നെടുമ്പാശ്ശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴിൽ നെടുമ്പാശ്ശേരി ഹജ്ജ് ക്യാമ്പിൽനിന്ന് 413 പേർ ഹജ്ജിന് തിങ്കളാഴ്ച യാത്ര തിരിച്ചു. രാവിലെ സൗദി എയർലൈൻസിന്റെ വിമാനത്തിൽ 144 പുരുഷന്മാരും 269 സ്ത്രീകളുമടങ്ങുന്ന തീർഥാടക സംഘമാണ് പുറപ്പെട്ടത്. ഇതിൽ 164 പേർ ലക്ഷദ്വീപിൽ നിന്നുള്ളവരാണ്. തമിഴ്നാട്ടുകാരായ രണ്ടുപേരും യാത്ര തിരിച്ചിട്ടുണ്ട്.
രാവിലെ ഹജ്ജ് ക്യാമ്പിൽ നടന്ന യാത്രയയപ്പിൽ ദേശീയ ഹജ്ജ് കമ്മിറ്റി ചെയർമാൻ എ.പി. അബ്ദുല്ലക്കുട്ടി, ലക്ഷദീപ് എം.പി മുഹമ്മദ് ഫൈസൽ, മുൻ എം.എൽ.എ എ.എം. യൂസഫ്, ഹജ്ജ് കമ്മിറ്റി അംഗം സഫർ എ. കയാൽ, റിട്ട. എസ്.പി അബ്ദുൾ കരീം, ഹജ്ജ് കമ്മിറ്റി കൺവീനർ ടി.കെ. സലീം എന്നിവർ സംബന്ധിച്ചു.
നെടുമ്പാശ്ശേരി: ലക്ഷദ്വീപിൽനിന്ന് ഹജ്ജ് സർവിസ് ആരംഭിക്കുമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാൻ എ.പി. അബ്ദുല്ലക്കുട്ടി. ലക്ഷദ്വീപിൽ വലിയ വിമാനങ്ങൾ ഇറങ്ങാൻ പരിമിതിയുണ്ട്. വിമാനത്താവള വികസനത്തിന് കേന്ദ്ര സർക്കാർ ശ്രമിക്കുന്നുണ്ട്.
ഇത് സാധ്യമായില്ലെങ്കിൽ ഹജ്ജിന്റെ നടപടിക്രമങ്ങളെല്ലാം ലക്ഷദ്വീപിൽ പൂർത്തിയാക്കി തീർഥാടകരെ നെടുമ്പാശ്ശേരിയിലെത്തിച്ച് അവിടെനിന്ന് യാത്രയാക്കും. നിലവിൽ കപ്പലിലും ബസിലും മറ്റുമായി ലക്ഷദ്വീപിൽനിന്നുള്ളവർ ഏറെ കഷ്ടപ്പെടുന്നുണ്ട്. ഹജ്ജ് എമ്പാർക്കേഷൻ പോയന്റ് കൂട്ടിയത് സർക്കാറിന്റെ ചെലവ് വർധിക്കാനിടയാക്കിയെന്ന ആക്ഷേപത്തിൽ കഴമ്പില്ല.
ഹജ്ജ് ക്യാമ്പിലെ ഭക്ഷണമുൾപ്പെടെ പല ചെലവും സ്പോൺഷിപ്പാണ്. സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകൾ പലതും കേരളത്തിൽ അമിതമായ നിരക്ക് ഈടാക്കുന്നുണ്ടെന്നത് സത്യമാണ്. കൂടുതൽ പേരെ ഹജ്ജ് കമ്മിറ്റി വഴി കൊണ്ടുപോകാൻ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.