മുംബൈ: സർക്കാർ േക്വാട്ടയിൽ ഹജ്ജിന് പോകുന്നവർക്കുള്ള സബ്സിഡി 2022 ഒാടെ നിർത്തലാക്കാൻ ഹജ്ജ് നയ പുനരവലോകന സമിതി ആവശ്യപ്പെടുന്നതായി റിപ്പോർട്ട്. എന്നാൽ, മുംബൈയിൽ നടന്ന റിപ്പോർട്ട് സമർപ്പണ ചടങ്ങിൽ ശിപാർശകൾ വിവരിക്കുന്നതിനിടെ സമിതി അധ്യക്ഷൻ ജിദ്ദ മുൻ കോൺസൽ ജനറൽ അഫ്സൽ അമാനുല്ല ഇതേകുറിച്ച് ഒന്നും പറഞ്ഞില്ല. സദസ്സിൽ വിതരണം ചെയ്ത ശിപാർശകളടങ്ങിയ പത്രക്കുറിപ്പിലും ഇത് സംബന്ധിച്ച വിവരങ്ങളില്ല. 2022ഒാടെ സബ്സിഡി നിർത്തലാക്കാൻ 2012ൽ സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. അന്നത്തെ കോടതി നിർദേശ പ്രകാരമാണ് പുനരവലോകന കമ്മിറ്റി.
കമ്മിറ്റിയുടേത് ശിപാർശ മാത്രമാണെന്നും ഇന്ത്യൻ ഹജ്ജ് കമ്മിറ്റി വിഷയം ചർച്ചചെയ്യേണ്ടതുണ്ടെന്നും റിപ്പോർട്ട് സമർപ്പണ ചടങ്ങിൽ ഹജ്ജ് കമ്മിറ്റി അംഗം ഇ.ടി. മുഹമ്മദ് ബഷീർ എം.പി പറഞ്ഞു. വിശദമായ റിപ്പോർട്ട് കിട്ടിയിട്ടില്ല. 70 വയസ്സിലേറെ പ്രായമുള്ളവർക്കും മുമ്പ് അവസരം കിട്ടാതെ നാലാം തവണ അപേക്ഷിക്കുന്നവർക്കുമുള്ള സംവരണം റദ്ദാക്കുന്നത് ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു.
ഇക്കഴിഞ്ഞ ഹജ്ജ് സീസണിൽ മദീനയിൽ ചട്ടം ലംഘിച്ച് ദൂരത്ത് താമസം ഒരുക്കുകയും ഹാജിമാർക്ക് അർഹിക്കുന്ന സൗകര്യങ്ങൾ നൽകാതിരിക്കുകയും ചെയ്ത സംഭവത്തിൽ നടപടി വേണമെന്ന് ഇ.ടി. മുഹമ്മദ് ബഷീർ വെള്ളിയാഴ്ച നടന്ന ഹജ്ജ് കമ്മിറ്റി യോഗത്തിൽ ആവശ്യപ്പെട്ടിരുന്നു. കപ്പൽ മാർഗം ഹജ്ജ് യാത്രയെന്ന ആശയത്തിൽ സൗദി സർക്കാറുമായി ചേർന്ന് കൂടുതൽ പഠിക്കണമെന്നാണ് സമിതി ആവശ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.