തിരുവനന്തപുരം: അഞ്ചുവർഷംകൊണ്ട് ഹജ്ജ് സബ്സിഡി ഇല്ലാതാകുമെന്നിരിക്കെ അതിനുമുമ്പുതന്നെ കേന്ദ്രസർക്കാർ തീരുമാനമെടുത്തത് നരേന്ദ്ര മോദി സർക്കാറിെൻറ ന്യൂനപക്ഷവിരുദ്ധ നിലപാടിെൻറ തുടർച്ചയാണെന്ന് സംസ്ഥാന ഹജ്ജ്, വഖഫ് കാര്യ ചുമതലയുള്ള മന്ത്രി ഡോ. കെ.ടി. ജലീൽ പറഞ്ഞു. സ്വാഭാവിക മരണം കാത്തുകിടക്കുന്ന ഒരാളെ കഴുത്തു ഞെരിച്ചുകൊല്ലുന്ന നടപടിയാണിത്. ബഹുമത സാമൂഹിക ഘടന നിലനിൽക്കുന്ന രാജ്യത്ത് ജനങ്ങൾക്കിടയിൽ സൗഹൃദം വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യക്ക് പുറത്തേക്കുള്ള തീർഥാടനത്തിന് പോകുന്ന എല്ലാ മതവിഭാഗങ്ങൾക്കും സബ്സിഡി നൽകാൻ സ്വാതന്ത്ര്യാനന്തര സർക്കാർ തീരുമാനിച്ചത്.
സുപ്രീംകോടതി ഇടപെടലിനെ തുടർന്ന് കഴിഞ്ഞ അഞ്ചു വർഷമായി സബ്സിഡി കുറച്ചുകൊണ്ടുവരുകയാണ്. ഇപ്പോൾ കേവലം 10,000 രൂപ മാത്രമാണ് സബ്സിഡി. വരുംവർഷങ്ങളിൽ 2000 രൂപ വീതം കുറക്കുന്നതോടെ 2023ഒാടെ സബ്സിഡി പൂർണമായും ഇല്ലാതാകും. ഇൗ സബ്സിഡി പാവപ്പെട്ട മുസ്ലിം പെൺകുട്ടികളുടെ വിദ്യാഭ്യാസ ആവശ്യത്തിന് ഉപയോഗിക്കുമെന്നാണ് സർക്കാർ പറയുന്നത്. അങ്ങനെയെങ്കിൽ 2023നു ശേഷം പദ്ധതി തുടരുമോ എന്ന് സർക്കാർ വ്യക്തമാക്കണം. വരുന്ന ഒാരോ വർഷവും സബ്സിഡി തുകയിൽ കുറവു വരുേമ്പാൾ പാവപ്പെട്ട മുസ്ലിം പെൺകുട്ടികളുടെ വിദ്യാഭ്യാസ സഹായ ഫണ്ടിൽ കുറവു വരുമോ എന്നും കേന്ദ്രസർക്കാർ വ്യക്തമാക്കണം. മോദി സർക്കാർ തുടരുന്ന ന്യൂനപക്ഷവിരുദ്ധ നിലപാടിന് ശക്തിപകരുന്നതാണ് ഇൗ തീരുമാനമെന്നും ഇതു സർക്കാർ പുനഃപരിശോധിക്കണമെന്നും മന്ത്രി ജലീൽ പറഞ്ഞു.
