയ കൂട്ടുകാരികളെ ഹാദിയയെ കാണാൻ പൊലീസ് അനുവദിച്ചില്ലെന്നും പരാതിയിൽ പറയുന്നു. ഭരണഘടന അനുവദിക്കുന്ന അവകാശങ്ങൾ മാതാപിതാക്കളും പൊലീസും ചേർന്ന് ഹാദിയക്ക് നിഷേധിക്കുകയാണെന്നും മുനവ്വറലി ശിഹാബ് തങ്ങൾ പരാതിയിൽ പറയുന്നു. കോട്ടയത്ത് നടക്കുന്ന സിറ്റിങ്ങിൽ കമീഷൻ അംഗം കെ. മോഹൻകുമാർ ഇനി കേസ് പരിഗണിക്കും.
ജി.ഐ.ഒ മുഖ്യമന്ത്രിക്ക് നിവേദനം നൽകി
കോഴിക്കോട്: ഹാദിയ സംഭവത്തിൽ സർക്കാർ നിലപാട് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ജി.ഐ.ഒ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നൽകി. ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണ് നടക്കുന്നതെന്നും അടിയന്തര ഇടപെടൽ ഉണ്ടാവണമെന്നും ഗേൾസ് ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡൻറ് അഫീദ അഹമ്മദ് ആവശ്യപ്പെട്ടു. വൈസ് പ്രസിഡൻറ് ഹാജറ, ഒ. രിസാന എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം കൈമാറിയത്. ഹാദിയയുടെ നീതിക്കു വേണ്ടിയുള്ള ജനകീയ ഒപ്പുശേഖരണത്തിൽ കേരളത്തിെൻറ സാമൂഹിക സാംസ്കാരിക മേഖലയിലെ പ്രമുഖർ ഉൾപ്പെടെ രണ്ടു ലക്ഷത്തോളം പേർ ഒപ്പുവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.