ചാവക്കാട്: പാടൂർ അറക്കൽ വീട്ടിൽ അലിമോന്റെ മകൾ ഹാഫിസ ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവ് ഒരുമനയൂർ കറുപ്പം വീട്ടിൽ നിസാറിനെതിരെ (37) കേസെടുക്കാൻ ചാവക്കാട് മജിസ്ട്രേറ്റ് കോടതി ഉത്തരവ്. ആത്മഹത്യാ പ്രേരണക്കും സ്ത്രീധനപീഡനത്തിനും കേസെടുത്ത് അന്വേഷിക്കാനാണ് കോടതി ഉത്തരവിട്ടത്.
ഒരുമനയൂരിലെ ഭർത്താവ് നിസാറിന്റെ വീട്ടിലെ കിടപ്പറയിൽ കഴിഞ്ഞ ജനുവരി 20ന് രാവിലെ ഒൻപതോടെയാണ് ഹാഫിസ് തൂങ്ങിമരിച്ചത്. ആത്മഹത്യാ പ്രേരണക്ക് കേസെടുക്കുന്നതിന് ഹാഫിസയുടെ മാതാവ് മുംതാസ് ചാവക്കാട് പൊലീസിലും ജില്ലാ പൊലീസ് മേധാവിക്കും മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകിയിരുന്നു. അതിലൊന്നും പൊലീസ് കേസെടുക്കാതെ വന്നപ്പോഴാണ് കോടതിയെ യുവതിയുടെ ബന്ധുക്കൾ കോടതിയെ സമീപിച്ചത്.
വിവാഹശേഷം കൂടുതൽ സ്വർണ്ണാഭരണങ്ങളും പണവും ആവശ്യപ്പെട്ട് ഭർത്താവും വീട്ടുകാരും ശാരീരികവും മാനസികവുമായി ഹാഫിസയെ പീഡിപ്പിച്ചു. വിവാഹസമയം നൽകിയ 60 പവൻ സ്വർണ്ണാഭരണങ്ങൾ ദുരുപയോഗം ചെയ്തു. പീഡനവിവരം വീട്ടിലറിയാതിരിക്കാൻ ഫോൺ പോലും പിടിച്ചുവെച്ചു. അതിന്റെ ഭാഗമായ മനോവിഷമം മൂലമാണ് ഹാഫിസ ആത്മഹത്യ ചെയ്തതെന്നും ആരോപിച്ചാണ് ചാവക്കാട് മജിസ്ട്രേറ്റ് കോടതിയിൽ മാതാവ് മുംതാസ് സ്വകാര്യ അന്യായം ഫയൽ ചെയ്തത്.
ആ അന്യായത്തിലാണ് ചതി, വിശ്വാസവഞ്ചന, സ്ത്രീധന പീഡനം, ആത്മഹത്യാപ്രേരണ എന്നീ കുറ്റങ്ങളിൽ ഐ.പി.സി. 406, 417, 420, 498 എ, 306, 323, 341 വകുപ്പുകൾ പ്രകാരം പ്രതിക്കെതിരെ കേസെടുക്കാൻ കോടതി ഉത്തരവിട്ടത്. ഹാഫിസ വീട്ടുകാർക്കയച്ച വാട്ട്സ്ആപ്പ് ചാറ്റുകളും ഭർത്താവിന്റെ ഉപദ്രവത്തെക്കുറിച്ചുള്ള വിവരണങ്ങളും കോടതിയിൽ ഹാജരാക്കിയിരുന്നു. കൂടാതെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മൃതശരീരത്തിലുണ്ടായിരുന്ന ചതവുകൾ പുതിയതാണെന്ന് ഡോക്ടർ വിലയിരുത്തിയിട്ടുണ്ട്.
ആദ്യം അസ്വഭാവിക മരണത്തിന് രജിസ്റ്റർ ചെയ്ത കേസ് ആത്മഹത്യാപ്രേരണക്കുള്ള ജാമ്യമില്ലാ കുറ്റമായി വീണ്ടും പൊലീസിന് അന്വേഷിക്കേണ്ടിവരും. അന്യായക്കാരി മുംതാസിനു വേണ്ടി അഡ്വ. കെ.എൻ. പ്രശാന്ത്, അഡ്വ. ഐശ്വര്യ, അഡ്വ. ഹരിദേവൻ, അഡ്വ. റീജ ജലീൽ എന്നിവർ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.