തീരുമാനം ദുരുദ്ദേശ്യപരം –ചെന്നിത്തല
തിരുവനന്തപുരം: അനാവശ്യ ധിറുതികാട്ടി കേന്ദ്രസർക്കാർ എടുത്ത തീരുമാനം ദുരുദ്ദേശ്യപരമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സുപ്രീംകോടതി വിധിയനുസരിച്ച് ഹജ്ജ് സബ്സിഡി നിർത്തലാക്കാൻ 2022 വരെ സമയമുണ്ടായിരിക്കെ പെെട്ടന്നെടുത്ത ഇൗ തീരുമാനത്തിന് പിന്നിൽ പ്രത്യേക അജണ്ടയുണ്ട്. ഹജ്ജ് യാത്രയിലെ വിമാനക്കമ്പനികളുടെ കൊള്ള അവസാനിപ്പിക്കാൻ നടപടി സ്വീകരിച്ചിട്ടില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
അവസാനിപ്പിക്കേണ്ടത് വിമാനക്കമ്പനികളുടെ കൊള്ള–കെ.പി.എ. മജീദ്
കോഴിക്കോട്: ഹജ്ജ് തീർഥാടകര്‍ക്കുള്ള സബ്സിഡി ഘട്ടം ഘട്ടമായി 10 വര്‍ഷത്തിനകം നിര്‍ത്തലാക്കണമെന്ന സുപ്രീംകോടതി നിര്‍ദേശം ധിറുതി പിടിച്ച് നടപ്പാക്കിയ കേന്ദ്ര സര്‍ക്കാര്‍ ന്യൂനപക്ഷ വിരുദ്ധതയുടെ ആവര്‍ത്തിച്ചുള്ള പ്രഖ്യാപനമാണ് നടത്തുന്നതെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്. വിമാനക്കമ്പനികളുടെ കഴുത്തറുപ്പന്‍ നിരക്കിന് കടിഞ്ഞാണിടാതെ ഏകപക്ഷീയമായി സബ്സിഡി നിര്‍ത്തുന്നതായ പ്രഖ്യാപനം തെറ്റിദ്ധാരണ പരത്തുന്നതാണ്. ഹജ്ജ് യാത്രക്കാരില്‍നിന്ന് വിമാനക്കമ്പനികള്‍ കൊള്ളനിരക്കാണ് ഈടാക്കുന്നത്. വിമാനക്കമ്പനികളില്‍നിന്ന് ആഗോള ടെൻഡര്‍ ക്ഷണിച്ച് കുറഞ്ഞ നിരക്ക് സാധ്യമാക്കിയാല്‍ മാത്രം ഇപ്പോഴത്തെ സബ്സിഡിയെക്കാള്‍ തീർഥാടകര്‍ക്ക് ഗുണം ചെയ്യും. സബ്സിഡി തുക മുസ്ലിം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ചെലവഴിക്കുമെന്ന കേന്ദ്ര ഹജ്ജ് മന്ത്രിയുടെ പ്രഖ്യാപനം ശുദ്ധ തട്ടിപ്പാണെന്നും കെ.പി.എ. മജീദ് അഭിപ്രായപ്പെട്ടു.
നടപടി വിവേചനപരം –എസ്.വൈ.എസ്
കോഴിക്കോട്: സ്വതന്ത്ര ഭാരതത്തില്‍ വിവിധ മതവിഭാഗങ്ങള്‍ക്ക് ലഭിച്ചുവന്നിരുന്ന സഹായങ്ങളില്‍നിന്ന് മുസ്ലിംകളെ മാത്രം മാറ്റിനിര്‍ത്തുന്ന ബി.ജെ.പി സര്‍ക്കാർ നടപടി വിവേചനപരവും മതനിരപേക്ഷതക്കു നിരക്കാത്തതുമാണെന്ന് എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി മുഹമ്മദ്കോയ ജമലുല്ലൈലി തങ്ങള്‍, വര്‍ക്കിങ് സെക്രട്ടറിമാരായ അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, പിണങ്ങോട് അബൂബക്കര്‍ എന്നിവര്‍ പ്രസ്താവനയിൽ പറഞ്ഞു.ബി.ജെ.പി ഗവണ്‍മെൻറ് ഭരണഘടനയും പാരമ്പര്യവും മറക്കരുതെന്നും രാജനീതി വിസ്മരിക്കരുതെന്നും നേതാക്കള്‍ പറഞ്ഞു.
ഹജ്ജ് സബ്സിഡി: കേന്ദ്ര സർക്കാർ തീരുമാനം അപലപനീയം -കേരള മുസ്ലിം ജമാഅത്ത്
കോഴിക്കോട്: ഹജ്ജ് സബ്സിഡി നിർത്തലാക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനെത്ത കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രേട്ടറിയറ്റ് അപലപിച്ചു. ലക്ഷക്കണക്കിന് തീർഥാടകരെ പ്രതിസന്ധിയിലാക്കുന്ന ഈ തീരുമാനം പുനഃപരിശോധിക്കണം. ഒരു മാനദണ്ഡവുമില്ലാതെ വിമാനക്കമ്പനികൾ ഈടാക്കുന്ന വൻ തുകയാണ് തീർഥാടകർ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. ഇതിന് പരിഹാരം കാണാതെ കാലങ്ങളായി രാജ്യം തീർഥാടകർക്ക് അനുവദിച്ച സബ്സിഡി നിർത്തലാക്കിയത് നീതീകരിക്കാനാകാത്തതാണ്. ഇബ്റാഹീം ഖലീലുൽ ബുഖാരിയുടെ അധ്യക്ഷതയിൽ ചേർന്ന സെക്രേട്ടറിയറ്റ് അബ്ദുറഹ്മാൻ ഫൈസി ഉദ്ഘാടനം ചെയ്തു. സി. മുഹമ്മദ് ഫൈസി, പ്രഫ. കെ.എം.എ. റഹീം, എ.കെ. ഇസ്മാഈൽ വഫ, പ്രഫ. യു.സി. അബ്ദുൽ മജീദ്, എൻ. അലി അബ്ദുല്ല എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.