കരിപ്പൂർ: കേന്ദ്ര ഹജ്ജ് കമ്മിറ്റി ഈ വർഷത്തെ ഹജ്ജ് ക്വോട്ട പ്രഖ്യാപിച്ചു. സംസ്ഥാനത്തുനിന്ന് 5747 പേർക്കാണ് അവസരം. കേന്ദ്ര ഹജ്ജ് കമ്മിറ്റി വഴി 56,601 സീറ്റ് ലഭിച്ചതിൽ 55,164 സീറ്റാണ് വിവിധ സംസ്ഥാനങ്ങൾക്കായി വീതിച്ചുനൽകിയത്. ഇതിൽനിന്നാണ് സംസ്ഥാനത്തിന് 5747 ക്വാട്ട ലഭിച്ചത്.
മറ്റു സംസ്ഥാനങ്ങളിൽനിന്ന് ഒഴിവുവരുന്ന സീറ്റുകളുംകൂടി ലഭിച്ചാൽ കേരളത്തിൽനിന്ന് കൂടുതൽ പേർക്ക് അവസരം ലഭിച്ചേക്കാം. ഏപ്രിൽ 26നും 30നും ഇടയിലായി നറുക്കെടുപ്പിലൂടെ തീർഥാടകരെ തെരഞ്ഞെടുക്കും. 12,806 പേരാണ് ഇക്കുറി സംസ്ഥാനത്തുനിന്ന് അപേക്ഷ നൽകിയിരുന്നത്.
എന്നാൽ, 65 വയസ്സിന് മുകളിലുള്ളവർക്ക് സൗദി അറേബ്യ അയോഗ്യത ഏർപ്പെടുത്തിയതോടെ 2000ത്തോളം പേർക്ക് അവസരം നഷ്ടമായി. ഇതിനു പകരം പുതുതായി അപേക്ഷ ക്ഷണിച്ചിരുന്നു. ഇതിന്‍റെ സമയപരിധി വെള്ളിയാഴ്ച അവസാനിച്ചു. ഇതിൽ പുതുതായി 250ഓളം അപേക്ഷ ലഭിച്ചു. ഇക്കുറി 12,000ത്തോളം അപേക്ഷകളുണ്ടാകുമെന്ന് ഹജ്ജ് കമ്മിറ്റി അധികൃതർ അറിയിച്ചു. കൃത്യമായ കണക്ക് ലഭ്യമായിട്ടില്ലെന്നും അവർ വ്യക്തമാക്കി.
നറുക്കെടുപ്പിനു ശേഷം തെരഞ്ഞെടുക്കപ്പെടുന്നവർ പാസ്പോർട്ടും മുഴുവൻ പണവും നൽകണം. ഓരോ കവറിലും അടക്കേണ്ട തുക നറുക്കെടുപ്പിനു ശേഷം ഹജ്ജ് കമ്മിറ്റി വെബ്‌സൈറ്റിൽ ലഭ്യമാവുമെന്നും കൃത്യമായ തീയതി പിന്നീട് അറിയിക്കുമെന്നും അധികൃതർ അറിയിച്ചു.
2019ന് ശേഷം ഈ വർഷമാണ് ഇന്ത്യയിൽനിന്ന് ഹജ്ജ് തീർഥാടനത്തിന് അവസരം ലഭിക്കുന്നത്. കഴിഞ്ഞ രണ്ടു വർഷവും കോവിഡ് പശ്ചാത്തലത്തിൽ വിദേശ തീർഥാടകരെ സൗദി അനുവദിച്ചില്ല. ഇക്കുറി കർശന മാനദണ്ഡങ്ങൾ പ്രകാരമാണ് അനുമതി.
സൗദി അംഗീകരിച്ച രണ്ട് ഡോസ് വാക്സിൻ എടുക്കണം, യാത്രക്ക് മുമ്പ് പി.സി.ആർ പരിശോധന വേണം. 65 വയസ്സിന് താഴെയുള്ളവർക്കാണ് അനുമതി. ഹജ്ജിന് ഇന്ത്യയിൽനിന്ന് 79,237 പേർക്കാണ് ഇക്കുറി അനുമതിയുള്ളത്. കേന്ദ്ര ഹജ്ജ് കമ്മിറ്റി ക്വാട്ടക്ക് ശേഷമുള്ളത് സ്വകാര്യ ഗ്രൂപ്പുകൾക്കാണ് അനുവദിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.