കൊണ്ടോട്ടി: 2018ലെ ഹജ്ജ് അപേക്ഷകരുടെ എണ്ണത്തിൽ വൻകുറവ്. ലഭ്യമായ കണക്ക് പ്രകാരം 68,876 അപേക്ഷകൾ മാത്രമാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന പോകാൻ ലഭിച്ചത്. മുൻവർഷത്തേക്കാൾ 26,360 അപേക്ഷകരാണ് കുറഞ്ഞത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് അപേക്ഷ സമയം അവസാനിച്ചത്.
അടുത്തയാഴ്ച മാത്രമേ അന്തിമ കണക്കുകൾ പുറത്തുവരൂ. പുതിയ ഹജ്ജ് നയത്തിലെ നിർദേശങ്ങളാണ് അപേക്ഷകൾ കുറയാൻ കാരണം. 2017ൽ കേരളത്തിൽനിന്ന് 95,236ഉം 2016ൽ 76,417ഉം അപേക്ഷകളാണ് ലഭിച്ചത്. പുതിയ ഹജ്ജ് നയപ്രകാരം അഞ്ചാം വർഷ അപേക്ഷകർക്കുള്ള മുൻഗണന ഒഴിവാക്കിയതാണ് അപേക്ഷകൾ കുറയാനുള്ള പ്രധാന കാരണം. നേരത്തേ ഒാരോ വർഷവും അപേക്ഷിക്കുന്നതിനനുസരിച്ച് തൊട്ടടുത്ത വർഷങ്ങളിൽ നൽകിയിരുന്ന മുൻഗണന ഒഴിവാക്കിയതും അപേക്ഷകർ കുറയാൻ കാരണമായി.
ഇൗ വർഷം വരെ 70 വയസ്സിന് മുകളിലുള്ളവർക്കും അഞ്ചാം വർഷ അപേക്ഷകർക്കും നറുക്കെടുപ്പില്ലാതെ നേരിട്ട് അവസരം നൽകിയിരുന്നു. 2018 മുതൽ 70 വയസ്സിന് മുകളിലുള്ളവർക്ക് മാത്രമാണ് നേരിട്ട് അവസരം. ബാക്കിയുള്ളവരെയെല്ലാം ജനറൽ വിഭാഗത്തിൽ ഉൾപ്പെടുത്തി നറുക്കെടുപ്പിലൂടെയാണ് തെരഞ്ഞെടുക്കുക. കേരളത്തിന് അനുവദിച്ച ക്വോട്ട പ്രകാരം ഏകദേശം 7,000ത്തോളം സീറ്റുകൾ മാത്രമേ ലഭിക്കൂ.
വിവിധ സംസ്ഥാനങ്ങൾക്കായി നീക്കിവെച്ച ക്വോട്ടയിൽ ബാക്കിയുള്ളവ കൂടുതൽ അപേക്ഷകരുള്ള സംസ്ഥാനങ്ങൾക്ക് നൽകണമെന്ന് ഹജ്ജ് നയത്തിൽ നിർേദശമുണ്ട്. ഇപ്രകാരം സംസ്ഥാനത്തിന് കുറച്ചുസീറ്റുകൾ കൂടി അധികമായി ലഭിച്ചേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.