കോഴിക്കോട്: തുടർച്ചയായി അഞ്ചാംതവണ ഹജ്ജിന് അപേക്ഷിച്ചവരിൽ 65 വയസ്സ് കഴിഞ്ഞവർക്ക് ഇൗ വർഷം തന്നെ അവസരം നൽകാനുള്ള സുപ്രീംകോടതി ഉത്തരവിൽ നടപടിയില്ല. ഇതുസംബന്ധിച്ച ഒരറിയിപ്പും കേന്ദ്ര ഹജ്ജ് കമ്മിറ്റി ആസ്ഥാനത്തുനിന്ന് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി വൃത്തങ്ങൾ ‘മാധ്യമ’ത്തോട് പറഞ്ഞു.
തുടർച്ചയായി അഞ്ചുതവണ ഹജ്ജിന് അപേക്ഷിക്കുന്നവർക്ക് നൽകിവന്ന മുൻഗണന കേന്ദ്രസർക്കാർ നിർത്തലാക്കിയതിനെതിരെ സംസ്ഥാന ഹജ്ജ് കമ്മിറ്റിയും അഞ്ചാംതവണ അപേക്ഷിച്ചവരും സുപ്രീംകോടതിയെ സമീപിച്ചതിനെ തുടർന്നാണ് വിധിയുണ്ടായത്. 65 കഴിഞ്ഞവർക്ക് അവസരം നൽകിക്കൊണ്ട് ഇടക്കാല ഉത്തരവ് നൽകുകയായിരുന്നു. മാർച്ച് 13ന് സുപ്രീംകോടതി വിധിയുണ്ടായെങ്കിലും ഇതുസംബന്ധിച്ച നടപടികളൊന്നും കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല.
19,000 പേരാണ് തുടർച്ചയായി അഞ്ചാംതവണ അപേക്ഷിച്ചത്. ഇതിൽ 65 കഴിഞ്ഞവരുടെ എണ്ണം 1,965. കേരളത്തിൽനിന്ന് ആയിരത്തോളം പേർ ഉണ്ടാവും. നടപടിക്രമങ്ങൾ കഴിഞ്ഞ് ഇവരിൽ എത്രപേർ പോകാൻ സന്നദ്ധമാവുമെന്നത് അധികൃതരെ കുഴക്കുന്നുണ്ട്. കാരണം, ഒരേ കവറിൽ അപേക്ഷിച്ചവരിൽ 65 വയസ്സ് തികഞ്ഞവരും തികയാത്തവരും ഉണ്ടാകും. തങ്ങളോടൊപ്പം അപേക്ഷിച്ച 65 വയസ്സിൽ താഴെയുള്ളവരെ ഒഴിവാക്കി ഒറ്റക്കാണ് ഇവർ പോകേണ്ടത്.
ഭർത്താവിന് 65 വയസ്സ് കഴിയുകയും അതേ കവറിൽ അപേക്ഷിച്ച ഭാര്യക്ക് 65 തികയാതിരിക്കുകയും ചെയ്താൽ ഭാര്യയെ ഒഴിവാക്കി വേണം പോകാൻ. 65 കഴിഞ്ഞ് പ്രായത്തിെൻറ അവശത അനുഭവിക്കുന്നവർക്കൊപ്പം സഹായത്തിന് പോകുന്ന 65ൽ താഴെയുള്ളവരും പുറത്താകും. അതുകൊണ്ടുതന്നെ കോടതിവിധിയുടെ ഗുണഫലം 65 കഴിഞ്ഞ ബഹുഭൂരിഭാഗത്തിനും ലഭിക്കാനിടയില്ല. ഇതിനുപുറമെയാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റി ഇൗ വിഭാഗത്തിൽപ്പെട്ടവരുടെ നടപടിക്രമങ്ങൾ അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.